വരുമോ ചൈനയിൽനിന്ന്...

Does Global Firms Shift From China To India
SHARE

നാലാളു കൂടുന്നിടത്തും ചാറ്റ് ഗ്രൂപ്പുകളിലുമൊക്കെ ചർച്ചന്നെ ചർച്ച. വിഷയം–ചൈനയിൽ നിന്നു ബഹുരാഷ്ട്ര കമ്പനികൾ കൂടും കുടുക്കയുമെടുത്ത് ഇന്ത്യയിലേക്കു കൂടിയേറുമോ? ഇക്കാലത്ത് ഏതു വിഷയത്തിലും അഭിപ്രായങ്ങൾ ചായ്‌വ് അനുസരിച്ചാണു പുറത്തുവരിക. സോഷ്യൽ മീഡിയയിൽ കുറേ വാക്കുകൾ ഇറങ്ങിയിട്ടുണ്ട്– കൊങ്ങി, അന്തം കമ്മി, സംഘി,സുഡാപ്പി... ബെല്യ സാമ്പത്തിക, വ്യവസായ വിദഗ്ധരായി അഭിനയിക്കുന്നവരുടെയൊക്കെ മനസ്സിന്റെ ആരും കാണാത്ത ബി നിലവറ തുറക്കുന്നത് ഇത്തരം ചാറ്റ് ഗ്രൂപ്പുകളിലെ അഭിപ്രായങ്ങളിലാണ്. കേട്ടാലറിയാം സംഘിയോ കൊങ്ങിയോ കമ്മിയോ സുഡാപ്പിയോ...!

ഇന്ത്യയിലേക്ക് ആരും വരാൻ പോകുന്നില്ലെന്നു പറയുന്നവരുടെയും സർവ ചൈനീസ് കമ്പനികളും ഇങ്ങോട്ടു വരുമെന്നു പറയുന്നവരുടെയും ചായ്‌വ് മനസ്സിലായല്ലോ. ഇതിനെല്ലാം വളരെ ലോജിക്കലായി കണക്കുകളും പോയിന്റുകളും അവതരിപ്പിക്കുകയും ചെയ്യും. സ്വകാര്യ ഗ്രൂപ്പുകളിൽ ആരും മാന്യത വിടാറില്ല, പക്ഷേ ആർക്കും കേറാവുന്ന പൊതു ഗ്രൂപ്പുകളിലാണെങ്കൽ സത്രത്തിൽ വച്ചു പൊതി അഴിച്ചതുപോലായിപ്പോകും. ചർച്ച ആകെ ചച്ചളം!

ചൈനയിലെ സ്ഥിതി പരമദയനീയമായിക്കൊണ്ടിരിക്കുന്നു. കയറ്റുമതി മാത്രം ലക്ഷ്യമാക്കി നടത്തിയിരുന്ന കമ്പനികൾ കൊറോണക്കാലം കഴിഞ്ഞു തുറന്നെങ്കിലും ഒറ്റ ഓർഡറില്ല. വിരോധം മൂലം യൂറോപ്പും അമേരിക്കയും ഒറ്റ സാധനം ചൈനയിൽനിന്നു വാങ്ങുന്നില്ല. സകലതും പൂട്ടി. 8 കോടി തൊഴിലാളികൾക്ക് പണി പോയെന്നാണു കണക്ക്. ഇതു ചൈനക്കാരുടെ തന്നെ കമ്പനികളായതിനാൽ ഇന്ത്യയിലേക്കു വരുമെന്നു പ്രതീക്ഷിക്കേണ്ട. 

ചെലവു കുറവും മാസ് പ്രൊഡക്‌ഷൻ സൗകര്യവും നോക്കി ചൈനയിൽ കുടിയേറിയ യൂറോപ്യൻ– അമേരി ക്കൻ, ജാപ്പനീസ്,കൊറിയൻ കമ്പനികളാണ് കൂടുമാറാൻ നോക്കുന്നത്. ജപ്പാൻ സർക്കാർ അവരുടെ കമ്പനി കൾ വേറേ ഏതു നാട്ടിലും പോയി റീ ലൊക്കേറ്റ് ചെയ്യുന്നതിന് 220 കോടി ഡോളർ സഹായം പ്രഖ്യാപിച്ചി ട്ടുണ്ട്. വിയറ്റ്നാമും ഫിലപ്പീൻസും തായ്‌വാനും തായ്‌ലൻഡുമൊക്കെ അവരുടെ ഇഷ്ടലൊക്കേഷനുകൾ. ഇന്ത്യയിലേക്ക് ദേ 200 കമ്പനികൾ വരുന്നെന്ന് ആദ്യം കേട്ടിരുന്നത് ഇപ്പോൾ ആയിരം ആയി മാറിയിട്ടുണ്ട്. 

മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യ സംസ്ക്കരണം, ലതർ,  ഓട്ടോപാർട്ട്, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിങ്ങനെ 550 ഉത്പന്നങ്ങൾക്ക്  ഇന്ത്യ മുൻഗണന കൊടുക്കുന്നുണ്ടത്രെ. മെയ്ക് ഇൻ ഇന്ത്യ എന്നൊരു പദ്ധതിയുണ്ടാക്കിയിട്ട് അഞ്ചാറുകൊല്ലമായി പച്ച തൊട്ടിട്ടില്ലാത്ത സ്ഥിതിക്ക് ഇതൊരു അവസരമാണ്. 

ഒടുവിലാൻ∙ ചൈനയിൽനിന്നു കമ്പനികളെ കൊണ്ടു വരാൻ തമിഴ്നാടും ഗുജറാത്തും യുപിയുമൊക്കെ പണി തുടങ്ങിയിട്ടുണ്ട്. ഫ്രീയായി സ്ഥലം മുതൽ എന്തൊക്കെ വേണം അതൊക്കെ കൊടുക്കാൻ റെഡി. ‘എന്തു നൽകണം ഞാൻ ഇനിയുമെന്തു നൽകണം...’ എന്നു സിനിമാ പാട്ടിൽ പറയും പോലാണ്. കേരളം ഇതൊന്നും കണ്ട മട്ടില്ല.

 English Summary : Does Global Firms Shift From China To India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA