മടുക്കുന്നു മുറിയടച്ചിരുന്നു ജോലി

work-from-home
SHARE

ജീവിതാഭിലാഷം സാധിച്ചിട്ട് വിശ്രമിക്കുകയാണ് അപ്പൂപ്പൻ. നഗരമധ്യത്തിലുണ്ടായിരുന്ന സ്ഥലത്ത് ഓഫിസ് കം കമേഴ്സ്യൽ കോംപ്ലക്സ് പണിതു. ആദ്യ രണ്ടു നിലകൾ കടകൾക്ക്, മുകളിലേക്ക് ഓഫിസ്. ആകെയൊ രു കട മാത്രമാണ് കോവിഡിനു മുൻപു വാടകയ്ക്കു പോയത്. ഇനി ബാക്കിയുള്ള നിലകൾ എങ്ങനെ നിറയും? 

ഇതേ പ്രശ്നം മിക്കവാറും ബിസിനസ് രംഗങ്ങളിലുണ്ട്. കൺവൻഷൻ സെന്റർ എന്ന പേരിൽ, കൺവൻഷ നുകളൊന്നും നടക്കാനിടയില്ലാത്ത ചെറിയ പട്ടണത്തിൽ എസി കല്യാണഹാൾ പണിത ഗൾഫ് മലയാളിയും ടെൻഷൻ മൂത്തിരിക്കുകയാണ്. ഒറ്റ കല്യാണമില്ല. 3 മാസം മുൻപു പണി തീർത്തപ്പോൾ മുതൽ തുരുതുരാ കല്യാണ ബുക്കിങ്ങുകളായിരുന്നു. ലക്ഷങ്ങളാണേ വാടക! കല്യാണമാകുമ്പോൾ കാശ് ആർക്കും പ്രശ്നമല്ല. പക്ഷേ 50 പേരെ വച്ചു കല്യാണം നടത്താൻ വമ്പൻ ഹാളെന്തിന്?

ലോക്ഡൗൺ കഴിയുമ്പോൾ ആയിരവും രണ്ടായിരവും പേർ പങ്കെടുക്കുന്ന കല്യാണങ്ങൾ തിരിച്ചു വരുമായി രിക്കും. മുടങ്ങിക്കിടക്കുന്ന കല്യാണങ്ങളെല്ലാം കൂടി വന്ന് ഹാളിനു ബുക്കിങ് കിട്ടാൻ ഇടിയായിരിക്കും എന്നൊക്കെ ആശിച്ചിരിക്കാനേ പറ്റൂ. ഓഫിസ് കെട്ടിടങ്ങളുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ടെക്നോ പാർക്കിലും ഇൻഫൊപാർക്കിലും തൽക്കാലം  പുതിയ കെട്ടിടങ്ങൾ പണിയുന്നില്ല. വേണമെങ്കിൽ നഗരത്തിൽ തന്നെ വാടകയ്ക്കെടുത്തു കൊടുക്കാമെന്നായി. 

ഐടി പാർക്കിന്റെ ബ്രാൻഡിങ് ഉള്ള കെട്ടിടമായാൽ പോരേ? വൻ ബഹുരാഷ്ട്ര ഐടി കമ്പനികൾ റിമോട്ട് ഓഫിസ് സ്ഥിരം പരിപാടിയാക്കാൻ പോകുന്നത്രെ. അതിവേഗ ഇന്റർനെറ്റും സ്മാർട് ഫോണും ആപ്പുകളും വന്നതോടെ ഇതു താനെ സംഭവിക്കുമായിരുന്നു. കൊറോണ ഒരു നിമിത്തമായെന്നു മാത്രം. എല്ലാവരും യാത്ര സൈക്കിളിലാക്കിയാലെന്തു സംഭവിക്കുമെന്നൊരു വിഡിയോ കുറേ കാലം മുമ്പുണ്ടായിരുന്നു. കാറും ബൈക്കും സ്കൂട്ടറും പെട്രോളും സ്പെയർപാർട്ടും ഒന്നും വേണ്ടെങ്കിൽ...?

ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയാതെ ചേട്ടാ! വൈറസുകൾ വരും പോകും. നാലു കൊല്ലം നീണ്ട രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് എല്ലാം തകർന്ന ജപ്പാനും ജർമനിയും വച്ചടികേറി വന്നിരിക്കുന്നു, പിന്നാ! ഇതു മൂന്നാംലോകയുദ്ധമാണെങ്കിൽ ലോക്ഡൗൺ കഴിഞ്ഞ് എല്ലാം തിരിച്ചു വരില്ലേ പൂർവാധികം പളപളപ്പനായി...!

ഒടുവിലാൻ∙ വീട്ടിലിരുന്നു ജോലി പരമബോറാണെന്നു ജനം പറഞ്ഞു തുടങ്ങി. സഹപ്രവർത്തകരെ കാണുന്നില്ല, വർത്തമാനം പറയാനില്ല, കല്യാണം കൂടലില്ല, കൂട്ടിത്തൊട്ട് ഭക്ഷണം കഴിക്കലില്ല, ഗോസിപ്പില്ല, ഓഫിസ് റൊമാൻസില്ല...ലാപ്ടോപ്പുമായി മുറിയടച്ചിരുന്നു മടുത്തു.

English Summary : Bored Working From Home?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.