അയലത്തെ ചേട്ടനൊരു സല്യൂട്ട്

Business Boom
SHARE

നാടാകുന്ന സ്റ്റേജിൽ ലോക്ഡൗൺ നാടകത്തിന്റെ കർട്ടൻ കുറേശെ താഴുമ്പോൾ അരങ്ങത്ത് ആദ്യാവസാനക്കാരനായി ചെറിയൊരു കഥാപാത്രമാണ്. പക്ഷേ ഈ കഥാപാത്രത്തെ ആശ്രയിച്ചായിരുന്നു നാടകം ഓടിയിരുന്നത്. പലവ്യഞ്ജനക്കട നടത്തുന്ന ചേട്ടനാണ് ആ കഥാപാത്രം.

ലോക്ഡൗണിൽ സകല മാളുകളും അടഞ്ഞു കിടന്നപ്പോൾ ഈ ‘പലോഞ്ഞനക്കട’ ചേട്ടനാണ് നമ്മളെ പട്ടിണി കിടക്കാതെ നിലനിർത്തിയിരുന്നത്. നഗരങ്ങളിൽ കോർപ്പറേറ്റ് സൂപ്പർമാർക്കറ്റുകൾ തുറന്നിരിപ്പു ണ്ടായിരുന്നെങ്കിലും ഗ്രാമങ്ങളിൽ ഇവർ മാത്രമായിരുന്നു ആശ്രയം. നഗരങ്ങളിൽ പോലും വണ്ടിയെടുത്ത് സൂപ്പർമാർക്കറ്റിൽ പോകാൻ കഴിയാത്ത സാഹചര്യത്തിൽ തൊട്ടടുത്ത പഴഞ്ചൻ പലോഞ്ഞനക്കട കഞ്ഞികുടിക്കാൻ മാത്രമല്ല കേക്ക് ബെയ്ക് ചെയ്യാൻ പോലും സഹായിച്ചു.

സൂപ്പർമാർക്കറ്റിൽനിന്നും മാളുകളിൽനിന്നും മാത്രം സാധനം വാങ്ങിയിരുന്നവർ ഇത്തരം കടകളിലേക്കു തിരിച്ചു പോകുന്ന കാഴ്ചയാണു നാടെങ്ങും കണ്ടത്. അരിയും പയറും കിട്ടുമെങ്കിൽ കഞ്ഞികുടിക്കാം. ഗോതമ്പു പൊടിയുണ്ടെങ്കിൽ ചപ്പാത്തിയും പൂരിയും ചുടാം. ദോശമാവ് വാങ്ങി ഇഡ്ഡലിയോ ദോശയോ...പാലും തൈരും, ചായപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാരകളും കിട്ടി. 

ചാക്കിൽ അരിയും പാട്ടയിൽ വെളിച്ചെണ്ണയും വച്ചിരുന്ന പഴയ കടകളിൽനിന്നു മാറി സ്റ്റൈലിലാണ് ഇന്നത്തെ ജനറൽ സ്റ്റോറുകൾ. നാട്ടുകാർക്കു റാക്കുകളിൽനിന്നു നേരിട്ട് സാധനം എടുക്കും വിധം മിക്കതും ക്രമീകരിച്ചിട്ടുണ്ട്. പച്ചക്കറിക്കും പഴത്തിനും ചെറിയൊരു സെക്‌ഷൻ കൂടിയുണ്ടെങ്കിൽ ആത്മനിർഭർ ആയി. ആ കടകൊണ്ട് പരിസരവാസികൾക്കെല്ലാം സ്വയംപര്യാപ്തമായി തിന്നും കുടിച്ചും കഴിയാം. കാശില്ലെങ്കിൽ കടവും കിട്ടും. പറ്റുപടിയുള്ള കടകളാണെങ്ങും. 

നാട്ടുകാരായ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കടകളിലെ സ്റ്റോക്കൊക്കെ ഇതിനിടയ്ക്കു മാറുകയും ചെയ്തു. നാട്ടിൻപുറങ്ങളിൽ പോലും ബെയ്ക്കിങ് ഹരംകേറിയിരിക്കുകയാണല്ലോ. ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, കോൺഫ്ളവർ, കൊക്കോ പൗഡർ, ഐസ്ക്രീം മിക്സ്...ജനം ചോദിച്ചു വരാൻ തുടങ്ങിയ സാധനങ്ങളാണ്. 

അവൽ തിരിച്ചു വന്നതാണ് വേറൊരു വിശേഷം. അവലും ശർക്കരയും തേങ്ങയും പഴവും ചേർന്നുള്ള കോംബോ! കർണാടകയിൽ നിന്നു ലോറികളിൽ ലോഡിറക്കിയാണ് അവൽ വിൽപന. ഫ്രീസറിൽ ചിക്കനും പോത്തും മറ്റും സ്റ്റോക്ക് ചെയ്ത മിടുക്കൻമാരുമുണ്ട്. ലോക്ഡൗണിൽ കുടി കുറഞ്ഞോന്നു തീർച്ചയില്ല, പക്ഷേ തീറ്റ ആരും കുറച്ചിട്ടില്ല.

ഒടുവിലാൻ∙ കാലത്തെ നടപ്പു പോലും നിരോധിച്ചിരുന്ന കാലത്ത് ഇത്തരം കടകൾ ന‌ടപ്പുകാർക്കൊരു എക്സ്ക്യൂസ് ആയിരുന്നു. നടക്കാനിറങ്ങുമ്പോൾ കയ്യിലൊരു സഞ്ചി കരുതും. പൊലീസ് ചോദിച്ചാൽ പാലോ, ദോശമാവോ വാങ്ങാൻ ദേ ആ കടയിലോട്ടു പോകുവാന്നു പറയും ഗൊച്ചു ഗള്ളൻമാർ.

English Summary : People depends Village stationary shops at Lockdown Period

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA