പക്കാ നാട്ടിൻപുറങ്ങളിൽ കൂടിയൊന്നു ചുറ്റിയടിച്ചാൽ ഊക്കൻ കൺവെൻഷൻ സെന്ററുകൾ പണിതിട്ടിരിക്കുന്നതു കാണാം. പട്ടിക്കാട്ടു പടിഞ്ഞാട്ട് ഓണംകേറാമൂലയ്ക്കു വടക്ക് സ്ഥിതി ചെയ്യുന്ന ശ്യാമളകോമള നാട്ടിൽ ഇതെന്തിനെന്നു ചോദിച്ചാൽ, നാടൻ ശ്യാമളകളുടെയും കോമളകളുടെയും കല്യാണങ്ങൾക്കാണത്രേ.
കല്യാണവും വിരുന്നും എസി ഹാളിൽ തന്നെ വേണമെന്ന പുതിയ ‘നിർഭന്തം’ മുതലാക്കാൻ പണിതതാണ്. കൊവീഡിയൻ കാലത്ത് 50 പേരിൽ താഴെ ആളെ വച്ചു കല്യാണം നടത്താനെന്തിന് ഇത്രേംവലിയ ഹാൾ എന്ന ചോദ്യത്തെക്കാളും പ്രധാനം ഇതാരു പണിതതാ? നാട്ടിനെന്തെങ്കിലും ചെയ്യണമല്ലോ എന്ന ഉൽക്കട വിചാരം കൊണ്ടു പ്രവാസി സോദരർ ചെയ്തതാണത്രെ. കേരളമാകെ ഇത്തരം എസി കല്യാണഹാളുകൾക്ക് നൂറുകണക്കിനു കോടി വാരിയെറിഞ്ഞിട്ടുണ്ട്.
നാട്ടിൽ വന്ന് എന്തെങ്കിലും ചെയ്യണം എന്ന വിചാരം കൊറോണ പോലെ പടർന്നിരിക്കുന്നു. വേറേതോ പ്രവാസിയുടെ വിജയിച്ച സംരംഭം കണ്ടു കൈകഴുകാതെ മൂക്കത്തുവിരൽ വയ്ക്കുന്നതോടെ ചിന്തയിൽ വൈറസ് പടരുകയായി. ഏതെങ്കിലും സംരംഭത്തിൽ എടുത്തു ചാടുന്നു, കൈപൊള്ളുന്നു. ഉപദേശിച്ചവർ കൈ കഴുകുന്നു. ‘മരുഭൂമിയിൽ ചോരനീരാക്കി’ ഉണ്ടാക്കിയ സമ്പാദ്യം സ്വാഹാ!
എസി പച്ചക്കറിക്കട കണ്ടാലാരും അന്തംവിട്ടു പോകും. വൻസൂപ്പർമാർക്കറ്റുകളിലെപ്പോലെ കടയുണ്ടാക്കി സർവ പച്ചക്കറികളുടേയും പേര് ഇംഗ്ലിഷിൽ എഴുതിവച്ചിരിക്കുകയാണ്. കിലോ ഒരു രൂപയെങ്കിലും കുറവുള്ള കട നോക്കി മലക്കറി വാങ്ങുന്നതാണു ജനത്തിനു ശീലം. എസി കട കാണുമ്പോൾ തന്നെ വിലക്കൂടുതലെന്നു തോന്നും. മുടക്കിയ കാശ് പോച്ച്.
റസ്റ്ററന്റാണ് എല്ലാവരും എടുത്തുചാടുന്ന ബിസിനസ്. എങ്ങനെ ഏത് മോഡലിൽ, ഏതു വിലകളിൽ, ഏതു തരം ഭക്ഷണം കൊടുത്താൽ ക്ലിക്കാവും എന്ന് ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല. വിദേശത്തെവിടെയോ കണ്ട മോഡൽ അതേപടി ഇവിടെ പകർത്തി നോക്കുമ്പോൾ ആളു കയറുന്നില്ല. വെറും ചായയും കടിയും മുതൽ ഫൈൻ ഡൈനിങ് വരെ പരീക്ഷിച്ചവരുണ്ട്.
മെഷീൻ തരാം, ഉൽപന്നം ഉണ്ടാക്കി തിരികെ തന്നാൽ വിലയ്ക്കെടുക്കാം എന്നു വൻകിടക്കാർ പറയുന്നതു കേട്ടു ലക്ഷങ്ങൾ കൊടുത്ത് മെഷീൻ വാങ്ങുന്നവരുണ്ട്. ഈ മെഷീൻ കച്ചവടമാണ് യഥാർഥ ലക്ഷ്യം. നിങ്ങൾ ഉൽപന്നം ഉണ്ടാക്കി കൊണ്ടു ചെല്ലുമ്പോൾ കൈമലർത്തും.
ഗുണനിലവാരം പോരെന്നു പറഞ്ഞേക്കും. ഉൽപന്നം വാങ്ങിക്കോളാം എന്നതു വാക്കാൽ വാഗ്ദാനമാണേ...വാങ്ങിയാലും നേരത്തേ പറഞ്ഞ വില തരണമെന്നില്ല. ഒടുവിൽ ആക്രിവിലയ്ക്കു മെഷീൻ വിറ്റു മാറിയവരുണ്ട്. ബിസിനസിൽ വാരിക്കുഴികളുണ്ട്. വീഴാതെ നോക്കുക.
ഒടുവിലാൻ∙ നാടാകെ പ്രമേഹമായതിനാൽ ഡയബറ്റിസ് മാനേജ്മെന്റ് സെന്റർ എന്നൊരു നമ്പർ ഇറക്കി നോക്കി. ഏറ്റില്ല. സംരംഭകന് ‘ഹാർട്ടും’ ‘പ്രഷറു’മായി!
English Summary: Think before starting a new business