നാടൻ വാങ്ങി നാടു നന്നാക്കൂ

boycott-chinese-products-business-boom-column
SHARE

ചൈനയെ ബഹിഷ്കരിക്കൂ എന്ന വായ്ത്താരി മുഴങ്ങുന്ന സ്ഥിതിക്ക്, നാടൻ ബ്രാൻഡുകളെ പ്രോൽസാഹിപ്പിച്ചാലോ...?

ബ്രാൻഡ് ബോധം നാട്ടിലാകെ വേരോടിയിട്ടുണ്ട്. പ്രത്യേക ഗുണനിലവാരം സ്ഥിരമായി ഉറപ്പു വരുത്തുന്നതാണ് ബ്രാൻഡ് കൊണ്ടുദ്ദേശിക്കുന്നത്. കടയിലെ ചാക്കിൽ നിന്ന് അരി വാങ്ങുന്നതും ബ്രാൻഡഡ് അരിവാങ്ങുന്നതും തമ്മിലുള്ള വ്യത്യാസം. ബ്രാൻഡഡ് അരി എന്നും ഒരു പോലിരിക്കും. മറ്റേത് പലപ്പോഴും പലമാതിരി.

ബ്രാൻഡുകളെ അതേ പടി ഉപഭോക്തൃമനസ്സുകളിൽ നിലനിർത്താൻ പരസ്യവും പ്രചാരണവും സ്ഥിരമായി വേണം. ആ പേരിലുള്ള ഉൽപന്നത്തോടുള്ള സ്നേഹമായി അതു മാറണം. അപ്പൂപ്പൻ കുളിച്ചു വരുമ്പോൾ തലയിൽ നിന്നുള്ള മണം തന്നെയാണ് ഈ സ്നേഹം. അപ്പൂപ്പന്റെ ചെറുപ്പകാലത്ത് പോപ്പുലറായിരുന്ന ഹെയർക്രീമിന്റെ മണമാണത്. ഒരേ തുണിക്കടയിൽ നിന്നുള്ള പുളിയിലക്കര സെറ്റ് മാത്രമേ അമ്മൂമ്മ ഉടുക്കൂ എന്നതും ഇതേ ബ്രാൻഡ് മനോഭാവമാണ്. അതൊരു ചിന്ന പൊങ്ങച്ചവുമായി മാറുന്നു. അതുണ്ടാക്കുന്ന കമ്പനിക്കാരുടെ വിജയം! 

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്ത ബ്രാൻഡുകളിലൊന്നാണ് അമുൽ. ഡോ.വി.കുര്യൻ തുടക്കത്തിൽ തന്നെ രാജ്യാന്തര പാൽ കമ്പനികളോടു കിടപിടിക്കുന്ന ബ്രാൻഡ് ആക്കി മാറ്റണമെന്നു തീരുമാനിച്ചിരുന്നു. പോൽക്ക ഡോട്ടുകളുള്ള ഫ്രോക്കിട്ട പെൺകുട്ടിയുടെ പടംവച്ച് പരസ്യവും ഹോർഡിങ്ങുകളും പ്രശസ്തമായി. ആ പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്നത് 54 വർഷമായി ഒരേ ഏജൻസിയാണ്. വിജയിച്ചതിനെ മാറ്റാൻ എന്തിനു ശ്രമിക്കണം?

കേരളത്തിന് അനേകം പൊതുമേഖലാ ബ്രാൻഡുകളുണ്ട്. മിൽമ ആദ്യം മനസ്സിൽ വരുന്ന പേര്. വെളിച്ചെണ്ണയ്ക്കു കേര, മീനിന് മൽസ്യഫെഡ്, മദ്യത്തിന് ബെവ്കോ, മല്ലി–മുളകു പൊടികൾക്കും അരി ഉഴുന്നാദികൾക്കും സപ്ലൈകോ...

ഇവയെല്ലാം ജനത്തിന്റെ സ്നേഹം പിടിച്ചുപറ്റിയിട്ടുണ്ടോ, അതിനുള്ള പരസ്യപ്രചാരണാദികൾ നടത്തിയിട്ടുണ്ടോ എന്നു ചോദിച്ചാൽ കമ്മിയാണ്.  പ്രചാരണം ഓരോ കാലത്തും തോന്നും പോലെ. ജനത്തിനു വേണമെങ്കിലും സാധനം ആവശ്യത്തിന് ഉൽപാദിപ്പിക്കുന്നുണ്ടാവില്ല.  

ചൈനീസ് ബ്രാൻഡുകൾ ബഹിഷ്ക്കരിക്കുന്ന കാലത്ത് നാടൻ ബ്രാൻഡ് വാങ്ങി നാടു നന്നാക്കൂ എന്നൊരു പരസ്യ വാചകത്തിനു സ്കോപ്പുണ്ട്.

ഒടുവിലാൻ∙ പണ്ടുകാലത്ത് ജാപ്പാണം പുകയില ചവയ്ക്കുന്നത് മ്മിണി ബല്യ അന്തസായിരുന്നു. മുറുക്കാൻ ചെല്ലങ്ങളിൽ അരിഞ്ഞുകൂട്ടിയതും കൊണ്ടാണ് കാർന്നോൻമാർ നടക്കുക. ജാഫ്നയിൽ നിന്നു വന്നിരുന്ന പുകയിലയാണിത്. അന്ന് ജിഐ(ഭൗമസൂചിക) ബ്രാൻഡ് എന്നൊന്നും ആരും കേട്ടിട്ടില്ല.

English Summary : Web Column / Opinion - Business Boom - Boycott Chinese Products

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA