എല്ലാം വീണ്ടും കറങ്ങി വരും

work-from-home-
SHARE

പ്രശസ്ത ഐടി കമ്പനിയിൽ ‘സകലമാനപേരും’ വീട്ടിലിരുന്നാണു ജോലി. സിഇഒയും എച്ച്ആറിലെ ചിലരും സെക്യൂരിറ്റിക്കാരും ഓഫിസിൽ വന്നു പോകും. എന്നാൽ പണി നടക്കുന്നതിനു കുറവുണ്ടോ? ഇല്ല. സിഇഒ പറയുന്നത് മാസം കമ്പനിക്ക് കോടികൾ ലാഭമാണെന്നാണ്! 

സീനിയർ, ജൂനിയർ ജീവനക്കാരെ ഓഫിസിൽ എത്തിക്കാൻ എത്ര ബസുകൾ, കാറുകൾ! നാലുനേരം ഭക്ഷണം. കോഫി മെഷീൻ നടത്തുന്നതിന്റെ ചെലവു തന്നെ കുറെയുണ്ട്. ഓഫിസിലെ ലൈറ്റുകൾ, എസി, കറന്റ്, വെള്ളം! ചെലവെത്ര? അതൊന്നുമില്ലാതെ പരമസുഖം. 

അപ്പോൾ വീട്ടിലിരിക്കുന്നവരുടെ പണി എങ്ങനുണ്ട്? സ്വകാര്യമായി പറയാം, പരസ്യമാക്കരുത്. പ്രൊ‍ഡക്ടിവിറ്റി കൂടിയിട്ടുണ്ടെന്നാണു സ്വകാര്യം പറയുന്നത്. രാവിലെ ഓഫിസിൽ വന്ന് വൈകിട്ട് പോകുന്നവർ വീട്ടിലിരുന്ന് സദാ ജോലി ചെയ്യുന്നു. പാതിരയ്ക്കും പണി ചെയ്യാൻ മടിയില്ല. കാരണം വേറൊന്നും ചെയ്യാനില്ല. സകുടുംബം സർക്കീട്ടടിക്കാൻ പറ്റില്ല, സിനിമയില്ല, ഹോട്ടൽ തീറ്റയില്ല, കല്യാണമില്ല, പെണ്ണുകാണലില്ല. കൂട്ടുകാരുമൊത്തു കറക്കമില്ല. കാലത്തെ കുളിച്ചു കാപ്പിപലഹാരാദികൾ കഴിച്ച് മുറിയടച്ച് ലാപ്ടോപ്പിന്റെ മുന്നിലിരുന്നാൽ പിന്നെ വേറൊരു വിചാരവുമില്ല. 

ഓഫിസിലായിരിക്കുമ്പോൾ പലതരം ഡിസ്ട്രാക്‌ഷനുകളായിരുന്നേ! ഇപ്പൊ സ്വസ്ഥം! അതാണ് പ്രൊഡക്ടിവിറ്റി കൂടിയെന്നു പറയുന്നത്. 

കൊള്ളാവുന്ന കമ്പനികൾ അവരുടെ മാസ ലാഭത്തിലൊരു വിഹിതം ജീവനക്കാർക്കു നൽകുന്നുമുണ്ട്. ലാപ്ടോപ്പിനും ബ്രോ‍ഡ്ബാൻഡ് കണക്‌ഷനും കാശ്. ഇനി വീട്ടുവാടകയും കറന്റ്, വെള്ളം ചെലവുകളും കമ്പനി കൊടുക്കുമോ? അമേരിക്കയിലെങ്ങാണ്ട് അങ്ങനെ കോടതി വിധി വന്നിട്ടുണ്ടത്രെ. വീട് ഓഫിസാക്കുമ്പോൾ അതിന്റെ ചെലവിലൊരുഭാഗം കമ്പനി വഹിക്കണമെന്ന്. 

ഐടി പാർക്കുകൾക്കരികെ താമസിച്ചിരുന്ന പിള്ളാര് കെട്ടിപ്പെറുക്കി സ്ഥലം വിട്ടിരിക്കുകയാണത്രെ. പേയിങ് ഗെസ്റ്റുകളെ താമസിച്ചിപ്പിച്ചിരുന്നവരോടു വിട പറഞ്ഞാണു പോയിരിക്കുന്നത്. ബാച്ച്ലർ കേന്ദ്രങ്ങൾ, യുവദമ്പതികളുടെ വാടക ഫ്ളാറ്റുകൾ എല്ലാം വിട്ടു. ഐടി പാർക്കിനടുത്തുനിന്നു സ്ഥലം വിട്ട യുവദമ്പതികൾ ദൂരെ അവരുടെ നാട്ടിൽ ചെന്നിട്ട് അവിടെ വാടക വീടോ ഫ്ളാറ്റോ എടുക്കുന്നുമുണ്ട്. ഒരിടത്ത് ഇല്ലാതായത് വേറൊരിടത്തു കിട്ടിയിരിക്കുന്നെന്നു മാത്രം. 

അപ്പോൾ, നേരത്തേ ഇവർ താമസിച്ചിരുന്ന സ്ഥലത്തെ റസ്റ്ററന്റുകൾ, സൂപ്പർമാർക്കറ്റുകൾ, റെഡിമെയ്ഡ് വസ്ത്രക്കടകൾ, ഷൂസ് കടകൾ, ബൈക്ക്, കാർ വർക്‌ഷോപ്പുകൾ...??? 

അതും വേറൊരിടത്ത് കിട്ടുന്നുണ്ടായിരിക്കും. ഒന്നു ചത്തത് വേറൊന്നിനു വളമാണ് അനിയാ. അതു പ്രകൃതി നിയമമല്യോ? ഒന്നും ചെയ്യാനൊക്കത്തില്ല. അല്ലെങ്കിൽ കൊറോണ കഴിയുമ്പോൾ എല്ലാം കറങ്ങിത്തിരിഞ്ഞുവരും. ഭൂഗോളം ഉരുണ്ടതല്യോ, അനിയൻ ബേജാറാവാതെ. കഞ്ഞി കുടിച്ചേച്ച് കിടന്നുറങ്ങാൻ നോക്ക്. 

ഒടുവിലാൻ∙ റെഡിമെയ്ഡ് വസ്ത്രക്കടകളിൽ ആർക്കും ഫോർമൽ പാന്റ്സും ഷർട്ടും വേണ്ട. ഷോർട്സ്, ട്രാക്ക് പാന്റ്സ്, ത്രീഫോർത്ത്, അയഞ്ഞ ടീഷർട്ട്... ഇത്യാദികൾക്കാണു ഡിമാൻഡ്! വീട്ടിൽ ഇതൊക്കെ മതി. 

English Summary: Work from home in the time of covid 19

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.