കട കോപ്പിയടിയും ക്ളോണിങ്ങും

business-boom-20-7-845
SHARE

പുതിയ കടയുടെ വാതുക്കൽ ഒരാൾ സ്ഥിരം വന്നു നിൽക്കുകയും ദിവസം ഒരു തവണയെങ്കിലും അകത്തു കയറി അൽപ്പം എന്തെങ്കിലും വാങ്ങുകയും ചെയ്യും. പുറത്തുനിന്ന് അകം നിരീക്ഷിക്കലാണു പ്രധാന പരിപാടി. ഒരു ദിവസം അകത്തു കയറിയിട്ട് കട ഉടമയോടു ചോദിച്ചു: ഞാൻ ഒരാളെ ഇവിടെ ജോലിക്കാരനായി ഒരു മാസം നിർത്തിക്കോട്ടെ...?

ശമ്പളമൊക്കെ അയാൾ കൊടുക്കും പോൽ! എന്തിനാ ഇത്ര ഔദാര്യം? തനിക്കും ഇതുപോലൊരു കട തുടങ്ങണം. ബിസിനസ് പഠിക്കാനാ...!

എടാ മിടുക്കാ! കോപ്പിയടിക്കാൻ സൗകര്യം ചെയ്തു കൊടുക്കണമെന്നാണു പറയുന്നത്. സ്കൂളിൽ വച്ചേ കോപ്പിയടിച്ചു ശീലമായിക്കാണും. വല്ലോരും നടത്തുന്ന കടയുടെ ബിസിനസ് പഠിച്ചിട്ട് അതു ക്ളോൺ ചെയ്യാൻ ഇങ്ങനെ നാണംകെട്ടു നടക്കുന്നവർ കേരളത്തിലൊരുപാടുണ്ട്. ആരെങ്കിലും എന്തെങ്കിലും തുടങ്ങി വിജയിച്ചെന്നു തോന്നിയാൽ സകലരും അതുപോലെ തുടങ്ങും. വിഷം വിൽപ്പനയായാലും. വിജയിച്ചതിനെ അതേപടി അനുകരിക്കുന്ന പ്രവണത വേറെങ്ങും കാണില്ല. ഈ പറഞ്ഞ കേസിൽ തന്നെ ദൂരെ കടയിടാനാണെന്ന് ആദ്യം കള്ളം പറഞ്ഞ വിദ്വാൻ തൊട്ടടുത്തു തന്നെ അതേ മോഡൽ കട തുടങ്ങി.

ഹോട്ടലുകളിൽ വന്നിരുന്നു പലവിധ ഐറ്റംസ് ഓർഡർ ചെയ്ത് രുചിച്ചു നോക്കി അടുത്തു വേറൊരു ഹോട്ടൽ അതേ പോലെ തുടങ്ങാൻ നോക്കുന്നവരുണ്ട്. മെനു മോഷ്ടിച്ചുകൊണ്ടു പോകും അതേ വിഭവങ്ങൾ അതേ വിലയ്ക്കോ അൽപ്പം വില കുറച്ചോ വിൽക്കാൻ. ഇപ്പോൾ മെനുവിന്റെ ഫൊട്ടോ മൊബൈലിൽ എടുക്കും. ചായത്തട്ടിൽ നാലു വിഭവങ്ങൾ നിരത്തി വച്ചാൽ അതും അനുകരിക്കും. 

ഹോട്ടലിന്റെ പേര് അതേപടി കോപ്പിയടിക്കുന്നതാണു വ്യാപകമായ വേറൊന്ന്. പാരമ്പര്യമായി നടത്തുന്ന ഹോട്ടലിന്റെ പേര് അതേ പടി അനുകരിച്ച് തൊട്ടടുത്തു വ്യാജൻ തുടങ്ങിയ അനുഭവങ്ങളുണ്ട്. പലരും ഇതാണ് ഒറിജിനൽ എന്നു കരുതി പുതിയ ഹോട്ടലിൽ കയറുന്നു. ഇവിടുത്തെ മട്ടൺ കറിയാണു പ്രസിദ്ധമെങ്കിൽ അവിടെയും അതുമാതിരി കറിയുണ്ടാക്കും. വ്യാജനിൽ കയറുന്നവർ കബളിപ്പിക്കപ്പെടും.

അനുകർത്താക്കൾ മിക്കവാറും പൊട്ടി പാളീസാകുന്നതായാണു കണ്ടു വരുന്നത്. അനുകരിക്കാൻ വന്നവൻ വിജയിച്ചു, യഥാർഥ ഉടമ പൊളിഞ്ഞ കേസുകളുമുണ്ട്. അനുകരിച്ചു തുടങ്ങിയ ഫർണിച്ചർ കടകൾ നൂറുകണക്കിനാണ് അടുത്തിടെ പൂട്ടിയത്. സകലരും ചൈനീസ് ഫർണിച്ചർ ഇറക്കുമതി ചെയ്യുകയായിരുന്നു. കാശുള്ള കുടുംബത്തിലെ പാഴ് ചെക്കന് ബിസിനസിട്ടു കൊടുക്കുന്നതാണ് ഇത്തരം കേസുകളിൽ മിക്കതും.

ഒടുവിലാൻ∙ കോക്കകോള ഇവിടെ തുടങ്ങിയിരുന്നെങ്കിൽ എന്നേ രഹസ്യ ഫോർമുല കോപ്പിയടിച്ചേനെ. കാളകൂട കോള എന്നോ മറ്റോ പേരുമിട്ടേനെ. 

Engish Summary : Copying business ideas from others

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA