ഈ ദുരിതം എന്നു തീരും...? എവിടെ ചെന്നാലും കേൾക്കുന്ന ചോദ്യമാണ്. എന്നായാലും പണ്ടാരം അടങ്ങുമ്പോൾ നമ്മൾ ഗോഡ്സ് ഓൺ കൺട്രികൾക്കാണ്–മലയാളികൾ–ഏറ്റവും പ്രയോജനം എന്നൊരു തിയറിയുണ്ട്.
ഇനി വൃത്തിക്കായിരിക്കും പരമാവധി പ്രാധാന്യമെങ്കിൽ, നാം പണ്ടേ വൃത്തിക്കാരാകുന്നു, പോരെങ്കിൽ നാല് എയർപോർട്ടും അത്യന്താധുനിക ആശുപത്രികളുമുണ്ട്... അപ്പോൾ കാഴ്ചകാണൽ ടൂറിസവും ഹെൽത്ത് ടൂറിസവും വച്ചടി കേറില്ലേ...?
യൂറോപ്പിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോഴാണ് കപ്പലുകൾക്ക് ക്വാറന്റീൻ ഏർപ്പെടുത്തിയത്. പ്ലേഗ് നിയന്ത്രിക്കാൻ സാമൂഹിക അകലവും ഫോർക്ക് ഉപയോഗിച്ചു ഭക്ഷണം കഴിക്കലും റോഡിൽ തുപ്പാതിരിക്കലും ചുമയ്ക്കുമ്പോൾ വാ പൊത്തലുമൊക്കെ തുടങ്ങിയത്. അതിനുമുൻപ് യൂറോപ്യൻമാർ നമ്മെക്കാൾ കഷ്ടമായിരുന്നേ? യൂറോപ്പിലെ പഴയ കൊട്ടാരങ്ങളോ (കാസിൽ) കോട്ടകളോ സന്ദർശിക്കുമ്പോൾ അവിടെങ്ങും ബാത്റൂം കാണുന്നില്ല. ഇല്ലാത്തതെന്താണെന്നു ചോദിച്ച് ഗൈഡിനെ വിഷമിപ്പിക്കരുത്...
കോവിഡ് കഴിഞ്ഞു വരുമ്പോൾ സമ്മേളനങ്ങളുടെ എണ്ണം കുറയുമെന്നും വിഡിയോ സമ്മേളനമാവുമെന്നും പറയുന്നുണ്ട്. എന്നാലും ടൂറിസവും സമ്മേളന സൗകര്യവും വൃത്തിയും ഒരുമിച്ചു ചേരുന്ന സ്ഥലങ്ങളിൽ അവയ്ക്കു സ്കോപ്പുണ്ട്. വൻകിട ഹോട്ടലുകളെല്ലാം വൃത്തി കൂട്ടാൻ പലതരം ഉപകരണങ്ങൾ വരുത്തുന്ന തിരക്കിലാണ്. ആളു വന്നു കേറുമ്പോൾ തോക്കു ചൂണ്ടാതെ തന്നെ പനിയുണ്ടോന്നു തിരിച്ചറിയാം.
കല്യാണ സദ്യാലയത്തിനു മുന്നിൽ ചെന്ന് കൈകഴുകാതെ ഇടിച്ചു കേറാൻ നിൽക്കുന്ന രീതി അവസാനിച്ചേക്കും. കൈ കഴുകിയിട്ടോ സാനിറ്റൈസ് ചെയ്തിട്ടോ ഇടിക്കാൻ നിൽക്കും. 50 പേർ വച്ചുള്ള കല്യാണമൊക്കെ കോവിഡ് തീരും വരെ മാത്രം. പിന്നേം പഴേപടിയാവും. ആയിരം പേരെങ്കിലും ഇല്ലേൽ എന്തോന്നു കല്യാണം! കേറ്ററിങ്‌കാർക്കു പിന്നെയും കോളാകും.
ആരോഗ്യ ടൂറിസത്തിന്റെ കാലമാണു വരാനിരിക്കുന്നത്. അമേരിക്കയിൽ മുട്ട് മാറ്റിവയ്ക്കലിന് ഒരു കോടിയിലും ചെലവു നിൽക്കില്ല. ഇവിടെ ഫൈവ് സ്റ്റാർ ആശുപത്രിയിലായാൽ പോലും ഏഴെട്ടു ലക്ഷത്തിൽ നിർത്താം. ബിസിനസ് ക്ലാസിൽ പ്ലെയിൻ കയറി വന്ന് ഫൈവ് സ്റ്റാർ ഹോട്ടലിൽ ഒരു മാസം താമസിച്ചാലും 15 ലക്ഷത്തിൽ താഴെ ചെലവ് ഒതുക്കാം. വിദേശങ്ങളിലെ ഇൻഷുറൻസ് കമ്പനികളുമായുള്ള ബന്ധമാണ് അതിനു വേണ്ടത്.
വെൽനെസ് എന്നു വിളിക്കുന്ന സുഖചികിൽസയ്ക്കു പ്രധാന്യം കൂടുന്നതോടെ ആയുർവേദത്തിനും കോളാണ്. എണ്ണത്തോണി അണുവിമുക്താക്കിയിരിക്കണമെന്നു മാത്രം. കോവിഡിൽ പരവശരായ സായിപ്പ്–മദാമ്മമാരെ ഇലക്കിഴി, പൊടിക്കിഴി, ഞവരക്കിഴി,ഉഴിച്ചിൽ പിഴിച്ചിൽ, ധാര, നസ്യം...ഇതിനൊക്കെ മാത്രമായുള്ള ഫൈവ് സ്റ്റാർ ഹോട്ടലുകളും വന്നു കഴിഞ്ഞു.
ഒടുവിലാൻ∙ മുഹമ്മയിൽ വെറും 16 മുറികൾ മാത്രമുള്ള ഫൈവ്സ്റ്റാർ വരുന്നത് ആയുർവേദ പാക്കേജ് ചികിൽസയ്ക്കു മാത്രമാണ്. മിനിമം 7 ദിവസം താമസിക്കണം.
English Summary: Business Boom column written by P. Kishore; Life After COVID- 19 Pandemic