ADVERTISEMENT

കേരളത്തിൽ ബിസിനസുകൾ പൊളിയുന്നു, പ്രമോട്ടർ കടംകയറി ആത്മഹത്യ ചെയ്യുന്നു. ഗുജറാത്ത് പോലെ പല ബിസിനസ് സമൂഹങ്ങളിലും അങ്ങനെ സംഭവിക്കുന്നതായി കാണുന്നില്ല. എന്താണു വ്യത്യാസം? അവിടെ ബിസിനസിലാകുന്നു മാവേലി മോഡൽ വാഴുന്നത്. പങ്കാളികളെല്ലാരുമൊന്നു പോലെ.

അവിടെയും ബിസിനസുകളും വ്യവസായങ്ങളും പൊളിയുന്നുണ്ട്. പക്ഷേ കുടുംബാംഗങ്ങളും പങ്കാളികളും ഉൾപ്പെട്ട ഒരുതരം സ്വയംസഹായസംഘം അവിടെയുണ്ട്. ഒരു ബിസിനസിൽ ഒരാൾ പ്രമോട്ടർ ആയാലും മുതൽമുട‍ക്ക് 30% വരെ മാത്രം. ബാക്കി 70% മറ്റ് 7–10 പേരുടെ വകയായിരിക്കും. പൊളിഞ്ഞാൽ നഷ്ടം എല്ലാവർക്കുമായിട്ടാണ്. വിജയിച്ചാൽ ലാഭം എല്ലാവർക്കുമായി വീതം വയ്ക്കും.  പ്രമോട്ടർക്ക് മറ്റുള്ളവരുടെ ഓഹരി നൽകി ബിസിനസ് സ്വന്തമാക്കുകയും ചെയ്യാം.

ഇതേ പ്രമോട്ടർക്ക് ആ ഗ്രൂപ്പിലെ മറ്റുള്ളവരുടെ ബിസിനസുകളിലും ചെറിയ മുതൽമുടക്ക് ഉണ്ടായിരിക്കും. ആർക്കും പരസ്പരം പറ്റിക്കാൻ കഴിയില്ലെന്നു മാത്രമല്ല റിസ്ക്കും നഷ്ടവും ലാഭവും വിതരണം ചെയ്യപ്പെടും. കള്ളവുമില്ല ചതിയുമില്ല.  പൊട്ടിയാൽ വേറൊന്ന് ട്രൈ ചെയ്യാം. വിജയിച്ചാൽ ഇതേ ബിസിനസ് മറ്റൊരിടത്ത് നടപ്പാക്കും.

കടയോ ഡീലർഷിപ്പോ വിജയിച്ചാൽ അതേ പേരിൽ വേറൊരിടത്തു തുടങ്ങും. ഗ്രൂപ്പിലെ മറ്റൊരാൾ പ്രമോട്ടർ. ബാക്കിയുള്ളവരും പണം മുടക്കുന്നു. അങ്ങനെ വളരുമ്പോൾ ബൾക്ക് പർച്ചേസ് നടപ്പാക്കും. ഗ്രൂപ്പിലെ എല്ലാ കടകൾക്കും വേണ്ടി ഒരുമിച്ചാണ് ഓർഡർ ചെയ്യുന്നത്. വലിയ ഓർഡർ ആവുമ്പോൾ റേറ്റ് കുറച്ചു കിട്ടുന്നു. ആകെ ഒരു കട മാത്രം നടത്തുന്നവരുമായി ‘അണ്ടർകട്ടിങ്’ നടത്തി മൽസരത്തിൽ തോൽപ്പിക്കാൻ കഴിയുന്നു.

മുതൽമുടക്കിൽ 30–40% മുടക്കിയ പ്രമോട്ടറാണ് ബിസിനസ് നേരിട്ടു നോക്കി നടത്തേണ്ടത്. അങ്ങനെ പലതിലേക്കും വളർന്നു കയറിയ ഗ്രൂപ്പുകളോ കുടുംബങ്ങളോ ഗുജറാത്തിലെവിടെയുമുണ്ട്. ഇത്തരം പങ്കാളികൾ കല്യാണം നടത്തുന്നതുപോലും ഗ്രൂപ്പായിട്ടാണ്. ചെലവുകളും ചുമതലയും ഓര  ോരുത്തർ ഏറ്റെടുക്കുന്നു. പരസ്പരം സഹായ കല്യാണം എല്ലാവർക്കും പ്രയോജനം ചെയ്യുന്നു. ആത്മഹത്യ ചെയ്യേണ്ട അവസ്ഥ ആർക്കും ഉണ്ടാവില്ല.

ദക്ഷിണേന്ത്യയിൽ ചെയിനായി നടത്തുന്ന വെജിറ്റേറിയൻ ഹോട്ടലുകളിൽ ഈ ഏർപ്പാടുണ്ട്. കുറേപ്പേർ ചേർന്നാണു പണം മുടക്കുന്നത്. ആവശ്യമുള്ള സർവ പലവ്യഞ്ജനങ്ങളും പച്ചക്കറിയും എല്ലാം ഒരുമിച്ച് ഓർഡർ ചെയ്ത് ലോറിയിൽ കയറ്റി ഓരോരോ ഹോട്ടലുകളിൽ കൊണ്ടുചെന്ന് ഇറക്കുന്നു. അവരുടെ ഹോട്ടലുകൾ ലാഭകരമായി ഓടുമ്പോൾ നാട്ടുകാരുടെ ഹോട്ടലുകൾ പലതും പൊട്ടിപ്പോകുന്നത് അതുകൊണ്ടാണ്.

ഒടുവിലാൻ∙ഗുജറാത്തി പട്ടേൽമാർ പണ്ട് ഇദി അമീന്റെ കാലത്ത് യുഗാണ്ടയിൽനിന്നു കൂട്ടമായി പുറത്താക്കപ്പെട്ടപ്പോൾ അമേരിക്കയിലേക്കു കുടിയേറി. അവിടെ മോട്ടൽ ബിസിനസിൽ ഇതേ മട്ടിൽ ഗ്രൂപ്പ് ചേർന്നു കാശ് മുടക്കുകയായിരുന്നു. അമേരിക്കയിലാകെ മോട്ടൽ ബിസിനസുകൾ പട്ടേൽമാരുടെ കൈപ്പിടിയിലായി.

English Summary : Web Column Business Boom : Gujarat Business Model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com