വാങ്ങണമെങ്കിൽ അങ്ങു ‘ദുഫായിൽ’ പോകണം: കാരണം?

UAE-HEALTH-VIRUS-CHARITY
The Burj Khalifa. Photo Credit : Mohammed Bin Rashid Al Maktoum Global Initiatives / AFP
SHARE

കാശുള്ളവർ ഇവിടെങ്ങും നിൽക്കത്തില്ല. തുണി അലക്കുന്നതു പോലും വിദേശത്താക്കിയിരുന്ന കാശുകാരുണ്ട്. സ്യൂട്ട് വേണോ? ലണ്ടനിലേ തയ്പിക്കൂ. സവിൽറോ സ്യൂട്ടല്ലേ സ്യൂട്ട്...മുടി വെട്ടുന്നതു പാരിസിൽ...പക്ഷേ ഷോപ്പിങ്ങിന് മിക്കവരും പോയിരുന്നതു ദുബായിലേക്കായിരുന്നു. ഇരുന്ന ഇരിപ്പിന് ദുബായിലേക്കു പ്ലെയിൻ കയറും. വൻ ബ്രാൻ‍‍ഡുകൾ വിൽക്കുന്ന മാളുകളിൽ ചുറ്റിയടിക്കും.

covid-10-dubai-shopping-trends-mall-article-image

സൂപ്പർ സ്റ്റാർ ദുബായിലെ വാഫി മാളിൽ ഷോപ്പിങ് നടത്തുകയാണ്. ഷർട്ടുകൾ പലതും എടുക്കുന്നു. കൂടെയുള്ള പ്രഫഷനൽ സിലക്ടർ അതിൽ ചിലത് ഇട്ടു നോക്കാൻ കൊടുക്കുന്നു. താരങ്ങൾക്ക് തുണിയെടുക്കാൻ ഫാഷൻ അറിയാവുന്ന സിലക്ടർമാരുണ്ട്. നമ്മളെപ്പോലെ സ്വയം നോക്കിയെടുക്കുകയല്ല. സൂപ്പർസ്റ്റാർ എടുക്കുന്ന ഷർട്ടുകൾക്ക് 10,000–12,000 രൂപ വില. പാന്റ്സിനും ജീൻസിനും 20,000നു മുകളിൽ വില. കോടികൾ ഓരോ പടത്തിനും കിട്ടുന്നതിനാൽ ആർക്കും ചേതമുണ്ടാകേണ്ട കാര്യമില്ല. മിക്കതും ഒരു തവണ മാത്രം ധരിച്ചിട്ട് ഉപേക്ഷിക്കുന്നതു കൂടിയാണെന്നോർക്കുക.

ഇങ്ങനെ ലോകമാകെ നിന്നു കാശുള്ളവർ പറന്നിറങ്ങി പണം ചെലവാക്കുന്നതുകൊണ്ടാണു ദുബായ് വൻ ഷോപ്പിങ് നഗരമായി മാറിയത്. ഇതിന്റെ ചെറിയ രൂപങ്ങൾ കേരളത്തിലുമുണ്ട്. കൊല്ലം ജില്ലയിൽ നിന്നു ഷോപ്പിങ്ങിനായി തിരുവനന്തപുരത്തു പോകുന്നവരും മലപ്പുറം–കണ്ണൂർ ജില്ലകളിൽ നിന്നു കോഴിക്കോട്ട് പോകുന്നവരും ആലപ്പുഴ–കോട്ടയം–തൃശൂർ ജില്ലകളിൽനിന്നു കൊച്ചിയിൽ പോകുന്നവരുമെല്ലാം ഇതിന്റെ വകഭേദങ്ങളാണ്. 

കൊച്ചിയിൽനിന്നു ജീൻസ് വാങ്ങുക, ജോസ് ജംക്‌ഷനിലെ കടയിൽ പാന്റ്സും ഷർട്ടും തയ്പ്പിക്കുക, സീലോഡിൽ കയറി ഭക്ഷണം കഴിക്കുക...ഇതൊക്കെ പഴയ കാലത്തിന്റെ പൊങ്ങച്ചങ്ങളായിരുന്നേ...ഇന്നു വേറേ കേന്ദ്രങ്ങളുണ്ടെന്നു മാത്രം. ഇങ്ങനെ പലഭാഗത്തു നിന്നുള്ള മണി ഫ്ളോ കൂടുമ്പോഴാണു നഗരങ്ങൾ വളർന്നുകേറുന്നത്.

ആഴ്ചയ്ക്കാഴ്ചയ്ക്ക് ദുബായിൽ പോയിരുന്നവർക്കൊക്കെ ഇപ്പോൾ വിമ്മിട്ടമാണ്. നശിച്ച കൊറോണ. പലരുടെയും പെർഫ്യൂം, ഡിയോ, കോണ്യാക്, സിംഗിൾ മാൾട്ട് സ്റ്റോക്ക് തീർന്നിരിക്കുന്നു. വാങ്ങണമെങ്കിൽ അങ്ങു ‘ദുഫായിൽ’ പോകണം. അത്തരം യാത്രകൾക്കുള്ള ധൈര്യമായിട്ടില്ല. 

പക്ഷേ ദുബായിൽ ഹോട്ടലുകൾ മാടി വിളിക്കുന്നു. ഫോർ സ്റ്റാർ ഹോട്ടൽ മുറിക്ക് വെറും 100 ദിർഹം മാത്രം. 2000 രൂപ. മാളുകൾ തുറന്നെങ്കിലും കൂട്ടമായി നടന്ന് അടിപൊളിയാക്കാൻ പറ്റില്ല. ഒറ്റയ്ക്ക് നടക്കണം. ചുമ്മാ ഭവന സന്ദർശനങ്ങൾ നടത്തിയാൽ ഫൈനടിക്കും. കാറിൽ മൂന്നു പേരിൽ കൂടുതൽ കണ്ടാൽ കുഴയും.

ഉള്ള കഞ്ഞിയും കുടിച്ച് ഇവിടെങ്ങാനും ചുരുണ്ടിരിക്കാനേ തൽക്കാലം പറ്റൂ. നാടൻ വാങ്ങി നാട് നന്നാക്കാം.

ഒടുവിലാൻ∙ നൊസ്റ്റാൾജിയ അഥവാ ഗൃഹാതുരത്വത്തിനു ഭയങ്കര മാർക്കറ്റായിരിക്കുന്നു. പണ്ടു ചായക്കടയിലിരുന്ന് ചായകുടിച്ചതും ഉഴുന്നവട കഴിച്ചതും സ്കൂളിൽ പോയതും ട്രെയിനിൽ കയറിയതുമെല്ലാം...ദീർഘനിശ്വാസത്തിന്റെ അകമ്പടിയോടെ വിവരിക്കുക...നൊസ്റ്റാൾജിയ മുതലാക്കാനുള്ള ബിസിനസ് ഐഡിയ ആലോചിച്ചു നോക്കിയാലോ...!!

English Summary : Web Column : Business Boom : COVID-19: Impact on consumer behavior trends

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.