5 മിനിറ്റ് കൂടുമ്പോൾ ടൗൺ..? അപ്പോൾ അവിടെയൊരു ഡീലർഷിപ്?

business-boom-dealership-business-trend-in-kerala
SHARE

ഹൈവേകളിൽ കൂടി വണ്ടിയോടിക്കാൻ വയ്യ. ഏതെങ്കിലും ലോറിയുടെയോ ടാങ്കറിന്റെയോ പിറകേ പെട്ടുപോയാൽ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് വെറും 25 കിലോമീറ്റർ സ്പീഡിൽ ഓടിക്കേണ്ടിവരും. സഹികെട്ട് വണ്ടി കൊണ്ട് ഇടിക്കാൻ തോന്നും. പോരെങ്കിൽ 5 മിനിറ്റ് കൂടുമ്പോൾ ഒരു ടൗൺ വരും... കേരളത്തിലെ ഏതു ഹൈവേയെയും പറ്റി നാട്ടുകാർ തന്നെ പറയുന്ന പരാതിയാണിത്. ഇതിൽ അവസാനം പറഞ്ഞത് കമ്പനികളുടെ കാതിനു ഹരമാകുന്നു. 5 മിനിറ്റ് കൂടുമ്പോൾ ടൗൺ..? അപ്പോൾ അവിടെയൊരു ഡീലർഷിപ്? ഏജൻസി? കൂടുതൽ ടാർഗറ്റ്...കൂടുതൽ കച്ചവടം...?? ഹായ്...!!

കേരളത്തിൽ എത്ര പട്ടണങ്ങളുണ്ട്?. കൃത്യമായൊരു കണക്ക് ഇല്ലെങ്കിലും 1600 എണ്ണമുണ്ടെന്നാണ് പ്രമുഖ റീട്ടെയിൽ ശൃംഖലയുടെ ടോപ് എക്സിക്കുട്ടൻ പറഞ്ഞത്. ഇവിടെല്ലാം വേണ്ടേ ഏജൻസികളും ഫ്രാഞ്ചൈസികളും ഡീലർഷിപ്പുകളും..? ദൂരെയെങ്ങോ വിജയിച്ച ചായക്ക‍ടയുടെ പേരിൽ പോലും ഫ്രാഞ്ചൈസി എടുക്കാൻ ഇമ്മാതിരി ചെറു പട്ടണങ്ങളിൽ ആളുണ്ടെന്നതാണു സത്യം. മേൽപ്പറഞ്ഞ ടൗണുകളിലൊന്നിൽ അങ്ങനെ ഫ്രാഞ്ചൈസി എടുത്ത് \ലോക്ഡൗൺ കാലത്ത് പൊട്ടിയതോടെ ഒന്നരക്കോടി ആവിയായിപ്പോയ ഉദാഹരണമുണ്ട്.

പ്രമുഖ ഫാൻ–ലൈറ്റ് കമ്പനി കേരളത്തിലെ 700 ടൗണുകളിൽ ഡീലർഷിപ് കൊടുത്തിട്ടുണ്ട്. ഉപഭോക്തൃ ഉൽപന്നങ്ങളുടെ കമ്പനികൾ അതിന്റെ ഇരട്ടി കൊടുക്കേണ്ടി വരുന്നു. മിക്കവരും ടാർഗറ്റ് വച്ചിട്ടാണു കൊടുക്കുന്നത്. മാസം ഒരു ലക്ഷം രൂപ മിനിമം വിൽപന നടക്കണമെന്നതൊക്കെ നിസ്സാരം. മാസം കോടികളുടെ ലക്ഷ്യം കാണേണ്ടതുണ്ട് വൻകിട ഉൽപന്നങ്ങളുടെ ഡീലർഷിപ് തുടരാൻ.

അങ്ങനെ കാശുമുടക്കി കൊച്ചു പട്ടണത്തിൽ ഡീലർഷിപ് എടുത്ത് കച്ചവടം ശകലം പച്ചപിടിക്കുമ്പോൾ ദേ വരുന്നു 5 കിമീ മാത്രം ദൂരെയുള്ള അടുത്ത പട്ടണത്തിൽ അതേ കമ്പനിയുടെയോ എതിരാളിക്കമ്പനിയുടെയോ വേറൊരു കട. ഇവിടെ കണ്ടിട്ട് അനുകരിക്കാൻ അവിടെ തുടങ്ങിയതാണ്. അതോടെ ഉപയോക്താക്കൾ സ്മാർട്ടാകുന്നു. രണ്ടിടത്തെയും വിലകൾ താരതമ്യം ചെയ്യും.

പുതിയ കക്ഷിയെ പൊളിക്കാൻ ആദ്യ കക്ഷി അണ്ടർ കട്ടിങ് നടത്തുന്നു. എന്നുവച്ചാൽ സ്വന്തം ലാഭ മാർജിൻ കുറച്ച് വില താഴ്ത്തുകയാണ്. പുതിയ കക്ഷിയും അതു തന്നെ പിന്തുടരും. ഇരു കൂട്ടരും സ്വാഹാ...

ഒടുവിലാൻ∙ ഗൾഫിൽ നിന്നു സമ്പാദ്യവുമായി തിരികെ എത്തുന്നവരാണ് ഈ അബദ്ധത്തിൽ ചെന്നു ചാടുന്നതിലേറെയും. ഗൾഫുകാരനായ സ്ഥിതിക്ക് ലേശം പത്രാസ് ഇരിക്കട്ടെയെന്നു കരുതി, കാശുമുടക്കി കട പോഷ് ആക്കും. മൽസരം കടുക്കുമ്പോൾ കാശ് പോക്ക്.

English Summary : English Summary : Business Boom : Dealership Business trend in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.