കച്ചവടം രണ്ടു മണിക്കൂറേ കാണൂ, ഒന്നരയോടെ സകലതും സോൾഡ് ഔട്ട്

business-boom-homely-food-business-trend
SHARE

കോവിഡ് കാലത്ത് സകല ബിസിനസുകളും തളർന്നപ്പോൾ എന്റെ ബിസിനസ് വളർന്നു....ഇങ്ങനെ പറയുന്നൊരു സംരംഭകനുണ്ട്. കൂടുതൽ ചോദിക്കാൻ നിൽക്കാതെ അയാളുടെ കടയിൽ പോയി നോക്കിയാൽ സംഗതി ശരിയാണെന്നു മനസ്സിലാവും. അതിന്റെ ലൈൻ പിടികിട്ടുകയും ചെയ്യും.

രാവിലെ പതിനൊന്നരയോടെ പോവുക. ലോഡ് ഇറക്കി നിരത്തിവയ്ക്കുന്നു. പലതരം കറികൾ ഡബ്ബകളിലാക്കിയതാണു സംഗതി. ജനം ക്യൂ നിന്നു കൈ സാനിറ്റൈസ് ചെയ്ത്, പനി നോക്കി, പേരും ഫോൺ നമ്പറും എഴുതിവച്ച് വാങ്ങിക്കൊണ്ടുപോകുന്നു. നേരത്തേ വിളിച്ചു പറഞ്ഞിട്ടുള്ളവർക്കായി കറികൾ മാറ്റിവയ്ക്കുന്നുമുണ്ട്. ഹോം ഡെലിവറി 5 കിമീ ദൂരത്തിനകത്തു മാത്രം. കച്ചവടം രണ്ടു മണിക്കൂറേ കാണൂ. ഒന്നരയോടെ സകലതും സോൾഡ് ഔട്ട്.

പുളിശ്ശേരി, എരിശ്ശേരി, സാമ്പാർ, തീയൽ, തോരൻ, മെഴുക്കുപുരട്ടി, അവിയൽ, മീൻകറി, കോഴിക്കറി, കപ്പ ഇത്യാദികളാകുന്നു ഇവിടെ കച്ചവടം. വീട്ടിൽ ചോറു മാത്രം വേവിച്ചിട്ട് ബാക്കി കറികൾ വാങ്ങാൻ വരുന്നവരുടെ തിരക്കാണ്. ചോറു പോലും വീട്ടിൽ വേവിക്കാൻ പറ്റാത്തവർക്കായി അതും പൊതിഞ്ഞു വച്ചിട്ടുണ്ട്. വില കുറവില്ലെങ്കിലും ജനം വാങ്ങും. 

നഗരത്തിന്റെ നടുക്കാണു കച്ചവടം. വാങ്ങാൻ വരുന്നവരെ കണ്ടാലറിയാം കാശുള്ള മടിയൻമാരും മടിച്ചികളുമാണ്. രുചിയേറിയ കറികൾ വേണം, പക്ഷേ തടി അനക്കാൻ വയ്യ. എന്നാൽ പിന്നെ കാറും ബൈക്കുമെടുത്ത് ഇങ്ങോട്ടു പോന്നാട്ടേ...കറി വാങ്ങിച്ചാട്ടേ എന്ന ബിസിനസ് ലൈനാണ് കോവിഡ് കാലത്തു വച്ചടി കേറിയിരിക്കുന്നത്. ഇത് വലിയ തോതിലും ചെറിയ തോതിലും ചെയ്യുന്നവരുണ്ട്. വെജും നോൺ വെജുമുണ്ട്. ഓർഗാനിക് പച്ചക്കറികൾ മാത്രം വച്ചു ചെയ്യുന്നവരും ഗ്യാസ് ഉപയോഗിക്കാതെ വിറകെരിച്ച് ചെയ്യുന്നവരുമുണ്ട്. ജനം രുചിയുടെ തടവുകാരായതിനാൽ എന്തും വിറ്റു പോകും. 

‘ഹറി, വറി ആൻഡ് കറി’ ആകുന്നു സകല അസുഖങ്ങൾക്കും കാരണമെന്നു പറയുന്നതു പണ്ടു ഫാഷനായിരുന്നു. ജനത്തിന് ഒന്നിനും നേരമില്ലാത്തതിനാൽ ഹറി, പലമാതിരി പ്രശ്നങ്ങൾ മൂലം വറി, പിന്നെ രുചിയേറിയ കറികൾ കഴിച്ചു ദുർമേദസ്... കോവിഡ് കാലത്ത് ഹറിക്കു കുറവില്ലെന്നു മാത്രമല്ല വറി കൂടിയിട്ടുമുണ്ട്. എന്ത് തരം ബിസിനസ് ചെയ്യുന്നവരും വീട്ടിലിരുന്നു ജോലി ചെയ്യാൻ പറ്റാത്തവർക്കും വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്കും വറി തന്നെയാണ്. അപ്പോഴാണ് നാടകത്തിലെ പോലെ സ്പോട് ലൈറ്റിൽ കറി രംഗപ്രവേശം ചെയ്തത്. 

ഒടുവിലാൻ∙വീടുകളിലും ഫ്ലാറ്റുകളിലും പാർട് ടൈം ജോലിക്കാരികളെ കയറ്റാതായതോടെ പാചകം കമ്മിയായതും കറിക്കച്ചവടക്കാർക്കു കോളായി. പലർക്കും കാശായി, സ്ഥലം വാങ്ങാൻ നോക്കുന്ന സ്ഥിതിയായി.

English Summary : Business Boom : Homely food business trend

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.