ആഡംബരം ഇല്ലാതാക്കുന്ന കോവിഡ്

business-boom-luxury-business-at-covid-19
SHARE

പത്തു പുത്തൻ കണ്ടാലുടൻ ആഡംബരങ്ങളിലേക്കു നീങ്ങുന്നതാകുന്നു നമ്മുടെയൊക്കെ ശീലം. പഴങ്കഞ്ഞി കുടിച്ചിരുന്നയാൾ പാസ്തയിലേക്കും പീത്‌സയിലേക്കും പ്രമോഷൻ നേടുന്നു, പട്ടയടിച്ചിരുന്നയാൾ സ്കോച്ചിലേക്കു മാറി പട്ടായയിൽ പോകുന്നു, ബീഡി വലിച്ചിരുന്നയാൾ മാൾബൊറോ വലിച്ചു പൂകവിടുന്നു, പൊട്ടിയ വാച്ച് കെട്ടിയിരുന്ന കൈത്തണ്ടയിൽ പട്ടേക് ഫിലിപ് കെട്ടുന്നു, പറ്റുമെങ്കിൽ പുത്തൻ ലക്ഷുറി കാർ വാങ്ങുന്നു...

വീടിനും പാരമ്പര്യങ്ങൾക്കും റെട്രോസ്പെക്ടീവ് ഇഫക്റ്റ് ഉണ്ടാക്കാനായി പഴയൊരു മോറിസ് കാറ് വാങ്ങി വെറുതേയിടുന്നു, ഉപ്പാപ്പന്റെ മുറുക്കാൻ ചെല്ലവും കോളാമ്പിയും തേച്ചുമിനുക്കി നാലാൾ കാണെ വയ്ക്കുന്നു...അങ്ങനെയങ്ങനെ പറഞ്ഞാലൊരുപാടുണ്ട്. എന്നാൽ പിന്നെ ഇവർക്കു വേണ്ടതെല്ലാം കൊടുത്ത് ഡംഭ് വീർപ്പിക്കേണ്ടതല്ലേ? അതിനു കമ്പനികളൊരുപാട് ലോകമാകെയുണ്ട്. 500 രൂപയ്ക്കു കിട്ടുന്ന കാര്യം 5 ലക്ഷത്തിനും 5 കോടിക്കും വിൽക്കും. വാങ്ങാനാളുണ്ടെങ്കിലെന്താ? ടെന്നിസ് സൂപ്പർ സ്റ്റാറിന്റെ കയ്യിലെ വാച്ച് കണ്ടാൽ ആരും രണ്ടു തവണ നോക്കില്ല. പക്ഷേ വില ഏഴരക്കോടി രൂപയാണുപോൽ. ഇമ്മാതിരി ആഡംബര ബ്രാൻ‍ഡുകളുടെയൊക്കെ കട്ടയും പടവും മടക്കുകയാണു കോവിഡ്. പലരും എക്സ്ക്ലൂസിവ് ഷോറൂമുകൾ പൂട്ടുന്നു, ഫാക്ടറി അടയ്ക്കുന്നു...

ലക്ഷുറി വ്യവസായത്തിന്റെ വേരറുക്കുന്ന തരത്തിലാണ് കോവിഡ് കാലത്തിന്റെ പോക്ക്. ചില ഉദാഹരണങ്ങൾ നോക്കുക. സേറ എന്ന റെഡിമെയ്ഡ് വസ്ത്രബ്രാൻഡ് ലോകമാകെ 1200 സ്റ്റോറുകൾ പൂട്ടി, സ്റ്റാർബക്സ് 400 കാപ്പിക്കടകൾ പൂട്ടി, റോളക്സും പടേക് ഫിലിപ്പും വാച്ച് നിർമാണം നിർത്തി, നൈക്കി ജീവനക്കാരെ ലേ ഓഫ് ചെയ്യുന്നു, വാൾമാർട്ട് ജീവനക്കാരെ പിരിച്ചുവിടുന്നു, അവരുടെ പാർക്കിങ് കേന്ദ്രങ്ങൾ ഡ്രൈവ് ഇൻ സിനിമ തിയറ്ററുകളാകുന്നു...ഏത് ദുരിതകാലത്തും ഓഹരി വിപണിയിൽ ലാഭം കൊയ്തിരുന്ന വോറൻ ബഫെറ്റിനു വന്ന നഷ്ടം 5000 കോടി ഡോളറാണ്...3.75 ലക്ഷം കോടി രൂപ!

പുത്തൻ ബിസിനസ് ഐഡിയകളുമായി വന്ന് അതുവരെയുള്ള ബിസിനസുകളെ തറപറ്റിച്ച അഥവാ ‘ഡിസ്റപ്റ്റ്’ ചെയ്ത വമ്പൻമാരൊക്കെ സ്വയം ‘ഡിസ്റപ്ഷൻ’ നേരിടുകയാണ്. ടാക്സി ബിസിനസ് ലോകമാകെ മാറ്റി മറിച്ച് ഊബറും ഓഫിസുകൾ വേണ്ടാതാക്കിയ ‘വി വർക്കും’ മറ്റും ഇനി എങ്ങനെ വർക്ക് ചെയ്യണമെന്നറിയാതിരിക്കുകയാണ്. കോവിഡ് കഴിയുമ്പോൾ നോക്കാം.

ഒടുവിലാൻ ∙ അഞ്ചര ലക്ഷം വാടകയുള്ള കൺവൻഷൻ സെന്റർ മകളുടെ കല്യാണത്തിനു ബുക്ക് ചെയ്തിരുന്ന ചങ്ങാതി ലോക്ഡൗൺ കാലത്ത് 50 പേരെ മാത്രം വച്ച് കല്യാണം നടത്തിയപ്പോൾ സദ്യയും സർവതും ചേർത്ത് ചെലവ് 3 ലക്ഷം പോലുമില്ല. അതിന്റെ പത്തിരട്ടി തുക പലരുടെ പോക്കറ്റുകളിൽ ചെന്നെത്തേണ്ടതായിരുന്നു. ബാങ്കുകളിൽ ഉറക്കമാണ് കാശ്.

English Summary : Business Boom Column : Impact of Coronavirus on Luxury Industry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA