ബെർലിനിലെ മാഡം തൂസാദ് മ്യൂസിയത്തിൽ ട്രംപിന്റെ മെഴുകു പ്രതിമ വച്ചു. ട്രാഷ് ട്രോളിയിൽ മറ്റു പല ചവറുകൾക്കൊപ്പം പ്രതിമ. ഡംപ് ട്രംപ് എന്നാണു ക്യാപ്ഷൻ. കുറച്ചു ദിവസത്തെ പ്രദർശനത്തിനു ശേഷം ആ പ്രതിമ തന്നെ അവർ ഡംപ് ചെയ്തു.
യുഎസിലെ ബിസിനസുകാരിൽ അഥവാ കാശുകാരിൽ വലിയൊരു വിഭാഗം ട്രംപിനൊപ്പമാണ്. ട്രംപിനു വേണ്ടി ഒരുപാടു ചോദ്യങ്ങൾ എണ്ണിയെണ്ണി ചോദിക്കുന്നുണ്ട്. എന്നെ കെട്ടാനെന്താ കുഴപ്പം, എനിക്കെന്താ സൗന്ദര്യമില്ലേ, കുടുംബമില്ലേ, പഠിപ്പില്ലേ എന്നൊക്കെ പണ്ടേതോ അവിവാഹിതൻ സഹികെട്ട് ചോദിച്ച പോലെ. അമേരിക്കൻ ചോദ്യങ്ങൾ മ്മിണി ബല്യതാണെന്നു മാത്രം.
സാംപിൾ: ട്രംപ് ആദായ നികുതി നിരക്കുകൾ കുറച്ചില്ലേ, സമ്പദ് വ്യവസ്ഥ വച്ചടി കേറിയില്ലേ, ഓഹരി വിപണി കുതിച്ചില്ലേ, തൊഴിലില്ലായ്മ കുറച്ചില്ലേ, മണിക്കൂറിന് ഈടാക്കുന്ന കൂലി കൂട്ടിയില്ലേ, ചൈനയെ ഒതുക്കി അവിടെ നിന്ന് ബിസിനസും വാണിജ്യവും നാട്ടിലെത്തിച്ചില്ലേ...??
അപ്പോൾ ഇന്ത്യക്കാരോ, മലയാളികളോ? എവിടെ നിൽക്കുന്നു? കാശുണ്ടായാൽ പിന്നെ കാശുള്ളവരുടെ കൂടെ നിൽക്കുന്നതാണു രീതി. അതിനാൽ അമേരിക്കയിൽ കോടീശ്വരൻമാരായ ഇന്ത്യക്കാർ വെള്ളക്കാരെപ്പോലാണെന്നു ഭാവിക്കുന്നു. അവർ റിപ്പബ്ലിക്കൻ പാർട്ടിയുടെ കൂടെയായിരിക്കും. ട്രംപിനെ പുകഴ്ത്തും. ഇടത്തരക്കാരായ ഇന്ത്യക്കാരും മലയാളികളും ഭൂരിപക്ഷവും ഡെമോക്രാറ്റുകളാണ്. പക്ഷേ ട്രംപ് വന്ന ശേഷം റിപ്പബ്ളിക്കൻമാരായ മലയാളികളുടെ എണ്ണം കൂടിയിട്ടുമുണ്ട്.
ഹിലരി ക്ലിന്റനെ കഴിഞ്ഞ ഇലക്‌ഷനിൽ 80% ഇന്ത്യക്കാർ പിന്തുണച്ചെന്നാണു കണക്ക്. ഇക്കുറി 70% ഇന്ത്യക്കാർ ജോ ബൈഡന് വോട്ട് ചെയ്തേക്കും. വൈസ് പ്രസിഡന്റായി നമ്മുടെ കമലേടത്തി ഉണ്ടായിട്ടു പോലും 10% ഇടിവ്. ട്രംപിന് ഇന്ത്യൻ വോട്ട് കൂടി. ഇന്ത്യയോട് കൂടുതൽ അടുപ്പം ട്രംപിനാണെന്നും ഇന്ത്യക്കാർ വിചാരിക്കുന്നു.

ഒടുവിലാൻ∙അമേരിക്ക ധനവാൻമാർ ഭൂരിപക്ഷമായ നാടാണ്. അവിടെ കാശാകുന്നു വിഷയം. ബാക്കി വിഷയങ്ങളൊക്കെ പിന്നീട്. കോടീശ്വരനാണെങ്കിൽ മാത്രമേ സ്ഥാനാർഥിക്കൊരു മതിപ്പ് കിട്ടൂ. കാശില്ല, തരി സ്വർണം പോലുമില്ല എന്നു പറഞ്ഞാൽ അവിടെ പച്ചതൊടില്ല.
English Summary : Business Boom : Will Donald Trump or Joe Biden win the presidential race?