തിരിച്ചുവരണ്ടേ ആഘോഷക്കല്യാണം !

HIGHLIGHTS
  • 50 പേരെ വച്ച് കല്യാണം നടത്തിയപ്പോൾ സർവ ചെലവും ചേർത്ത് 2 ലക്ഷം തികച്ചില്ല
  • വീട്ടുകാരുടെ സമ്പാദ്യത്തിന്റെ റിസർവോയർ ഷട്ടറുകൾ തുറക്കുന്ന അവസരമാണ് വിവാഹം
business-boom-marriage-in-the-times-of-dovid-19
SHARE

നഗരത്തിലെ പുതുപുത്തൻ കൺവൻഷൻ സെന്ററാണ്. കണ്ണഞ്ചും. മുന്തിയ മറ്റു കല്യാണ ഹാളുകൾക്കൊക്കെ രണ്ടര ലക്ഷം വാടകയുള്ളപ്പോൾ ഇവിടെ കല്യാണത്തിന് മൂന്നരലക്ഷമായിരുന്നു. ഗംഭീര കല്യാണങ്ങൾ നടന്നു വരുമ്പോഴാണു കോവിഡ് പൊട്ടി വീണത്. ബുക്കു ചെയ്തിരുന്ന ചങ്ങായി റദ്ദാക്കി. കുറച്ചുകാലം  കാത്തിരുന്നു മടുത്തിട്ട് ഒടുവിൽ 50 പേരെ വച്ച് കല്യാണം നടത്തിയപ്പോൾ സർവ ചെലവും ചേർത്ത് 2 ലക്ഷം തികച്ചില്ല! ആദ്യം ബുക്ക് ചെയ്ത ഹാളിന്റെ വാടക പോലുമായില്ല. അവിടെ നടത്തിയിരുന്നെങ്കിലോ, 25–30 ലക്ഷം പൊട്ടേണ്ടതാണ്.

കോവിഡ് കാലത്ത് പഴയതിന്റെ പത്തിലൊന്നു ചെലവിൽ കല്യാണം നടത്താം. നേരത്തേ 1500 പേരെങ്കിലും വരുമായിരുന്നു. സദ്യയ്ക്കും ഈവന്റ് മാനേജ്മെന്റിനും ചെലവ് 5 ലക്ഷം വരാം. പിന്നെ സ്റ്റേജ് ഡെക്കറേഷൻ–ഓർക്കിഡുകളും ആന്തൂറിയങ്ങളും കൊണ്ടഭിഷേകമാണേ. വിഡിയോ, പടം,കാറുകൾ, ബസുകൾ... ആകെ10 ലക്ഷം മുതൽ 15 ലക്ഷം വരെയാകാം, അതിൽ കൂടുതലുമാക്കാം.

കല്യാണത്തിനു മുമ്പ് സംഗീത്, മെഹന്ദി... കൂട്ടുകാരെ വിളിച്ച് പാർട്ടിയും ഇല്ലെങ്കിൽ ഛായ് ലജ്ജാവഹം. കല്യാണം കഴിഞ്ഞിട്ട് റിസപ്ഷൻ സന്ധ്യയ്ക്ക്. അതിനു ഹാൾ വാടക 1.5 ലക്ഷം. 1500 പേർക്ക് നോൺവെജ് ഭക്ഷണം പ്ളേറ്റിന് 600 രൂപ കൂട്ടിയാൽ 9 ലക്ഷം. എല്ലാം കൂടി എത്രയെന്നു മനക്കണക്കു കൂട്ടി നോക്കുക.  പകരം 50 പേർക്കു കല്യാണം നടത്തിയപ്പോൾ ബ്യൂട്ടിഷൻ 15000, നാദസ്വരം 3500, നിറപറ, പൂക്കൾ–4000, പൂജാരി–2000. ആഘോഷ അവസരങ്ങൾ കുറഞ്ഞതിനാൽ വില കൂടിയ വസ്ത്രങ്ങൾ കുറച്ചുമതി. മലവെള്ളം വലിയും പോലാണു ചെലവു താഴുന്നത്. ഏതു വിവാഹവും വീട്ടുകാരുടെ സമ്പാദ്യത്തിന്റെ റിസർവോയർ ഷട്ടറുകൾ തുറക്കുന്ന അവസരമായിരുന്നു. കുലംകുത്തിയുള്ള കാശൊഴുക്കിനു പകരം വെറും നീർച്ചാലായി. 

ചെലവു കുറയ്ക്കൽ മാതൃകാപരം എന്ന് അഭിപ്രായമുണ്ടോ? എത്രയോ പോക്കറ്റുകളിൽ എത്തേണ്ട പണമാണ് ബാങ്കുകളിൽ വെറുതേ കിടക്കുന്നത്. അതല്ലേ ബിസിനസ്? അതിഥികളെ ആനയിക്കാൻ ഈവന്റ് മാനേജ്മെന്റുകാർ ഒരുക്കിനിർത്തുന്ന ആൺ–പെൺ കുട്ടികൾക്ക് മിനിമം 500 രൂപ കിട്ടിയിരുന്നില്ലേ? അവർക്ക് അതൊരു വരുമാനമായിരുന്നില്ലേ? അതിനാൽ ആഘോഷ കല്യാണങ്ങൾ തിരിച്ചുവരട്ടെന്നു വേണം പറയാൻ. കാശ് കൂട്ടിവച്ച് ഉടലോടെ നമ്മളാരും സ്വർഗത്തിൽ പോകുന്നില്ല.

ഒടുവിലാൻ∙ പ്രതിശ്രുത അമ്മായി അപ്പൻ കൂട്ടുകാരെ വിളിച്ച് ഫൈവ് സ്റ്റാർ ഹോട്ടലിൽ പാർട്ടിക്ക് സ്കോച്ചും കോണ്യാക്കും! കുപ്പികൾക്കു മാത്രം 5 ലക്ഷം പൊട്ടി. അങ്ങനെ എന്തെല്ലാമായിരുന്നു...!

English Summary : Business Boom - Covid-19 is making the big fat Indian wedding smaller and leaner

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.