ഓൺലൈൻ സ്ട്രീമിങ് അമ്പമ്പോ...

HIGHLIGHTS
  • പാരമൗണ്ട് പിക്ചേഴ്സ് അവരുടെ 21 പടങ്ങൾ നെറ്റ്ഫ്ളിക്സിനു വിറ്റ് ഒഴിവാക്കി
  • സ്ട്രീമിങ് രാജാവായ നെറ്റ്ഫ്ലിക്സ് 2020ൽ ചെലവിടുന്ന തുക 1700 കോടി ഡോളർ
business-boom-column-online-streaming-netflix-app
Representative Image. Photo Credit : Kaspars Grinvalds / Shutterstock.com
SHARE

മലയാള നടിമാരായ ഉർവശിയും അപർണ ബാലമുരളിയും തകർത്തഭിനയിച്ച സൂര്യയുടെ തമിഴ് പടം സൂരറായ് പൊട്രു ആമസോണിൽ തകർത്ത് ഓടുകയാണ്. തിയറ്ററിൽ ഓടാൻ എടുക്കുന്ന ഏതുപട‍ത്തോടും കിടപിടിക്കും. 50 കോടി കവിഞ്ഞ ലാഭക്കണക്കുകൾ തമിഴകത്തു കേൾക്കുന്നു. ലോകമാകെ ഈ ട്രെൻഡ് പടരുകയാണ്.നമ്മൾ ഹോളിവുഡ് സിനിമ കണ്ടിരുന്ന പാരമൗണ്ട്,വാർണർ ബ്രദേഴ്സ്,സോണി പിക്ചേഴ്സ്, വോൾട്ട് ഡിസ്നി...എല്ലാവരും ഓൺലൈൻ സിനിമയ്ക്ക് ശതകോടികളുടെ ബജറ്റ് ഉണ്ടാക്കിയിരിക്കുന്നു.

കോവിഡ് കഴിഞ്ഞിട്ടു തിയറ്ററുകളിൽ റിലീസ് ചെയ്യാമെന്നു വിചാരിച്ചു കാത്തിരുന്ന പാരമൗണ്ട് പിക്ചേഴ്സ് അവരുടെ 21 പടങ്ങൾ നെറ്റ്ഫ്ളിക്സിനു വിറ്റ് ഒഴിവാക്കി. മുടക്കിയ കാശും ലാഭവും കിട്ടുമെങ്കിൽ പിന്നെ അതല്ലേ നല്ലത്? വാർണർ ബ്രദേഴ്സ് അവരുടെ ‘വണ്ടർ വുമൻ 1984’ ഉൾപ്പടെ 18 ഫീച്ചർ പടങ്ങൾ വരും വർഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന അന്നു തന്നെ എച്ച്ബിഒയിലും കാണിക്കും.

യുണിവേഴ്സൽ പിക്ചേഴ്സ് ഇനി പുതിയ പടങ്ങൾ തിയറ്ററുകളിൽ ഓടി 17 ദിവസം കഴിയുമ്പോൾ ഓൺലൈൻ സ്ട്രീമിങ് തുടങ്ങുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും വലിയ സ്റ്റുഡിയോ ഡിസ്നിയുടെ ഡിസ്നി പ്ലസ് ചാനലിൽ വൻ കണ്ടന്റാണ് പ്രഖ്യാപിച്ചത്. നിലവിൽ സ്ട്രീമിങ് സിനിമകൾക്കും സീരിസുകൾക്കും 200 കോടി ഡോളർ (15000 കോടി രൂപ) ചെലവിടുന്ന ഡിസ്നി 2024 ആവുമ്പോഴേക്കും തുക 800 കോടി ഡോളറിലേറെ (60000 കോടി രൂപ) ചെലവിടും. 2024 അവർ പ്രതീക്ഷിക്കുന്നത് 23 കോടി പ്രേക്ഷകരെയാണ്. സ്ട്രീമിങ് രംഗത്തേക്കു വൻതോതിൽ വരുന്നെന്നു കേട്ടപ്പോൾ തന്നെ ഡിസ്നിയുടെ വിപണിമൂല്യം 14% കേറിയിരുന്നു. 

business-boom-column-online-streaming

സ്ട്രീമിങ് രാജാവായ നെറ്റ്ഫ്ലിക്സ് 2020ൽ  ചെലവിടുന്ന തുക എത്രയാണെന്നോ? 1700 കോടി ഡോളർ. 1,27000 കോടി രൂപ. ഒരു ലക്ഷം കോടി രൂപയിലേറെ സ്ട്രീമിങ് കണ്ടന്റിന് ഒരു വർഷം ചെലവിടുന്നെന്നു കേട്ടാലറിയാം കാറ്റ് എങ്ങോട്ടാണു വീശുന്നതെന്ന്. ഇമ്മാതിരി കമ്പനികളുടെ അപാര ബജറ്റ് വരുന്നതോടെ ലോകമാകെ ഈ ട്രെൻഡ് പടരും. മലയാളം പോലെ ചെറിയ ഭാഷകളിലെ തിയറ്ററിൽ പോയിരുന്ന പ്രേക്ഷകർ ലൈൻ മാറ്റും. അതു തുടങ്ങി കഴിഞ്ഞു.

നാലാൾ കൂടുന്നിടത്ത് ക്രിക്കറ്റും സിനിമയും ചർച്ചയായിരുന്നതിനു പകരം ഇപ്പോൾ വിദേശ സ്ട്രീമിങ് കമ്പനികളുടെ ഹിന്ദി–ഇംഗ്ലിഷ് സീരീസുകളാണു വിഷയം. ദ് ലാസ്റ്റ് ഷിപ്, ദ് വയർ,പ്രിസൺ ബ്രേക്ക്, ഫൗദ...ജനം കോവിഡ് കാലം കഴിച്ചു കൂട്ടിയത് ഇമ്മാതിരി സീരീസുകൾ കണ്ടാണ്. ഏതു കൊള്ളാമെന്നു പരസ്പരം അറിയിക്കുന്നതു പതിവായി. കണ്ടില്ലെങ്കിൽ മോശക്കാരനാവുമെന്നായി.

ഒടുവിലാൻ ∙ സീരിയലുകളിലെ അഭിനയം മുമ്പ് പല സിനിമക്കാർക്കും അയ്യേ ആയിരുന്നു. സായിപ്പിന്റെ സീരിസുകളാകും ഇനി അമ്പമ്പോ...!!

English Summary : Business Boom - How OTT market will be a game-changer for the film industry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.