2003ൽ ആ ഫണ്ടിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നതിന്റെ മൂല്യം എത്ര?

business-boom-column-investment-behaviour-of-malayalees
SHARE

നടപ്പുകാരായ അങ്കിൾമാരുടെ അന്നത്തെ വിഷയം സംയുക്തനിധി അഥവാ മ്യൂച്വൽഫണ്ട് ആയിരുന്നു. ഒരു പ്രശസ്ത ഫണ്ടിന്റെ പേര് പറഞ്ഞിട്ട് ക്വിസ് ചോദ്യം–2003ൽ ആ ഫണ്ടിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നതിന്റെ മൂല്യം എത്ര...?

മ്യൂച്വൽഫണ്ടിനെക്കുറിച്ചു കേട്ടറിവു മാത്രമുള്ള സഹനടപ്പുകാർ ഓരോരോ തുക പറഞ്ഞു. 50 ലക്ഷം, ഒരു കോടി...ഓരോ തുക പറയുമ്പോഴും അങ്കിളിന്റെ ചിരി വലുതായി വന്നു. ഒടുവിൽ മൂപ്പർ തന്നെ ആ തുക പറഞ്ഞു– 5.8 കോടി രൂപ!

എന്റമ്മോ എന്നു പലരും മനസ്സിൽ വിചാരിച്ചു. ഛായ് കാശില്ലെങ്കിലും കടമെടുത്ത് 2003ൽ ഒരു ലക്ഷം രൂപയെങ്കിലും ഇട്ടിരുന്നെങ്കിൽ ഇപ്പോഴെത്ര എന്നു പലരും മനക്കണക്കു കൂട്ടി നോക്കി. അനന്തരം അങ്കിളിന്റെ അടുത്ത ചോദ്യം– നിങ്ങൾക്ക് സ്വന്തം വീടിനു പുറമേ വേറേ എന്തൊക്കെ ആസ്തികളുണ്ട്? സ്വർണം? ഭൂമി? വീട്, ബാങ്കിൽ എഫ്ഡി...??

തലകുലുക്കിയവരെയെല്ലാം ‘പുജ്ഞ’ത്തോടെ നോക്കി അങ്കിൾ പറഞ്ഞു. ഓഹരിവിപണിയിലെ കാളക്കൂറ്റൻ വാലയെക്കുറിച്ചു കേട്ടിട്ടുണ്ടോ? 

ഡബ്ബാവാലയെന്നു കേട്ടിട്ടുണ്ട്. ഛായ് അതല്ല, അതുവെറും ലഞ്ച് ബോക്സ് വിതരണം ചെയ്യുന്ന വാലാ. ഈ വാലയ്ക്കു സ്വന്തം വീടൊഴികെ ഒരു രൂപ എഫ്ഡിയില്ല, വസ്തു ഇല്ല, സ്വർണമില്ല...പിന്നെ? സകല കാശും ഓഹരിയിലും സംയുക്ത നിധിയിലും നിക്ഷേപിച്ചിരിക്കുന്നു. അതൊകൊണ്ടെന്താ വാലായുടെ ആസ്തി ഇപ്പോൾ 28000 കോടിയാണ്!

കേട്ടവർ മൂക്കത്തു വിരൽ വച്ചില്ല. കോവിഡായതിനാൽ ആശ്ചര്യം വരുമ്പോൾ മൂക്കത്തു വിരൽവയ്ക്കുന്നതു നിർത്തിവച്ചിരിക്കുകയാണ്. 

പുരാണം കേട്ട പലരും ഇനി സംയുക്തനിധിയിൽ കാശിട്ടിട്ടേ കാര്യമുള്ളൂവെന്ന മട്ടിൽ വീട്ടിലേക്കു പോകും. ഭാര്യയുടെ മുന്നിൽ അവതരിപ്പിക്കും. നമുക്ക് ബാങ്കിലെ അല്ലെങ്കിൽ ട്രഷറിയിലെ എഫ്ഡി പിൻവലിച്ചിട്ട് മ്യൂച്വൽഫണ്ടിൽ ഇട്ടാലോ? ദേണ്ടെ ആ അങ്കിൾ അങ്ങനെ കാശിട്ട് കോടികളുണ്ടാക്കി. ഇപ്പോൾ ബിസിനസ് ക്ലാസിലാ മോളെ കാണാൻ ഫിലഡൽഫിയയിൽ പോകുന്നത്...

ദേ മനുഷേനേ നിങ്ങൾക്കെന്തിന്റെ കേടാ എന്നു തുടങ്ങുന്ന ഭാര്യയുടെ കൗണ്ടർ കേസ് വാദം അന്നുമുഴുവൻ നീണ്ടു നിൽക്കും. പിറ്റേന്നു ന‍ടക്കാനെത്തുമ്പോൾ നനഞ്ഞ കോഴിയെപ്പോലെ. എന്തായി സംയുക്തനിധി? ഭാര്യ സമ്മതിക്കുന്നില്ല....

ശരാശരി മലയാളിയുടെ നിക്ഷേപത്വരയുടെ രത്നച്ചുരുക്കം ഇതാകുന്നു.

ഒടുവിലാൻ∙മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിച്ച ലക്കി അങ്കിൾമാർ കൂടെക്കൂടെ വിദേശയാത്രകൾക്കു പോയിരുന്നു. മൂന്നിരട്ടി കാശ് കൊടുത്ത് ബിസിനസ് ക്ലാസിലേ സഞ്ചരിക്കൂ. പണം ഫണ്ടിൽ കിടന്നു വളരുകയല്ലേ? ആവശ്യം വരുമ്പോൾ കുറച്ചു റെഡീം ചെയ്യും. ആ കാശുമായി ടിക്കറ്റെടുത്ത് പ്ലെയിനിൽ നീണ്ടു നിവർന്നു കിടന്ന് ഉറങ്ങും. എയർഹോസ്റ്റസ് തരുന്ന റെമിമാർട്ടിൻ എക്സോ കോണ്യാക്ക് കുടിക്കും. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ കുളിച്ചുണ്ടുറങ്ങും.!

English Summary : Business Boom Column by P. Kishore - Investment behaviour of Malayalees

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.