തണുത്ത ടെക്സസ് കദനകഥ കേട്ടു നെഗളിക്കേണ്ട

HIGHLIGHTS
  • താപനില നിലനിർത്താനാവാതെ പൈപ്പുകളിൽ വെള്ളം ഐസായി, പൈപ്പുകൾ പൊട്ടി
  • ഇത്തവണ പതിവില്ലാത്തവിധം മൈനസിലേക്കു താപനില പോയപ്പോൾ വൈദ്യുതി ഉപഭോഗം കൂടി
business-boom-extreme-cold-weather-in-texas-leaves-millions-without-power
SHARE

അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് ബന്ധുക്കളുള്ള നാട്ടുകാരെല്ലാം വൈക്ലബ്യത്തിലായിരുന്നു കഴിഞ്ഞയാഴ്ച. ടെക്സസിലാകെ വൈദ്യുതിയില്ല, വെള്ളമില്ല...വൻകിട കമ്പനികളിൽ ജോലി ചെയ്യുന്നവർ ഉൾപ്പടെ അഭയാർഥികളായി മറ്റു നാടുകളിൽ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീടുകളിലേക്കു കുടിയേറേണ്ടി വന്നു.

ഏകദേശം നമ്മുടെ നാടിന്റെ കാലാവസ്ഥയുള്ളതിനാൽ ടെക്സസും ഫ്ളോറി‍ഡയുമൊക്കെ മലയാളികൾക്കു പ്രിയപ്പെട്ടതാണ്. ഡാലസിലാണ് ജോൺ എഫ്.കെന്നഡി വെടിയേറ്റു മരിച്ചത്. ജോർജ് ബുഷിന്റെ നാട്. നാസയുടെ ആസ്ഥാനം ടെക്സസിലെ ഹൂസ്റ്റണിലാണ്. പക്ഷേ ചൊവ്വയിൽ പേടകത്തെ അയച്ച് ഹെലികോപ്റ്റർ പറപ്പിക്കാമെങ്കിൽ തണുപ്പുകാലത്ത് കറന്റും വെള്ളവും എങ്ങനെ കിട്ടാതെ പോയി?

കേരളത്തിന്റെ വൈദ്യുതി പീക്ക് ഡിമാൻഡ് ഏകദേശം 4000 മെഗാവാട്ട് ആണെങ്കിൽ തമിഴ്നാടിന്റേത് 14000 മെഗാവാട്ട്. വ്യത്യാസമെന്തെന്നു ചോദിച്ചാൽ നമുക്കു വ്യവസായം അലർജിയാണല്ലോ. ടെക്സസിലെ പീക്ക് ഡിമാൻഡ് 74000 മെഗാവാട്ട്! 

നമുക്ക് വേനൽക്കാലത്താണ് വൈദ്യുതി ഉപഭോഗം കൂടുന്നത്. സകലഫാനുകളും എസികളുമാണു കാരണം. ജൂണിൽ മഴ പെയ്ത് ചൂട് കുറയുമ്പോൾ ടപ്പേന്ന് നമ്മുടെ വൈദ്യുതി ഉപഭോഗവും ഇടിയും. തണുപ്പുരാജ്യങ്ങളിൽ നേരേ മറിച്ചാണ്. കൊടും തണുപ്പത്ത് വീട് ചൂടാക്കിയിടാൻ തന്നെ വേണം കിലോവാട്ട് കണക്കിനു കറന്റ്. കോവളത്തും മറ്റും ഡിസംബർ,ജനുവരി,ഫെബ്രുവരി മാസങ്ങളിൽ സായിപ്പ് വന്നു കുടിപാർക്കുന്നതിന്റെ കാരണവും ഇതാകുന്നു. അവരുടെ ഒരു മാസത്തെ കറന്റ് ചാർജ് മതി ഇവിടെ വന്ന് ലാവിഷായി കഴിയാൻ!

ഇത്തവണ പതിവില്ലാത്തവിധം മൈനസിലേക്കു താപനില പോയപ്പോൾ വൈദ്യുതി ഉപഭോഗം കൂടി. 83000 മെഗാവാട്ട് ആയി പീക്ക് ഡിമാൻഡ്. അതോടെ വൈദ്യുതി വിതരണം കുളമായി. താപനില നിലനിർത്താനാവാതെ പൈപ്പുകളിൽ വെള്ളം ഐസായി, പൈപ്പുകൾ പൊട്ടി. അവിടുത്തെ ‘കെഎസ്ഇബിക്കാർ’ ജനത്തിന്റെ തെറികേട്ടു. ലൈൻമാൻമാർ പോസ്റ്റിൽ കേറുന്ന പടം വാൾസ്ട്രീറ്റ് ജേണലിൽ പോലും വന്നു.

ഏത് അന്തരാളഘട്ടവും ബിസിനസ് അവസരമാണല്ലോ. അടിയൻ ലച്ചിപ്പോം എന്ന വാഗ്ദാനവുമായി ചില കമ്പനികൾ വന്നു. പൈപ്പുകളിൽ വെള്ളം ഐസ് കട്ടയാകാതെ ചൂടാക്കി നിർത്തിത്തരാം. ഓ ഈ അമേരിക്കയുടെ ഒരു കാര്യം എന്നു ലോകമാകെ ജനം തലയിൽ കൈവയ്ക്കുമ്പോൾ പ്രശ്നം ഏതാണ്ടൊക്കെ സോൾവായി. അഭയാർഥികൾ തിരികെ ടെക്സസിലേക്കു തന്നെ പോയി.

അമേരിക്കൻ കദനകഥ കേട്ടു െനഗളിക്കേണ്ട. കേരളത്തിലൊരു കടുത്ത ശൈത്യകാലമുണ്ടായിരുന്നെങ്കിൽ നമ്മുടെയൊക്കെ ഗതി(കേട്) എന്താകുമായിരുന്നു!

ഒടുവിലാൻ∙കാശുള്ള ജനം അഭയാർഥികളായി അന്യനാടുകളിലെത്തി. കാശില്ലാത്തവരോ...??? ഇങ്ങോട്ടു പോരെ എന്നു ക്ഷണിച്ചു വരുത്തി വിരുന്നുകാരായി പാർപ്പിക്കാൻ അവർക്ക് ആളുണ്ടാവണമെന്നില്ലല്ലോ...വീട്ടിൽ ചോറുള്ളവനേ വിരുന്നു ചോറും കിട്ടൂ എന്ന നാടൻ പഴമൊഴി ഓർക്കുക.

English Summary : Business Boom Column - Extreme cold weather in Texas leaves millions without power

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA