നല്ല കാലത്തിന്റെ സൈറൺ

HIGHLIGHTS
  • ദൂരെ നിന്നു വരുന്ന ഉൽപന്നങ്ങളെക്കാൾ അടുത്തുള്ളതിനോടു താൽപര്യമായി
  • ഒരു ലീറ്റർ പാലിൽ 36 സിപ്അപ് ഉണ്ടാക്കിയാൽ 360 രൂപ കിട്ടി.
business-boomcolumn-by-p-kishore
SHARE

അപ്പുറത്തെ വീട്ടിലെ കുഞ്ഞിന് പശുവിൻ പാലാണു കൊടുക്കുന്നത്...!! ഇങ്ങനെയൊരു ഡയലോഗ് പല സ്ഥലത്തും കേൾക്കാം. മറ്റുള്ളവർ പിന്നെ കഴുതപ്പാലാണോ കൊടുക്കുന്നതെന്നു ചോദിക്കരുത്. പശുക്കറവയുള്ള വീട്ടിൽ നിന്നു പാൽ വാങ്ങുന്നെന്നേ അർഥമുള്ളൂ. സൊസൈറ്റി പാലല്ല കുഞ്ഞിനു കൊടുക്കുന്നത്. വീട്ടിൽ നിന്നു വാങ്ങുന്ന പാൽ, ലീറ്റർ 50 രൂപ മുതൽ 70 രൂപ വരെ വിലയുണ്ട്. 

ബൂത്തുകളിൽ കിട്ടുന്ന പാലിനെക്കാൾ 15–25 രൂപ വരെ വില കൂടിയിട്ടും വാങ്ങാനാളുണ്ട്. കോവിഡ് കാലത്തുണ്ടായ മാറ്റങ്ങളിലൊന്നാണിത്. ദൂരെ നിന്നു വരുന്ന ഉൽപന്നങ്ങളെക്കാൾ അടുത്തുള്ളതിനോടു താൽപര്യമായി. അടുത്തു കിട്ടുന്നത് പാലോ പച്ചക്കറിയോ എന്തുമാകട്ടെ വില ശകലം കൂടുതലായാലും വാങ്ങും.

പാലിനു കൂടുതൽ വില കിട്ടുമെന്നു വന്നതോടെ പശുവിനെ വളർത്തലും വ്യാപകമായി. 5–10 പശു വീതമുള്ള യൂണിറ്റുകൾ നടത്തുന്നവർ അനേകമുണ്ട്. സൊസൈറ്റിയിൽ പാൽ അളക്കണമെന്നില്ല. സൊസൈറ്റിയിൽ ലീറ്ററിന് 34 രൂപ മുതൽ 38 രൂപ വരെ മാത്രം കിട്ടുമ്പോൾ പുറത്ത് 50 രൂപയ്ക്ക് എടുക്കാൻ വീടുകളും കടകളുമുണ്ട്. കടകളിൽ 50 രൂപയ്ക്ക് എടുക്കുന്ന പാൽ 60 രൂപയ്ക്കോ 70 രൂപയ്ക്കോ വിൽക്കുന്നു.

ഒരു വീട്ടിൽ 5 പശുവും അതിൽ നാലെണ്ണത്തിനു കറവയുമുണ്ടെങ്കിൽ ദിവസം ശരാശരി 10 ലീറ്റർ വച്ച് 40 ലീറ്റർ. 50 രൂപയ്ക്കു വിറ്റാൽ 2000 രൂപ വീണു. പക്ഷേ ചില മിടുക്കൻമാർ മറ്റു പല പരിപാടികൾക്കായി പാൽ ഉപയോഗിച്ച് നാലിരട്ടി കാശുണ്ടാക്കുന്നുണ്ട്. സിപ് അപ് ഉദാഹരണം. ലീറ്റർ പാലിൽ മുക്കാൽ കിലോ പഞ്ചസാരയും  ശകലം ഏലക്കാപ്പൊടിയും മറ്റും ചേർത്തുണ്ടാക്കുന്ന സിപ് അപ്പിന് 10 രൂപ. ഒരു ലീറ്റർ പാലിൽ 36 സിപ്അപ് ഉണ്ടാക്കിയാൽ 360 രൂപ കിട്ടി...!! 

സിപ് അപ്പിനു പകരം തൈരടിച്ചാലോ? ലീറ്ററിന് 60 രൂപ കിട്ടും. വെണ്ണയുണ്ടാക്കിയാലോ? കിലോ 450 രൂപ മുതൽ 600 രൂപ വരെ. വെണ്ണ എടുത്ത തൈര് സംഭാരമാക്കി വിറ്റാലോ? സംഭാരം പ്ളാസ്റ്റിക് കവറിലാക്കാനുള്ള യന്ത്രത്തിന് 1500 രൂപ മാത്രം. ഇങ്ങനെ പല നമ്പരുകളുണ്ട് പശുക്കൃഷി ബിസിനസിൽ. അമ്പട വീരാ ക്ഷീരകർഷകാ!

പശു ഒരെണ്ണം വളർത്താൻ തുടങ്ങിയാൽ പിന്നെ ആരും നിർത്തുന്നില്ല. നാലായി എട്ടായി...തൈരായി, മോരായി, വെണ്ണയായി, സിപ് അപ്പായി... സ്ഥലമുണ്ടെങ്കിൽ പോത്തിനെ വളർത്തലുമായി. പശുവിന്റെ അമറൽ നല്ലകാലം വരുന്നതിന്റെ സൈറണായി!

ഒടുവിലാൻ∙ പുല്ല് മാത്രം കൊടുത്തു വളർത്തുന്ന പശുവിന്റെ പാൽ എന്നൊരു പുതിയ നമ്പർ ഇറങ്ങിയിട്ടുണ്ട്. ലീറ്ററിന് 100 രൂപയ്ക്കു മേലോട്ടാണു വില. വാങ്ങാനാളുണ്ട്.

English Summary : Business Boom Column by P Koshore - Is dairy farm business profitable?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.