നാടനും അമേരിക്കനും തമ്മിൽ

HIGHLIGHTS
  • അമേരിക്കയിൽ കാറിന്റെ വിലയുടെ 2% വാർഷിക നികുതിയുണ്ട്.
  • ബൈഡൻ നികുതി നിരക്ക് കൂട്ടാൻ പോകുന്നത് വർഷം 4 ലക്ഷം ഡോളറിലേറെ വരുമാനം ഉള്ളവർക്കാണ്
USA-BIDEN
U.S. President Joe Biden. Photo Credit : Photo : Melina Mara / Pool via Reuters
SHARE

നാടൻ മലയാളികളും അമേരിക്കൻ മലയാളികളും ഉൾപ്പെട്ട ഗ്രൂപ്പ്. ഏതെങ്കിലും വിഷയം എടുത്തിട്ട് അടികൂടലാണു പ്രധാന പരിപാടി. വിഷയം ട്രംപോ ബൈഡനോ ചൈനയോ വാക്സിനോ എന്തുമാകാം. അമേരിക്കയിൽ ആദായ നികുതി കൂട്ടാൻ പോകുകയാണെന്നു പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതു വിഷയമായി. ട്രംപ് കുറച്ച നിരക്കുകളാണു കൂട്ടുന്നത്. 

ഇന്ത്യയിൽ ഭയങ്കര നികുതികളാണെന്നു പരാതിപ്പെട്ടിരുന്ന മലയാളികൾക്ക് അതൊരു പുതിയ അറിവായിരുന്നു. അമേരിക്കയിൽ 40% വരെ വീണ്ടും നികുതി വരാൻ പോകുന്നതു കേട്ട് അന്തംവിട്ടു. 

അമേരിക്കയിൽ സംസ്ഥാനങ്ങൾക്കും ആദായനികുതിയുണ്ട്. ഫെഡറൽ, സംസ്ഥാന ആദായ നികുതികളായി 30%–35% വരുമാനത്തോത് അനുസരിച്ച്. സാമൂഹിക സുരക്ഷാ നികുതി 6%. മെഡികെയർ 1%. ഇതുകേട്ടിട്ടൊന്നും മലയാളികൾക്കു കുലുക്കമുണ്ടായില്ല. ഇവിടെയുമുണ്ട് 30% നികുതിയും സെസും. അവിടെ സോഷ്യൽ സെക്യൂരിറ്റി നികുതി പിരിക്കുന്നെങ്കിലെന്താ അതിന്റെ ഗുണങ്ങൾ കിട്ടുന്നില്ലേ? പണിയില്ലാതെ നിൽക്കുമ്പോൾ തൊഴിലില്ലായ്മാ വേതനം തരുന്നില്ലേ...??

അമേരിക്കയിൽ കാറിന്റെ വിലയുടെ 2% വാർഷിക നികുതിയുണ്ട്. സ്വന്തം വീടുണ്ടെങ്കിലോ? അതിന്റെ വിലയുടെ 2%–3% വർഷം തോറും  കൊടുക്കണം. പ്രോപ്പർട്ടി ടാക്സ്! വർഷം 3000 ഡോളർ (2.25 ലക്ഷം രൂപ) വീടിനും 500 ഡോളർ (37500 രൂപ) കാറിനും വർഷം നികുതി കൊടുക്കുന്നുണ്ടെന്ന് ഒരു കൂട്ടുകാരൻ പറഞ്ഞു. ഇവിടെ പ്രോപ്പർട്ടി ടാക്സ് ഉണ്ടെങ്കിൽ സ്വന്തം കാറിന്റെയും വീടിന്റെയും വിലയുടെ മേൽ എത്ര നികുതി വർഷം തോറും വരുമെന്നോർത്ത് നാട്ടുകാരെല്ലാം കിടുങ്ങി.

പക്ഷേ സകലമാന സാധനങ്ങൾക്കും സെയിൽസ് ടാക്സ് 10 ശതമാനത്തിൽ താഴെ മാത്രം. സംസ്ഥാനങ്ങളനുസരിച്ച് നിരക്കുകളിൽ വ്യത്യാസമുണ്ട്. ന്യൂയോർക്കിലും കലിഫോർണിയയിലും കൂടുതൽ. ടെക്സസിലും ഫ്ളോറിഡയിലും കുറവ്.

ബൈഡൻ നികുതി നിരക്ക് കൂട്ടാൻ പോകുന്നത് വർഷം 4 ലക്ഷം ഡോളറിലേറെ വരുമാനം ഉള്ളവർക്കാണ്. 4 ലക്ഷം ഡോളർ നമ്മുടെ 3 കോടി രൂപയ്ക്കടുത്തുവരും. പക്ഷേ പർച്ചേസ് പാരിറ്റി അനുസരിച്ച് (അവിടെ ഡോളർ കൊടുത്തു വാങ്ങുന്ന സാധനങ്ങളുടെ തത്തുല്യമായ ഇന്ത്യൻ വില.) ഈ തുക 70 ലക്ഷം രൂപയേ വരൂ എന്ന് അമേരിക്കൻ എംബിഎക്കാർ കണക്കുകൂട്ടി. അതായത് ഇവിടെ മാസം 6 ലക്ഷം രൂപ വരുമാനത്തിനു തുല്യം. 

ഈ വരുമാനം ഉണ്ടെങ്കിൽ ഇന്ത്യയിൽ നികുതി കൂട്ടണോ എന്ന ചോദ്യം അന്തരീക്ഷത്തിൽ അലയടിച്ചു. വേണമെന്നോ വേണ്ടെന്നോ പറയാനൊരു വിമ്മിട്ടമായിരുന്നു. അമേരിക്കയിൽ ജനസംഖ്യയുടെ 48% ആദായ നികുതി കൊടുക്കുമ്പോൾ ഇവിടെ 5 ശതമാനത്തിൽ താഴെ മാത്രം എന്നതും ആരും മിണ്ടിയില്ല. നമ്മുടെ നാടാ ഭേദം എന്നു പലരും മനസ്സിലോർത്തു.

ഒടുവിലാൻ∙ അമേരിക്കയിൽ നികുതി കൂട്ടിയാൽ, നികുതിയും ചെലവും കുറഞ്ഞ രാജ്യങ്ങളിലേക്ക് സംരംഭകരും തൊഴിലവസരങ്ങളും  പോകുമത്രേ. അപ്പോൾ ഇന്ത്യക്കാർക്കു കോളാവും എന്നു മനപ്പായസം കുടിക്കാം.

English Summary : Business Boom Column by P. Kishore - US President Joe Biden to propose tax hikes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.