ദോശ പോലും സ്വന്തമായി ചുട്ടു പരിചയമില്ലാത്ത കമ്പനി, പക്ഷേ വിപണി മൂല്യം ലക്ഷം കോടി; യാഥാർഥ്യം ഇങ്ങനെ

HIGHLIGHTS
  • കമ്പനികളുടെ വാല്യുവേഷൻ എന്നതു പുതിയ നമ്പറാണ്
  • കൂറ്റൻ വാല്യുവേഷൻ കിട്ടിയ കമ്പനികളുടെ ഓഹരി വാങ്ങാനാണ് നിക്ഷേപകരുടെ ഇടി
SKOREA-IT-TELECOM-SAMSUNG-SMARTPHONE
സ്മാര്‌ട് ഫോൺ. ചിത്രം : എഎഫ് പി
SHARE

കോവിഡ് കാലത്ത് ആപ്പുകൾ ഉപയോഗിച്ചു ജീവിക്കുന്നവരുടെ അന്നദാതാക്കളായ കമ്പനി ഐപിഒ നടത്തിയപ്പോൾ സൂപ്പർ ഹിറ്റ് പടത്തിന്റെ ടിക്കറ്റിനെന്ന പോലെ ഇടിയായിരുന്നു. 76 രൂപയ്ക്കാണ് ഓഹരികൾ വിറ്റതെങ്കിലും ദിവസങ്ങൾക്കകം വില ഇരട്ടിക്കടുത്തെത്തി. കമ്പനി റസ്റ്ററന്റുകളൊന്നും നടത്തുന്നില്ല, ഭക്ഷണ വിതരണം നടത്തുന്നവർ അവരുടെ നേരിട്ടുള്ള ജീവനക്കാരുമല്ല. ഒരു ദോശ പോലും സ്വന്തമായി ചുട്ടു പരിചയമില്ലാത്ത കമ്പനിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി കവിഞ്ഞു.

കാർ കണ്ടു പിടിച്ച ഫോഡ് കമ്പനിയും ജനറൽ മോട്ടോഴ്സും ടൊയോട്ടയുമൊന്നും ഇന്നലെ കിളിർത്ത കുമിളായ ടെസ്‌ലയുടെ മുന്നിൽ വിപണി മൂല്യത്തിലോ വാർത്താ പ്രാധാന്യത്തിലോ ഏഴയലത്തു വരില്ല. ടെസ്‌ലയുടെ വിപണി മൂല്യം 67000 കോടി ഡോളർ.  ഫോഡിന് 5700 കോടി ഡോളർ മാത്രം. (രൂപയിൽ ഈ തുകകൾ എഴുതിയാലും മനസ്സിലാകുമോ!) പോയിന്റ് എന്താന്നു വച്ചാൽ 100 കൊല്ലം പഴക്കമുളളതും കാറിനെ റോഡുകളിൽ പരിചയപ്പെടുത്തിയതും ഫോഡാണെന്നു മേനി പറഞ്ഞിട്ടു കാര്യമില്ല. പുത്തൻകൂറ്റുകാർ അടിച്ചുകയറി. 

പന്തീരായിരപ്പറ നിലം ഉണ്ടായിരുന്നെന്നും കൊല്ലുംകൊലയും നടത്തിയിരുന്നെന്നും തറവാടിത്ത ബടായി പറഞ്ഞിട്ടു കാര്യമില്ലല്ലോ. ഗൾഫുകാർ വന്ന് പഴയ തറവാടുകളൊക്കെ വാങ്ങിയ പോലെ ടെസ്‌ലയ്ക്കു വേണമങ്കിൽ കുറേ ഫോഡുകളെ വിലയ്ക്കെടുക്കാം. ഇന്നു ടെക് കമ്പനികളാകുന്നു തകർത്തു വാരുന്നത്. അവരുടെ വളർച്ചയ്ക്ക് കോവിഡും സഹായം ചെയ്തു. പക്ഷേ അടിയിൽ ചില നഗ്നയാഥാർഥ്യങ്ങളുമുണ്ട്.

business-boom-tesla-electric-car-model-y
ടെസ്‌ല മോഡൽ വൈ ഇലക്ട്രിക് കാർ. ചിത്രം: ടെസ്‌ല

കമ്പനികളുടെ വാല്യുവേഷൻ എന്നതു പുതിയ നമ്പറാണ്. ഓഫിസിന്റേയോ കെട്ടിടത്തിന്റേയോ ഉപയോക്താക്കളുടേയും ജീവനക്കാരുടേയോ എണ്ണമോ വിലയോ ഒന്നും കണക്കാക്കിയല്ല മൂല്യം നിർണയിക്കുന്നത്. ഭാവിയിലെ വളർച്ചയും അതുപോലുള്ള സാങ്കൽപ്പിക കാര്യങ്ങളും നോക്കിയിട്ടാണ്. ശതകോടികളുടെ വെഞ്ച്വർ കാപിറ്റൽ നിക്ഷേപവും അവർക്കു വന്നു മറിയുന്നു. കമ്പനി അഥവാ സ്റ്റാർട്ടപ് വൻ നഷ്ട‌ത്തിലാവാം. എന്നിട്ടും കൂറ്റൻ വാല്യുവേഷൻ കിട്ടിയ കമ്പനികളുടെ ഓഹരി വാങ്ങാനാണ് നിക്ഷേപകരുടെ ഇടി. പലപ്പോഴും ഈ അമിത മൂല്യം വെറും ചീട്ടുകൊട്ടാരമായി മാറിയിട്ടുണ്ട്.

അങ്ങനെ കൈപൊള്ളിയ വെഞ്ച്വർ കാപിറ്റൽ ഫണ്ടാണ് ജപ്പാനിലെ സോഫ്റ്റ്ബാങ്ക്. വി വർക്ക് എന്നൊരു ഓഫിസ് ഷെയറിങ് കമ്പനിയിൽ കോടികളിട്ടെങ്കിലും ആദ്യ ഓഹരി വിൽപന തന്നെ പൊളിഞ്ഞ് കമ്പനി പൊട്ടി. വയർകാർഡ്, ഗ്രീൻസിൽ തുടങ്ങി സോഫ്റ്റ് ബാങ്കും മറ്റനേകം പേരും നിക്ഷേപം നടത്തിയ കമ്പനികളും പാളീസായി. എല്ലാം ഹൈടെക് കമ്പനികളായിരുന്നു.

ഒടുവിലാൻ∙ ലീമാൻ ബ്രദേഴ്സ്, എൻറോൺ,മെറിൽ ലിഞ്ച്,വേൾഡ്കോം....പൊളിഞ്ഞ വൻ കമ്പനികളാണ്. ഇനി പൊളിയാൻ പോകുന്നത് ടെക് കമ്പനികളാണെന്നൊരു ശ്രുതി പരന്നിട്ടുണ്ട്. പനപോലെ വളരുന്നതുകണ്ട് അസൂയക്കാർ  പറയുന്നതാണോന്നറിയില്ല. ജാഗ്രതൈ.

LEHMAN/
ന്യൂയോർക്കിലെ ലീമാൻ ബ്രദേഴ്സ് ആസ്ഥാന മന്ദിരം. ചിത്രം : റോയിട്ടേഴ്സ്

Content Summary : Businees Boom - Business Valuation Trends

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.