സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി ആയിരം കോടിയിലേറെ മുടക്കി നഗരത്തിൽ സ്ഥാപിക്കാൻ തുടങ്ങിയപ്പോൾ ലോക്കൽ ആളുകളുടെ വൻ പുകിലായിരുന്നു– ഇവിടെ മാലിന്യം വരും. മാലിന്യ സംസ്ക്കരണത്തിന് പ്ളാന്റ് ഉൾപ്പടെ എല്ലാ സൗകര്യവും ഉണ്ടെന്നു വ്യക്തമാക്കിയപ്പോൾ ഞങ്ങൾക്ക് ഇവിടെ ആശുപത്രി വേണ്ട എന്നായി. കാരണമൊന്നുമില്ല. വേണ്ട അത്ര തന്നെ.
വർഷങ്ങളാണ് തർക്കത്തിൽ പാഴായത്. വിദേശമലയാളി പണമുണ്ടാക്കി നാട്ടിൽ എന്തെങ്കിലും ചെയ്യണമല്ലോ എന്നു വിചാരിച്ചു പോയതാണ്. ക്ഷവരപ്പിച്ച ശേഷമേ കാര്യം നടന്നുള്ളു. ഷിക്കാഗോയിൽ സ്വന്തം ഭക്ഷ്യ സംസ്ക്കരണ ഫാക്ടറിയുള്ള മലയാളി വ്യവസായ പാർക്കിൽ അത്യാധുനിക ഭക്ഷ്യസംസ്ക്കരണ പ്ളാന്റ് സ്ഥാപിച്ചു. സർക്കാരിന്റെ പ്രധാന വകുപ്പ് അനുമതി നൽകില്ല. പലതരം കാരണങ്ങൾ പറഞ്ഞ് ഒരു വർഷത്തോളം വൈകിപ്പിച്ചു.
കാര്യകാരണമൊന്നുമില്ല, വെറും മൊഡ മാത്രം. നമ്മൾ സുഖമായി ഓണം ഉണ്ട് ചാരിയിരിക്കുന്നു. പിന്നെ ഇതൊക്കെ എന്തിനാ? നമ്മളൊക്കെ ജോലിയുള്ളവരോ പെൻഷൻ വാങ്ങുന്നവരോ സ്വസ്ഥമായി ജീവിക്കുന്നവരോ ആകുന്നു. അതിനിടെ അലോസരങ്ങളെന്തിന്? ജനം വോട്ട് ചെയ്ത് കേറ്റുന്ന പഞ്ചായത്തുകൾക്കും വാർഡ് മെംബർമാർക്കും ഇതേ മനോഭാവം.

ഇവരുടെ കുട്ടികൾ എവിടെയാണു ജോലി ചെയ്യുന്നത്? അല്ലെങ്കിൽ എവിടെ പഠിക്കുന്നു? അവർക്ക് നാട്ടിൽ ജോലി വേണം എന്ന ചിന്തയില്ലേ? മിക്കവാറും പേർ അവരുടെ തന്നെ ഭാഷയിൽ ‘‘ബായ്ങ്ഗ്ളൂരിലോ യൂക്കേലോ യൂഎസ്സേലോ കാനഡായിലോ ഗെൽഫിലോ.’’ പഠിക്കുന്നത് കേരള സിലബസിലല്ല. ഇംഗ്ലിഷ് മീഡിയം തന്നെ വേണം. കാരണം സിംപിൾ. അന്യനാട്ടിൽ ജോലിക്ക് പോകാൻ മലയാളം പോരാ. അതിന് ഇംഗ്ലിഷ് തന്നെ വേണം.
കുടിക്കു കുറവില്ലെങ്കിലും മദ്യത്തെ തള്ളിപ്പറയും. കിട്ടാതായാൽ വാറ്റിക്കുടിച്ച് വാറ്റിന്റെ ഗുണഗണങ്ങൾ വാഴ്ത്തും. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഇതു വ്യാപകമായി കേട്ടതാണ്. വേറൊരു നാട്ടിലും ഇത്തരം ഹിപ്പോക്രിസി കാണില്ല. വേറേ ഒരു പണിയുമില്ലെങ്കിൽ പരിസ്ഥിതി പ്രേമിയായി അഭിനയിക്കും. നാട്ടിനു പ്രയോജനമുള്ള പദ്ധതികൾ മുടക്കാൻ നോക്കും. കനാലിൽ നിന്നോ തോട്ടിൽ നിന്നോ ദൂരപരിധി പോരെന്നുള്ള കേസ് ഗ്രീൻ ട്രൈബ്യൂണലും സുപ്രീംകോടതിയും വരെ തള്ളിയാലും പിന്നെയും കൊണ്ടു നടക്കും.
റോഡ് വീതി കൂട്ടേണ്ട, ഹൈവേ വേണ്ട, അല്ലെങ്കിൽ ഹൈവേയുടെ വീതി കുറയ്ക്കണം...അല്ലെങ്കിൽ റോഡിന്റെ ഇരുവശത്തെയും കെട്ടിടങ്ങൾ ഇടിച്ച് വീതികൂട്ടണം. ഒഴിഞ്ഞ സ്ഥലത്തുകൂടി പറ്റില്ല, അവിടെ കൃഷി ഇല്ലാത്ത വയലാണെങ്കിൽ പോലും. ഇമ്മാതിരി വിചിത്ര ആവശ്യങ്ങൾ ബുദ്ധിജീവികൾ പോലും ഉന്നയിക്കുന്ന വേറൊരു നാടുമില്ല. നമുക്കെന്തോ വാമനൻ കോംപ്ലക്സുണ്ട്. എന്തും ചവിട്ടി താഴ്ത്തണം.
ഒടുവിലാൻ∙സകല പോക്കറ്റിലും മൊബൈൽ വേണം, പക്ഷേ മൊബൈൽ ടവർ എന്റെ വാർഡിൽ വേണ്ട, മറ്റേതെങ്കിലും നാട്ടുകാരുടെ പിടലിക്ക് വച്ചോട്ടെ.
Content Summary : The mindset of malayalis against development projects