ചീട്ടു പിടിക്കുന്ന കൈ വിറയ്ക്കുന്നതു കണ്ടാൽ മറ്റു കളിക്കാർക്കറിയാം, പൊട്ടി; റമ്മി കളി ഭ്രാന്തായാൽ..

HIGHLIGHTS
  • ചിലർക്ക് കൈഭാഗ്യം കാണും. അവർ കളിക്കാനിരുന്നാൽ ‘കൈ കേറും’
  • റമ്മി കളിയിൽ ഭ്രാന്തായി കടം കേറിയവരും കുത്തുപാളയെടുത്തവരും തോട്ടവുമൊക്കെ പോയവരുമുണ്ട്
US-GAMES-LIFESTYLE-POKER-01
Photo Credit : Robert Sullivan / AFP
SHARE

പഞ്ചനക്ഷത്ര ഹോട്ടലിൽ മുറികൾ എടുത്തു കൂടിയിരിക്കുകയാണ് പണച്ചാക്കുകൾ. പല മുറികളിലാണു താമസമെങ്കിലും പകലും രാത്രിയും മിക്കവാറും ഒരു സ്വീറ്റിലായിരിക്കും അടയിരിക്കുന്നത്. ബാഗ് തുറന്ന് കെട്ടുകൾ എടുത്തുവയ്ക്കുന്നു. 500 രൂപയുടെ 100 നോട്ടുകളുടെ കെട്ട്. 50000 രൂപ. അങ്ങനെ 10 കെട്ടുകൾ അടങ്ങിയ ബണ്ടിൽ. 5 ലക്ഷം രൂപ. അത്തരം ബണ്ടിലുകളുമായാണ് കളിക്കാൻ വരവ് അങ്ങനെ രണ്ടോ മൂന്നോ കെട്ടുകൾ ബാഗിൽ കണ്ടേക്കും. മലവെള്ളം പോലെ പണം ഒഴുകും.

റമ്മി കളിയാകുന്നു ഇവിടെ. അത്തരം ഹോട്ടലുകളിൽ വട്ടമിട്ടിരുന്നുള്ള മേജർ സെറ്റ് റമ്മി കളിക്ക്  ‘സ്റ്റേക്ക്’ ഭയങ്കരമാണ്. ഫസ്റ്റ് റമ്മി 40000, സെക്കന്റ് 20000, തേഡ് റമ്മി 10000. അങ്ങനെ കളിച്ചു മുന്നേറുന്നു. പണം വച്ചു ചീട്ടുകളിയുടെ ലോകത്ത് 2000–1000–500 വീതം കളിക്കുന്നവരും വെറും 40–20–10 കളിക്കുന്നവരുമൊക്കെയുണ്ട്. പതിനായിരത്തിന്റെ നോക്ക് ഔട്ടുണ്ട്. സ്റ്റേക്ക് എത്ര വേണമെന്ന് കളിക്കാരാണ് ആദ്യമേ തീരുമാനിക്കുക. കണക്കെഴുതിവച്ച് അവസാനം വിട വാങ്ങുമ്പോൾ ചിലർക്കു കാശു പോകും ചിലർക്കു കിട്ടും. അതൊന്നും വിഷയമല്ല. 

ഇത്തരം വൻകിട ചീട്ടുകളിക്കാരുടെ ലോകം രസമാണ്. അവർ ചങ്കുകളാവാം, ചങ്കായി അഭിനയിക്കുന്നവരുമാകാം. ഏതു ദിവസവും കോടികളാണ് ഇങ്ങനെ കൈമറിയുന്നത്. നികുതി ഇല്ലാത്തതിനാൽ സർക്കാരിനു പ്രയോജനം ഇല്ലെങ്കിലും താമസിക്കുന്ന ഹോട്ടലുകാർക്ക് മുറിവാടക, ഭക്ഷണ,പാനീയ, ടിപ്പ് ഇനങ്ങളിൽ കോളാണ്. വൻകിടക്കാരുടെ പണപ്പയറ്റ് ആയതിനാൽ നമുക്കാർക്കും പരാതി വരേണ്ട കാര്യവുമില്ല. ആർക്ക് കിട്ടിയാലെന്ത്, പോയാലെന്ത് നമുക്കൊന്നുമില്ലേ...

തിങ്കളാഴ്ച വീട്ടിൽ നിന്നിറങ്ങി പലവിധ ഗാങ്ങുകളുമായി കളിച്ചിട്ട് ശനിയാഴ്ച തിരിച്ചെത്തുന്നവർ പോലുമുണ്ട്. ചിലർക്ക് കൈഭാഗ്യം കാണും. അവർ കളിക്കാനിരുന്നാൽ ‘കൈ കേറും’. എന്നു വച്ചാൽ നല്ല ചീട്ടുകൾ കയ്യിൽ വരും. മണിക്കൂറുകൾ കൊണ്ടു ലക്ഷങ്ങളുണ്ടാക്കും. കാശു പോകുന്നവർ പിന്നൊരവസരത്തിൽ തിരിച്ചുപിടിക്കാമെന്നു സമാധാനിക്കും. ചീട്ടു പിടിക്കുന്ന കൈ വിറയ്ക്കുന്നതു കണ്ടാൽ മറ്റു കളിക്കാർക്കറിയാം– പൊട്ടി.

ഇവിടുത്തെ കളി പോരാഞ്ഞിട്ട് പ്ലെയിൻ കയറി ദുബായിൽ പോയി കളിക്കുന്നവരുണ്ട്. അവിടെ വെള്ളി അവധിയുടെ തലേന്നു വൈകിട്ടു തുടങ്ങുന്ന കളി പുലർച്ചെ വരെ നീളും. കളിക്കമ്പക്കാർ മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നു കാറോടിച്ചോ പറന്നോ എത്തും. 

റമ്മി കളിയിൽ ഭ്രാന്തായി കടം കേറിയവരും കുത്തുപാളയെടുത്തവരും വസ്തുവഹകളും തോട്ടവുമൊക്കെ പോയവരുമുണ്ട്. കളിച്ചു കാശ് കിട്ടിയവരും കളിയെ ഉപജീവനമാക്കിയവരുമുണ്ട്. വലിയ ലാഭമില്ലെങ്കിലും നഷ്ടം വന്നില്ലെന്നാണു പൊതുവെ പറയുക. കിട്ടിയ ലാഭം വട്ടച്ചെലവുകൾക്കുപയോഗിക്കുകയും ചെയ്യാം.ദിവസവും എത്ര കോടി കേരളത്തിൽ ചീട്ടുകളിയിൽ മറിയുന്നു? കണക്കുകളില്ല. 

ഒടുവിലാൻ ∙ കോളജ് ഹോസ്റ്റലിൽ ചീട്ടുകളിയിൽ കാശുണ്ടാക്കുന്നവർ പണ്ടേയുണ്ട്. പഠിത്തച്ചെലവിനുള്ള കാശിനു പുറമേ വീട്ടിലേക്കും കാശയച്ചവരുണ്ട്.

Content Summary : Business Boom - Why are card games always so popular?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS