ചൈനയിലെ ഗ്വാങ്ഷു നഗരത്തിൽ പോയി പ്ലാസ്റ്റിക്കും പാവകളും ഉൾപ്പടെ സർവ ലൊട്ടുലൊടുക്കു സാധനങ്ങളും കണ്ടെയ്നറിൽ കയറ്റി ഇവിടെത്തിച്ചു വിറ്റിരുന്ന ചങ്ങാതിയോടു ചോദിച്ചു– കോവിഡിനു ശേഷം ചൈനീസ് യാത്രയുണ്ടോ?
ഏയ്...ഏതു ചൈന, എന്തു ചൈന? ചൈനയിൽ പോക്കു തന്നെ നിർത്തി. കോവിഡ് മാത്രമല്ല കാരണം. ഇറക്കുമതിച്ചെലവു കൂടി. പഴയ കാലത്ത് 40,000 രൂപ കടത്തുകൂലിക്കു കിട്ടിയിരുന്ന കണ്ടെയ്നറിന് ഇപ്പോൾ 3–4 ലക്ഷമാണ്. മുതലാകില്ല. പകരം ഇന്ത്യയിൽ നിർമിക്കുന്നവരിൽനിന്നു വാങ്ങും. ചെന്നൈയിലും ബെംഗളൂരുവിലും മറ്റും മൊത്തക്കച്ചവടക്കാരുണ്ട്. കുറഞ്ഞ വിലയ്ക്കു കിട്ടും...!
ഇങ്ങനെയൊരു മാറ്റം കേരളത്തിൽ മാത്രമല്ല ലോകമാകെ വന്നിട്ടുണ്ട്. ചിലർ വിയറ്റ്നാമിലേക്കും ഫിലിപ്പീൻസിലേക്കുമൊക്കെ മാറി. അവിടങ്ങളിൽ കൂലി കുറവായതിനാൽ സർവ സാധനവും ചൈനയിലേക്കാൾ വില കുറച്ചു കിട്ടുമത്രെ. ചില രാജ്യങ്ങളിലെ സർക്കാരുകളും അവസരം മുതലാക്കാൻ ചൈനയ്ക്കു പാരകൾ പണിയുന്നുമുണ്ട്. ഉദാ– ചൈനീസ് കണ്ടെയ്നറുകൾ വന്നാൽ ക്ലിയർ ചെയ്തു കിട്ടാൻ കാലതാമസമാണ്. അവിടെ കിടക്കട്ടെ എന്ന മട്ടാണത്രെ. പല ഉൽപന്നങ്ങളുടെയും നിലവാര നിഷ്ക്കർഷ ഉയർത്തിയും ചൈനയെ ഔട്ടാക്കി.

നമ്മുടെ പ്രശസ്ത കുട നിർമാതാക്കൾ ചൈനയിൽ നിന്ന് കുടത്തുണി മാത്രമാണ് ഇപ്പോൾ ഇറക്കുന്നത്. കോട്ടിങ് ഉള്ള കുടത്തുണി ഇപ്പോഴും ചൈനയിലാണു ബെസ്റ്റ്. പിടിയും കമ്പിയും ട്യൂബുമെല്ലാം ഇവിടെ ഉണ്ടാക്കാൻ ഏർപ്പാടുകളായി. കേരളത്തിലല്ല തമിഴ്നാട്ടിലും രാജസ്ഥാനിലുമൊക്കെയാണ്. കേരളം സർവതിനും ചെലവു കൂടിയ നാടായതിനാൽ (ഹൈ കോസ്റ്റ് ഇക്കോണമി) കുറ്റം പറയാനില്ല.
ചൈനയിൽ പോയി ‘മാന്യുഫാക്ചറിങ്’ നടത്തുന്നതിന്റെ ആകർഷണവും പോയെന്നാണ് പാശ്ചാത്യ ബഹുരാഷ്ട്ര കമ്പനിക്കാർ പറയുന്നത്. ‘കോമൺ പ്രോസ്പിരിറ്റി’ അഥവാ പൊതു അഭിവൃദ്ധി എന്നൊരു നയം പ്രസിഡന്റ് ഷി ജിൻപിങ് പുറത്തിറക്കി. കുറേ വൻകിട കമ്പനികൾ മാത്രം പന പോലെ വളർന്നു വലുതാകരുത് എല്ലാവരും അഭിവൃദ്ധിപ്പെടണം എന്നൊക്കെ പലതരം അർഥങ്ങളാണ്. അലിബാബ പോലെ ചൈനീസ് വൻകിട കമ്പനികളെ പിളർത്തി ചെറുതാക്കി. അവരുടെ ഓഹരി വിൽപനയ്ക്കു ക്ലിപ്പിട്ടു.

ചൈനയിൽ ആകെ വശക്കേടാണെന്ന് യൂറോപ്യൻ–അമേരിക്കൻ കമ്പനികൾക്കു തോന്നിത്തുടങ്ങി. ഇനി എന്നാണോ നമ്മുടെ കൊങ്ങയ്ക്കു പിടിക്കുന്നതെന്ന ശങ്ക ഉണ്ടായി. സകലരും വേറേ വഴി തേടിത്തുടങ്ങി. ‘വേറേ വഴി’യുടെ വക്കിൽ വിയറ്റ്നാമും നാമും ഉണ്ട്. ഐഫോൺ നിർമാണം ഇന്ത്യയിൽ തുടങ്ങിയതും മറ്റും അതിന്റെ ഭാഗം. പോരട്ടങ്ങനെ പോരട്ടെ.
ഒടുവിലാൻ∙ കുടത്തുണി ഒഴികെ സകലതും ഇവിടെ ഉണ്ടാക്കുന്നതിനെപ്പറ്റി, ഞങ്ങൾ ‘ബാക്‌വേഡ് ഇന്റഗ്രേഷൻ’ നടപ്പാക്കി എന്നാണ് കുട നിർമാണ കമ്പനികളിലെ എംബിഎക്കാരായ പുതുതലമുറ പറയുക.
Content Summary : Business Boom Column - Changing China: How Xi's 'common prosperity' may impact the world