2022 പിറക്കുമ്പോൾ സകലർക്കും ആധിയാണ്, ബിസിനസ് പച്ചപിടിക്കുമ്പോൾ ഇനിയുമൊരു ലോക്ക്ഡൗൺ വന്നാൽ...

HIGHLIGHTS
  • സാമ്പത്തിക കോവിദൻമാർ 2022 എങ്ങനെയുണ്ടാവുമെന്നു പ്രവചിക്കുന്നതിന്റെ തിരക്കിലാണ്
  • ഓമിക്രോണോ കൊറോണേടെ കുഞ്ഞമ്മേടെ മോനോ വന്നു പോയാൽ ലോക്ക്ഡൗൺ
business-boom-will-the-world-economy-return-to-normal-in-twenty-twenty-two
Photo Credit : CeltStudio / Shutterstock.com
SHARE

ആകെ വലഞ്ഞിരിക്കുമ്പോഴാണ് കാണാൻ ആരും എത്തുന്നതെന്നു ജ്യോതിഷികൾക്കറിയാം. കഷ്ടകാലം തീരുമോ, ഗുണം പിടിക്കുമോ എന്നറിയാനാണു വരുന്നത്. ആശങ്കകളില്ലാതെ ഹാപ്പിയായിട്ടിരിക്കുമ്പോൾ ആരും അവരെ തേടി പോകാറില്ല. അതുപോലാണ് സാമ്പത്തിക രംഗത്തെ സ്ഥിതി. സർവ വിപണി വിദഗ്ധരും ബ്ളൂംബെർഗ് പോലുള്ള മാധ്യമങ്ങളും സാമ്പത്തിക കോവിദൻമാരും 2022 എങ്ങനെയുണ്ടാവുമെന്നു (Economic Risks for 2022) പ്രവചിക്കുന്നതിന്റെ തിരക്കിലാണ്. 

സകലർക്കും ആധിയാണ്. അടച്ചിട്ടിരുന്ന ഹോട്ടൽ തുറന്നു കുറേ പണി നടത്തി ജനം വന്നു തുടങ്ങിയിട്ടേയുള്ളു, തിയറ്റർ 2 കൊല്ലം പൂട്ടിയിട്ടിട്ട് തുറന്നു ഫ്യൂമിഗേറ്റ് ചെയ്തു പ്രൊജക്ടർ നന്നാക്കി പടം ഓടി ആള് കേറിത്തുടങ്ങി, ഹാളുകളിൽ തിരിച്ചുവന്ന കല്യാണങ്ങൾക്കു തുണിയെടുക്കൽ, സ്വർണം, കേറ്ററിംഗ്, സ്റ്റുഡിയോ, ഈവന്റ് മാനേജ്മെന്റ്...!! അനേകം ബിസിനസുകൾ പതുക്കെ പച്ചപിടിക്കുകയാണ്. കുറേക്കാലം പൂട്ടിയിട്ടതു തുറക്കാൻ കാശ് ചെലവുണ്ടേ...എല്ലാം കഴിഞ്ഞിട്ട് പിന്നെയൊരു ഓമിക്രോണോ (Omicron Coronavirus) കൊറോണേടെ കുഞ്ഞമ്മേടെ മോനോ വന്നു പോയാൽ ലോക്ക്ഡൗൺ...!!! മുടക്കിയ കാശ് സ്വാഹാ! 

business-boom-will-the-world-economy-return-to-normal-in-twenty-twenty-two-global-trend
Photo Credit : GstockStudio / Shutterstock.com

കേൾക്കാൻ കൊള്ളാവുന്നൊരു കാര്യം ആദ്യമേ പറയാം. സകലരുടേയും കയ്യിൽ ശകലം സമ്പാദ്യമുണ്ട്. കഴിഞ്ഞ 2 വർഷം ചെലവില്ലായിരുന്നല്ലോ. ആ കാശ് മാർക്കറ്റിലോട്ട് ഇറക്കിയാൽ....! തീറ്റ, കുടി, വസ്ത്രം, കാറോ ബൈക്കോ, മാലയോ വളയോ മാറ്റി വാങ്ങൽ, വീട് പെയിന്റടി...ഏതു രീതിയിൽ കാശ് ഇറങ്ങിയാലും വിപണിക്കു നേട്ടമാണ്. പക്ഷേ സകലതിനും വില കൂടിയിരിക്കുന്നു. നാണ്യപ്പെരുപ്പമാണത്രെ. മൊത്ത വ്യാപാര വില അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 14% കവിഞ്ഞു, ഭക്ഷ്യം–6.7%. ശതമാനക്കണക്കു കൊണ്ടു തോറ്റു.

റിസർവ് ബാങ്ക് വെറുതേ ഇരിക്കില്ല. രാജ്യത്താകെ കാശിന്റെ പെരുപ്പമോ, ആരവിടെ ഉയരട്ടെ പലിശ നിരക്കുകൾ...! പെൻഷൻ കിട്ടിയ കാശ് ബാങ്കിൽ എഫ്ഡി ഇട്ട് പലിശ വാങ്ങുന്നവർ അതു കേട്ടു കോൾമയിർ കൊള്ളും. പക്ഷേ നിക്ഷേപ പലിശ കൂടുമ്പോൾ വായ്പാ പലിശയും കൂടും. ബിസിനസ്–കൃഷി ആവശ്യങ്ങൾക്ക് ബാങ്ക് കടമെടുക്കൽ കുഴയും. 

അമേരിക്കയുടെ ഫെഡറൽ റിസർവും പലിശ കൂട്ടാൻ പോവുകയാണത്രെ. അവിടെ പലിശ കൂടിയാൽ ഇവിടെ ഓഹരി വിപണികളിൽ നിന്നു വിദേശ നിക്ഷേപം പുറത്തേക്കൊഴുകും. മാർക്കറ്റ് ഠിം!

ചൈനീസ് റിയൽ എസ്റ്റേറ്റ് ഇടിഞ്ഞു. പലയിടത്തും ലോക്ക്ഡൗണാണത്രെ. വൈദ്യുതി വില കൂടി. ജിഡിപി വളർച്ച 6% പ്രവചിച്ചത് ഇപ്പോൾ വെറും 0.8% മാത്രം. അങ്ങനെ പോരട്ടെ എന്നു നമുക്കു തോന്നാമെങ്കിലും ലോകമാകെ മാന്ദ്യം വരും ചൈന വീണാൽ.

2022 എങ്ങനെ? പ്രവാചകൻമാരേ പറയൂ....

business-boom-will-the-world-economy-return-to-normal-in-twenty-twenty-two-global-trend-recession
Photo Credit : Fizkes / Shutterstock.com

ഒടുവിലാൻ∙ വിദഗ്ധരുടെ വെബിനാറുകൾ സർവത്രയാണ്. ചിലതിനു കാശ് കൊടുത്തു ലോഗിൻ ചെയ്യണം. ആധി മൂത്ത് ജനം ലോഗിൻ ചെയ്യുമെന്ന് അവർക്കറിയാം.

Content Summary : Business Boom - Will the world economy return to normal in 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS