മലയാളിയെ എന്തിനു കൊള്ളാം!

fruits-choice-container-super-market
Representative Image. Photo Credit : Peangdao/Shutterstock.com
SHARE

സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും കൂട്ടിവച്ചിരിക്കുന്നത് മനോഹരമായ പച്ചക്കറികളും പഴവർഗങ്ങളും. നാട്ടിൽ കൃഷി ചെയ്ത വഴുതനങ്ങയോ വാഴപ്പഴമോ പറിച്ചാൽ ഈ ഭംഗി കാണുന്നില്ല. ഇതൊക്കെ എവിടെ നിന്നു വരുന്നു എന്ന്, കണ്ടുപരിചയമില്ലാത്തവർ അന്തംവിടും. ആരാകിലെന്ത്, മിഴിയുള്ളവർ നോക്കി നിൽക്കും എന്നു കവി പാടിയപോലാണ്. 

സുന്ദരമായ പച്ചക്കറികളും പഴങ്ങളും വരുന്നതിനു പിന്നിൽ വലിയൊരു ലോജിസ്റ്റിക് ശൃംഖലയുണ്ട്. അവ കൃഷി ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്ന സ്ഥലങ്ങളുണ്ട്. എല്ലാ പുതിയ ബിസിനസുകളിലും ഒറ്റപ്പെട്ടു പോകുന്ന കേരളം ഈ സൂപ്പർമാർക്കറ്റ് ബിസിനസിലും തഴയപ്പെട്ടു. ഇവയൊക്കെ ശേഖരിക്കുന്നതും കൊണ്ടു വരുന്നതും കോയമ്പത്തൂർ, പൊള്ളാച്ചി,മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ്. കൃഷിയും ലോജിസ്റ്റിക് ഹബും അവിടെയാണ്. 

പ്രമുഖ മലയാളി വ്യവസായി ഭക്ഷ്യ സംസ്ക്കരണത്തിലേക്കു തിരിഞ്ഞ് പുതിയൊരു വെർട്ടിക്കൽ (വരുമാന സ്രോതസ്) ഉണ്ടാക്കിയപ്പോൾ കേരളം അതിലില്ല. മണ്ണും മഴയും ഉണ്ടെങ്കിലും ഇബഡെ എബഡെ കൃഷി? അന്യനാട്ടിൽ കൃഷി ചെയ്തുണ്ടാക്കി സൂപ്പർമാർക്കറ്റുകാർക്കു വിറ്റതു വാങ്ങി തിന്നാനേ നമുക്കു വിധിയുള്ളൂ.

മൈസൂറിലും പൊള്ളാച്ചിയിലും കോയമ്പത്തൂരിലും മറ്റും കാർഷികോൽപന്നങ്ങളുടെ പ്രിസിഷൻ കൃഷിയുണ്ട്. ന്യൂജെൻ കൃഷിയാണ്. തൈ നടും മുമ്പേ വൻകിട സൂപ്പർമാർക്കറ്റ് ചെയിനുകളുമായി ധാരണയുണ്ടാക്കും. വിത്തിടുന്നതു മുതൽ വിളവു വരെ കൃത്യമായിരിക്കും. ലോറി കൃഷിയിടത്തിനരികെ വരും, അവിടെത്തന്നെ കുമ്പളങ്ങയും മത്തങ്ങയും തണ്ണിമത്തനും മാതളവും കാബേജും കോളിഫ്ളവറും മുളകും തക്കാളിയും മറ്റും കഴുകി ചെളി കളഞ്ഞ് ലോറിയിൽ കയറ്റും. വിപണി വിലയേക്കാൾ ഒന്നോ രണ്ടോ രൂപ കൂട്ടി കൃഷി ബിസിനസ് ചെയ്യുന്നവർക്ക് (പഴയ കർഷകരല്ല) കിട്ടുന്നു.

ലോറികളിൽ ഇവ കേരളത്തിൽ പാലക്കാട് പോലെ ഒരിടത്തെത്തിക്കും. ഇന്നു പകൽ പറിക്കുന്ന പച്ചക്കറികളും പഴങ്ങളും അവിടെ വച്ചു രാത്രി തന്നെ തരംതിരിക്കും. നേരം വെളുക്കുമ്പോഴേക്കും കേരളത്തിലെ വിവിധ സൂപ്പർ–ഹൈപ്പർ മാർക്കറ്റുകളിലെത്തുന്നു. നിങ്ങൾ രാവിലെ വാങ്ങാൻ ചെല്ലുമ്പോൾ, തലേന്നു പറിച്ചെടുത്ത ഫ്രഷായ സാധനങ്ങൾ കിട്ടുന്നത് അങ്ങനെയാണ്.

എല്ലാറ്റിനും വില കൂടിയിട്ടുണ്ടെങ്കിലും ക്വാളിറ്റിക്കു കാശുകൊടുക്കാൻ ജനം തയാറാണ്. ഇവയുടെ ഗുണവും വിലയും നോക്കിയിട്ടാണ് ജനം കേറുന്നതെന്ന് സർവ സൂപ്പർമാർക്കറ്റുകാർക്കും അറിയാം.

വിദേശത്തു നിന്ന് ബെംഗളൂരുവിൽ ഇറക്കുമതി ചെയ്യുന്ന പഴവർഗങ്ങളും മൈസൂറിൽ നിന്നാണു കേരളത്തിലേക്കു ലോറി കയറുന്നത്. പ​ഞ്ചാബിൽ നിന്നുള്ള കീനോ ഓറഞ്ചും മൈസൂറിലെത്തും. വിപണി ഇവിടെ, ബിസിനസ് അവിടെ. മലയാളികളേ, ഹാ കഷ്ടം!

ഒടുവിലാൻ∙ പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരും കഴിയുന്നത്ര അന്യ നാടുകളിലേക്കു കുടിയേറാൻ നോക്കുന്നു. മുമ്പൊരിക്കലും കാണാത്തവിധമാണ് നാടുവിടൽ. മൈഗ്രേഷനു സഹായിക്കുന്ന ഏജൻസികൾക്ക് ചാകരയാണ്.

Content Summary: Business boom column on sale of fruits and vegetables in Kerala which are produced in other states

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS BOOM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA