സിനിമാക്കാർക്കും വരും പ്രവാസം

HIGHLIGHTS
  • സൗദി 10 വർഷത്തിനകം വിനോദരംഗത്ത് ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത് 6400 കോടി ഡോളറാണ്
SHARE

പതിറ്റാണ്ടുകളായി സിനിമ നിരോധിച്ചിരുന്ന സൗദി അറേബ്യയി‍ൽ തിയറ്ററുകളും സിനിമകളും വന്നതും വ്യാപകമായി ജനം കാണ്ടാസ്വദിക്കുന്നതും എല്ലാവരും അറിഞ്ഞുകാണുമല്ലോ. അതോടെ ഹോളിവുഡ് സിനിമകളുടെ ഷൂട്ടിംഗും സൗദിയിൽ തുടങ്ങിയിട്ടുണ്ട്. കാൻഡഹാർ എന്ന ബിഗ് ബജറ്റ് ആക്‌ഷൻ ത്രില്ലർ പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. അഫ്ഗാനിസ്ഥാനു പകരം സൗദിയിലെ അൽഉലയാണു ലൊക്കേഷൻ. ഡസേർട്ട് വോറിയർ എന്ന വേറൊരു പടവും ഷൂട്ട് ചെയ്യുന്നുണ്ട്. അതിൽ മലയാളികൾക്കൊരു കോള് വരേണ്ടതല്ലേ...? യേത്..????

പടം ഷൂട്ട് ചെയ്യാൻ ക്രൂ വേണം, ജൂനിയർ ആർട്ടിസ്റ്റുകൾ വേണം. ലൈറ്റ് ബോയ്സ്, ക്യാമറ അസിസ്റ്റന്റ് തുടങ്ങി 600 പേരുടെ ക്രൂ ആണത്രെ ഡെസേർട്ട് വോറിയർ പടത്തിന്. 40 രാജ്യങ്ങളിൽ നിന്നുള്ളവരാണ്. വെളുപ്പിനെ ഉണർന്ന് 12 മണിക്കൂർ പണി ചെയ്യേണ്ട പണികൾ പണ്ടേ പ്രവാസികൾക്കേ പറ്റൂ. അതുകൊണ്ടാണു പുറത്തു നിന്ന് ഇറക്കുമതി. ദിവസം 100 എക്സട്രാകളെയെങ്കിലും വേണം. തൽക്കാലം മറ്റു രാജ്യക്കാർ ചെയ്യുന്ന ഈ പണികൾ താമസിയാതെ മലയാളികൾ കബൂലാക്കണ്ടേ? നമുക്ക് ഈ പണി അറിയാവുന്നവർ പതിനായിരക്കണക്കിനുണ്ടല്ലോ.

സൗദിയിൽ സിനിമയുടെ ബിസിനസ് തുടങ്ങിയിട്ടേയുള്ളുവെങ്കിലും സമീപഭാവിയിൽ തന്നെ ആയിരക്കണക്കിനു കോടികളിലെത്തുമെന്നാണു പ്രവചനം. നിലവിൽ 500 സ്ക്രീനുകളുള്ളത് ഏതാനും കൊല്ലങ്ങൾക്കകം 2000 സ്ക്രീനുകളാവുമത്രെ. ബോക്സ് ഓഫിസ് വരുമാനം 100 കോടി ഡോളറിലെത്തുമെന്നും കണക്കുകൂട്ടന്നു–7500 കോടി രൂപ. സൗദിയിൽ സിനിമാ ടിക്കറ്റിന്റെ ശരാശരി നിരക്ക് ലോകത്തെ ഏറ്റവും ഉയർന്നതാണത്രെ– 18 ഡോളർ–ഏതാണ്ട് 1350 രൂപ. 

ഈജിപ്റ്റ് അതിർത്തിയിൽ ചെങ്കടലിനടുത്ത് നിയോമിൽ മീഡിയ ഹബ്ബാണ് സർക്കാർ നിർമ്മിക്കുന്നത്. വെറും 2000 പേർ മാത്രമുള്ള ഇവിടം 20 ലക്ഷം പേരുടെ നഗരമായി ഭാവിയിൽ മാറും. ഫോക്സ് സ്റ്റുഡിയോയിൽ മുമ്പു ജോലി പരിചയമുള്ള ഓസ്ട്രേലിയക്കാരനാണ് പദ്ധതിയുടെ നടത്തിപ്പ്. സിനിമാ നിർമ്മാണത്തിന്റെ എല്ലാവശങ്ങളും പോസ്റ്റ് പ്രൊ‍ഡക്‌ഷനും വിഷ്വൽ ഇഫക്റ്റ്സും ഉൾപ്പടെ ഇവിടെയുണ്ടാവും. 

സൗദി 10 വർഷത്തിനകം വിനോദരംഗത്ത് ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത് 6400 കോടി ഡോളറാണ്–ഏകദേശം 4.5 ലക്ഷം കോടി രൂപ. പെട്രോളിയം സമ്പദ് വ്യവസ്ഥയിലെ ആശ്രിതത്വം കുറയ്ക്കുന്നതിന്റെ ഭാഗമാണ് പുതിയ നിക്ഷേപങ്ങൾ. ചെറിയ ടൗണുകളിലും തിയറ്ററുകൾ തുടങ്ങുന്നുണ്ടെന്നു മാത്രമല്ല കഴിഞ്ഞ മാസം ജെദ്ദയിൽ റെഡ് സീ ഫിലിം ഫെസ്റ്റിവലും നടത്തി. 

സിനിമയെന്നും പറഞ്ഞ് നാട്ടിൽ തെക്കുവടക്കു നടക്കുന്ന മലയാളീസ് നോട്ട് ദ് പോയിന്റ്സ്. അവിടെ ജോലി അവസരങ്ങളുണ്ട്, ബിസിനസുമുണ്ട്.

ഒടുവിലാൻ∙ തൽക്കാലം ഹോളിവുഡുകാർ ചെയ്യുന്നതു നോക്കി പഠിച്ചിട്ട് പിന്നീട് നാട്ടുകാരുടെ കഥപറയുന്ന സിനിമകളുംവരും. ചൈനീസ് സിനിമക്കാർ ചെയ്തപോലെ. ഹോളിവുഡുകാരെ കണ്ടു പഠിച്ചാൽ മലയാളം സിനിമയും നന്നാവും.

English Summary : Business boom column on cinema business

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA