പസിഫിക്കിലൂടെ വലിയൊരു പ്ലാസ്റ്റിക് ചവറുമല ഒഴുകി നടക്കുന്നുവെന്ന് കുറച്ചുനാൾമുൻപു വാർത്ത വന്നിരുന്നു. മനുഷേമ്മാര് ഉപയോഗിച്ചു വലിച്ചെറിഞ്ഞു കളഞ്ഞ സർവ പ്ലാസ്റ്റിക് കൂടും കുപ്പിയും ജാറും ഡപ്പിയും ഡബ്ബയും ജ്യൂസ് പായ്ക്കുകളുമെല്ലാം ചവറു കൂനയിലുണ്ട്. വർഷം മനുഷ്യൻ 30 കോടി പ്ലാസ്റ്റിക് ചവറ് ഉണ്ടാക്കുന്നുവെന്നും അതിൽ 9% മാത്രം പുനരുപയോഗിക്കുന്നുവെന്നുമാണു കണക്ക്. 12% കത്തിച്ചു കളയുന്നുണ്ട്. ബാക്കി ജീർണിക്കാതെ അവശേഷിക്കുന്നു. ഇതിനെ ചുറ്റിപ്പറ്റി ബിസിനസ് ഐഡിയകളും സ്റ്റാർട്ടപ്പുകളും ഉണ്ടാവുന്നുണ്ട്.
ചിലിയിലെ അൽഗ്രാം എന്ന സ്റ്റാർട്ടപ് കമ്പനി വീടുകളിൽ സർവ സാധനങ്ങളും കൊണ്ടുവന്ന്, പ്ലാസ്റ്റിക് ബാഗിൽ ഇട്ടുകൊടുക്കുകയാണ്. സോപ്പുപൊടിയോ തേയിലയോ അരിയോ എന്തോ ആവട്ടെ ആർഎഫ്ഐഡി ടാഗ് വച്ച ഡബ്ബയിലാണ് ഇട്ടുകൊടുക്കുക. അടുത്ത തവണ സാധനം വാങ്ങുമ്പോൾ അതേ ഡബ്ബയിൽ തന്നെ കൊണ്ടിടും. എത്ര ഗ്രാം വേണമെങ്കിലും ഇലക്ട്രിക് ട്രൈസൈക്കിളിൽ കൊണ്ടു വന്നു കൊടുക്കും. ഇവിടെ പ്ലാസ്റ്റിക് ഇല്ലാതാകുന്നില്ല, മറിച്ച് ഓരോ തവണയും ഓരോ പ്ലാസ്റ്റിക് പാത്രം വരുന്നത് ഒഴിവാകുക മാത്രമാണ്. പൈലറ്റ് പ്രോജക്ട് വന്നു കഴിഞ്ഞു. നെസ്‌ലെയും യുണിലീവറും പോലുള്ള കമ്പനികൾ ഇതുമായി സഹകരിക്കുന്നു.
കോർപ്പറേറ്റുകളുടെ കടമകളിൽ തന്നെ പുതിയ കാലത്തു മാറ്റം വന്നിരിക്കുകയാണ്. ഓഹരി ഉടമകളുടെ (ഷെയർ ഹോൾഡേഴ്സ്) താൽപര്യം സംരക്ഷിക്കുകയാകുന്നു പഴയ കോർപ്പറേറ്റ് കടമ. എന്നുവച്ചാൽ ഓഹരി വിലയും ലാഭവും കൂടിക്കൊണ്ടേ ഇരിക്കണം. ഇപ്പോഴതു മാറി ബന്ധപ്പെട്ടവരുടെയെല്ലാം (സ്റ്റേക്ക് ഹോൾഡേഴ്സ്) താൽപര്യം സംരക്ഷിക്കണമെന്നായി. പരിസ്ഥിതിയും പൊതുജനാരോഗ്യവും മാലിന്യ സംസ്കരണവും അതിലുൾപ്പെടും. ഇതൊന്നും മൈൻഡ് ചെയ്യാത്ത കമ്പനിക്കാർ അധോഗതിയിലാവുമെന്നു വന്നതോടെ സ്വന്തം താൽപര്യം സംരക്ഷിക്കാൻ സർവ ബഹുരാഷ്ട്ര ഭീമൻമാരും നിർബന്ധിതരായിരിക്കുകയാണ്.
കോളകളിൽ മധുരവും കൊറിക്കുന്ന ചിപ്സിൽ കൊഴുപ്പും ഉപ്പും കാലറിയും കുറഞ്ഞിരിക്കണം. ഇതൊക്കെ കഴിച്ച് പൊണ്ണത്തടി വരികയും ആരോഗ്യം അപകടത്തിലാവുകയും ചെയ്യരുത്. പെപ്സിയും കോക്കും പോലുള്ളവരും അതനുസരിച്ച് മര്യാദാപുരുഷോത്തമൻമാരായിക്കൊണ്ടിരിക്കുന്നു. 14 വർഷം മുൻപ് അതിനു തുടക്കം കുറിച്ചത് പെപ്സിയുടെ ചെന്നൈ സ്വദേശിനിയായ മുൻ സിഇഒ ഇന്ദ്ര നൂയിയാണ്.
ഒടുവിലാൻ∙ ഇതൊക്കെ പറയാൻ നിങ്ങളാര് എന്നൊക്കെ ആദ്യം സായിപ്പ് ഇന്ദ്ര നൂയിയെ പുച്ഛിച്ചു. പിന്നെ അതൊക്കെ നടപ്പായി. സാധാരണ സായിപ്പൻമാർ കഷ്ടിച്ച് 5 കൊല്ലം ഇരിക്കുന്ന സിഇഒ സ്ഥാനത്ത് അവർ 12 കൊല്ലം ഇരുന്നതും അതൊക്കെക്കൊണ്ടാണ്.
English Summary : Business Boom Column by p Kishore about Plastic Waste Management