കഴുത്തു പോകാത്ത എഴുത്ത്

HIGHLIGHTS
  • കൈയിലാണത്രേ കാര്യം!
writting-photo-credit-Dragon-Images
Photo Credit : Dragon Images / Shutterstock.com
SHARE

കമ്പനികളിലൊക്കെ പവർ പോയിന്റ് പ്രസന്റേഷൻ, ശബ്ദ–വിഡിയോ സന്ദേശങ്ങളിലൂടെ നിർദേശങ്ങളും ഉത്തരവുകളും, വിഡിയോ കോൺഫറൻസുകൾ, വെബിനാറുകൾ...എല്ലാം കഴിഞ്ഞു ക്ഷീണിച്ച പോലാണ്. കോവിഡ് കഴിയുമ്പോൾ പഴയ രീതിയിലേക്കു മടങ്ങുകയാണു പലരും. എന്നു വച്ചാൽ കൈകൊണ്ടുളള എഴുത്ത്.  അതു കടലാസിൽ പേന കൊണ്ടു തന്നെ വേണമെന്നില്ല, ലാപ്ടോപ്പിലോ ഫോണിലോ കൊട്ടിക്കൊണ്ടായാലും മതി. അപ്പോഴും കൈ ആണല്ലോ പണിയെടുക്കുന്നത്. കൈയിലാണത്രേ കാര്യം!

തിങ്കിങ് ഹാൻഡ് എന്ന പേരിലൊരു പുസ്തകവും ഇറങ്ങിയതോടെയാണ് നമ്മുടെ കൈ ഒരു സംഭവം തന്നെ എന്ന ബോധം ഉദിച്ചത്. അതായത് നിങ്ങൾ എന്തു കുഴഞ്ഞു മറിഞ്ഞ കാര്യവും വെറുതെ ഇരുന്ന് ആലോചിക്കാതെ അതൊന്ന് എഴുതുക. അപ്പോൾ തല മാത്രമല്ല കയ്യും ചിന്തിക്കുമത്രേ. ആലോചിച്ചപ്പോൾ കിട്ടാതിരുന്ന ആശയങ്ങളും പരിഹാരങ്ങളും കൈകൊണ്ട് എഴുതുമ്പോൾ തെളിഞ്ഞുവരും. മസ്തിഷ്കവും മനസ്സും കയ്യും അവിടെ ഒരുമിക്കുമ്പോഴാണ് യഥാർഥ ചിന്ത വരുന്നതെന്നാണ് പുസ്തകത്തിന്റെ കാതൽ.

ഒരു കെട്ടിടം ഡിസൈൻ ചെയ്യാനോ ചിത്രം വരയ്ക്കാനോ എന്തിനും പെൻസിലോ പേനയോ ബ്രഷോ കയ്യിൽ വരുമ്പോഴുണ്ടാകുന്ന മാറ്റം ഒന്നു വേറേ. കൈ ചിന്തിക്കും എന്നു വന്നതോടെ എഴുത്തു വ്യാപകമാവുകയാണ്. ഇമെയിൽ എഴുതലും  കോൺഫറൻസ് ഹാളിലെ വൈറ്റ് ബോർഡിൽ സ്കെച്ച്പേന കൊണ്ടുള്ള എഴുത്തുമല്ല, നീട്ടിയുള്ള എഴുത്താണ് ഉദ്ദേശിക്കുന്നത്. ആമസോൺ ബോസ് ജെഫ് ബെസോസ് ആദ്യമായി ഇതു നടപ്പാക്കി. സീനിയർ എക്സിക്യൂട്ടിവുകൾക്ക് പവർ പോയിന്റും സ്‌ലൈഡും വേണ്ട, ഉദ്ദേശിക്കുന്നതൊക്കെ കൊച്ചാട്ടൻ മെമ്മോയിൽ അങ്ങോട്ട് എഴുതിക്കാട്ടെ, എഴുതിയതു കാണിച്ചാട്ടെ, എന്നിട്ടു പറയാമെന്നായി ബെസോസ്.

വെബിനാറിലും മറ്റും ചർച്ചന്നെ ചർച്ച, കാര്യമൊന്നും നടക്കുന്നില്ല എന്ന സ്ഥിതിയാണോ? ചർച്ച മതിയാക്കി എന്തു ചെയ്യണമെന്ന് ചുരുക്കി എഴുതാൻ പറഞ്ഞാൽ മതി.

വേണ്ടതും മാത്രം എഴുതും.  വീട്ടിലിരുന്നോ റിസോർട്ടിൽ പോയിരുന്നോ പണി ചെയ്യുന്ന രീതി വന്നപ്പോഴാണ് സ്ഥാപനങ്ങൾക്കാകെ എഴുത്തിന്റെ ഗുണം എന്തെന്നു മനസ്സിലായത്. ദൂരെയിരിക്കുന്നവരെ എന്താണ് ചെയ്യേണ്ടത് എന്നെങ്ങനെ പറഞ്ഞു മനസ്സിലാക്കും? ഓൺലൈൻ യോഗങ്ങളിൽ പറയുന്നതൊന്നും ഏശണമെന്നില്ല. വിശദമായി എഴുതിക്കൊടുക്കുന്നതിന്റെ ഗുണം വേറൊന്നിനുമില്ലെന്നു മനസ്സിലായി. 

സ്ഥാപനം വിട്ടു പോകുന്നവർ അവരുടെ ‍അറിവുകൾ എഴുതി വയ്ക്കുന്നു, പ്രോജക്ടിൽ പുതുതായി ചേരുന്നവർക്ക് ഇതിനകം എന്താണു നടന്നതെന്നു മനസ്സിലാകണമെങ്കിലും നീട്ടി എഴുതിയത് (ടെക്സ്റ്റ്) തന്നെ വേണം.

അവസാനം മഷിപ്പേനയും മഷിക്കുപ്പിയും കടലാസും വരെ മടങ്ങി വരുമോ!!!

ഒടുവിലാൻ∙ എഴുതാതെ പകരം പ്രസംഗിച്ചാലോ? മിക്കവാറും അധികപ്രസംഗമാവും. പ്രസംഗം തുടങ്ങിയാൽ പിന്നെ നിർത്തില്ല. ഏറ്റവും ആളെ പറ്റിക്കുന്ന കമ്യൂണിക്കേഷൻ മാർഗം പ്രസംഗം ആകുന്നു.

English Summary : Business Boom Column by P Kishore about Writting

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS