വരുമോരോന്ന് വന്നപോലെ പോം

HIGHLIGHTS
  • ന്യൂജൻ പിള്ളാര് വേറേ സാമൂഹിക മാധ്യമങ്ങളിലേക്കു ചേക്കേറി
social-media-photo-credit-Vasin-Lee
Photo Credit : Vasin Lee / Shutterstock.com
SHARE

ഫെയ്സ്ബുക്ക് ഉടമ മാർക്ക് സക്കർബർഗിന് എന്താ പറ്റുന്നതെന്നു മനസിലാവുന്നില്ല.. കുറേ നാളായി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം കുറയുകയായിരുന്നു. പെട്ടെന്നൊരു ദിവസം ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഓഹരി വില 26% ഇടിഞ്ഞുതാണു. ആകെ വിപണിമൂല്യത്തിൽ 23000 കോടി ഡോളറിന്റെ ഇടിവ്. സക്കർബർഗിനു മാത്രം ഒറ്റ ദിവസം സ്വത്തിൽ നഷ്ടം 2900 കോടി ഡോളർ. ലോകത്തിൽ ഏറ്റവും കാശുള്ള 10 കോടീശ്വരൻമാരുടെ ലിസ്റ്റിൽ നിന്നു പുറത്തായി.

കാരണങ്ങൾ പെട്ടെന്നു പറഞ്ഞു തീർക്കാനാവില്ല. അധോഗതി തുടങ്ങിയെന്നു പറഞ്ഞാൽ ഏതാണ്ടു പിടികിട്ടും. ന്യൂജൻ പിള്ളാര് വേറേ സാമൂഹിക മാധ്യമങ്ങളിലേക്കു ചേക്കേറി. ഡേറ്റ കച്ചവടമാണു നടക്കുന്നതെന്നും തങ്ങളുടെ സ്വകാര്യതയെല്ലാം വിൽക്കുകയാണെന്നും സംശയിച്ചവർ വിട്ടുപിടിച്ചു. കമ്പനിയുടെ വരുമാനത്തിലും കുറവുണ്ട്. മെറ്റയിൽ ഫെയ്സ്ബുക്ക് മാത്രമല്ല വാട്സാപ്പും ഇൻസ്റ്റഗ്രാമും മെറ്റ ക്വെസ്റ്റുമെല്ലാം ഉൾപ്പെടും.

പ്രധാന വിപണിയായ അമേരിക്കയിലെ ഉപയോക്താക്കൾ കുറഞ്ഞതിനു പുറമേ ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും കുറയുകയാണത്രെ. സ്വകാര്യതാ പ്രശ്നത്തിനു പുറമേ മറ്റു കാരണങ്ങൾ രസകരമാണ്– ഇൻഫർമേഷൻ ഓവർലോഡ്, അഡിക്‌ഷൻ,കൂട്ടുകാരൊക്കെ മാറിപ്പോകുന്നത്, ശല്യം! വേറേ എവിടേക്കാണു പോകുന്നത്? ട്വിറ്ററും സ്നാപ്പുമുണ്ട്. പുറമേ ഡബ്ളിയുടി സോഷ്യൽ, ഐയെം, യൂബൊ, മീവീ, ഫ്രന്റിക്ക, സോഷ്യൽ എന്നിങ്ങനെ പലതും ഇറങ്ങിയിട്ടുണ്ട്. ടിക്ടോക് വൻ എതിരാളിയാണെന്ന് സക്കർബർഗ് തന്നെ പറയുന്നു. 

ഇതിൽ ഡബ്ളിയുടി സോഷ്യൽ നിൽക്കുന്നത് ഫെയ്സ്ബുക്കിന്റെ വിപരീത ലൈനിലാണ്. അവർ നിങ്ങളുടെ ഫോണിലെ മറ്റുള്ളവരുടെ ഫോൺ നമ്പറുകളും സന്ദേശങ്ങളും പടങ്ങളുമെല്ലാം ഡേറ്റയായി ശേഖരിച്ചു വിൽക്കുന്നില്ല, 5 സെക്കൻഡ് കൂടുമ്പോൾ പരസ്യം മാറുന്നില്ല, നിങ്ങളുടെ അഭിരുചികൾ കണ്ടുപിടിച്ച് അതിനു ചേരുന്ന പരസ്യങ്ങളും ഉള്ളടക്കവും ഇട്ടുതരാൻ കംപ്യൂട്ടർ അൽഗോരിതം ഉണ്ടാക്കി വച്ചിട്ടില്ല, ഉപയോക്താക്കളുടെ സർവ നീക്കവും സദാ ട്രാക്ക് ചെയ്യില്ല...

ഗവേഷണ ലാബുകളുണ്ടാക്കി ജീവനക്കാരുടെ എണ്ണം 23% വർധിപ്പിച്ച് വിർച്വൽ റിയാലിറ്റിയിലും മറ്റും ഗവേഷണം നടത്തിയ വകയിൽ കാശ് കുറേ പൊട്ടിയതും മെറ്റയുടെ വരുമാനം കുറയാനിടയാക്കി. 1000 കോടി ഡോളർ അങ്ങനെ പോയെന്ന് സിഇഒ ഷെറിൽ സാൻഡ്ബർഗ് തന്നെയാണു പറഞ്ഞത്. എന്നുവച്ച് എഴുതി തള്ളാറായിട്ടില്ല. ഇപ്പോഴും ഫെയ്സ്ബുക്കിന് 285 കോടി ഉപയോക്താക്കളുണ്ട്.ഇന്ത്യയിലോ മലയാളികളിലോ ഫെയ്സ്ബുക്ക് ഉപയോഗത്തിനു കുറവൊന്നും ഇതുവരെ കണ്ടിട്ടില്ല. മലയാളി ഓർക്കൂട്ട് വിട്ട് വേറൊന്നുമില്ലാതിരിക്കുമ്പോഴാണ് ഫെയ്സ്ബുക്ക് വന്നുചാടിയത്. ഇനി വേറെന്തെങ്കിലും വരുമ്പോൾ അങ്ങോട്ടു ചാടും, ത്രേള്ളു.

ഒടുവിലാൻ∙ ക്ലബ് ഹൗസ് വാചകമടി കേന്ദ്രമായി പെട്ടെന്നു പൊങ്ങി വന്നതാണ്. വന്നപോലെ പെട്ടെന്നങ്ങ് താഴ്ന്നു പോവുകയും ചെയ്തു. ഇപ്പൊ അതിൽ വലിയ ഗുസ്തി ഇല്ല.

English Summary : Business Boom Column by P Kishore about Social Media

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS