നാട്ടിൽ വന്നാൽ ചെയ്യാൻ പറ്റിയ ബിസിനസ് എന്തുണ്ട്? മലയാളികൾ ഏറെയുള്ള വിദേശരാജ്യങ്ങളിൽ പോയാൽ കേൾക്കുന്ന ചോദ്യമാണിത്. പലർക്കും മതിയാക്കി നാട്ടിൽ പോരണമെന്നുണ്ട്, വൻ സമ്പാദ്യവുമുണ്ട്. പ്രവാസം നിർത്തി നാട്ടിൽ ചെന്ന് മഴയും നിലാവുമൊക്കെ കണ്ട് ബിസിനസുമായി സ്വസ്ഥമായി കഴിയണമെന്നാണ് ആഗ്രഹം.
നമ്മളെന്ത് മറുപടി പറയും? ഐടിയെന്നും ടൂറിസമെന്നുമൊക്കെ പറയാം. പുതിയൊരു ലൈനുണ്ട്–വിദേശ പഠനത്തിനും കുടിയേറ്റത്തിനും സർവ ഒത്താശകളും ചെയ്യുന്ന ബിസിനസ്. വിദേശത്തെ രീതികളെക്കുറിച്ചുള്ള പരിചയം ഈ ബിസിനസിന് ആവശ്യമാണെന്നതിനാൽ ഏതു പ്രവാസിക്കും ട്രൈ ചെയ്യാം. കേരളത്തിൽ ചെറുപ്പക്കാരാകെ കുടിയേറാനും വിദേശത്തു പോയി പഠിക്കാനും കാത്തുനിൽക്കുന്നു. പണമൊരു പ്രശ്നമേയല്ല. അഥവാ പോക്കറ്റിനിണങ്ങുന്ന ദേശങ്ങളിലേക്കു പോകാൻ റെഡിയുമാണ്.
കല്യാണങ്ങൾക്കു ചെന്നാൽ ഹാളിൽ ചെറുപ്പക്കാരില്ല. പെണ്ണിന്റേയും ചെറുക്കന്റേയും മധ്യവയസ്സ് കഴിഞ്ഞ ബന്ധുക്കൾ മാത്രം. 25–30 പ്രായക്കാരായ വധൂവരൻമാരുടെ കൂട്ടുകാർ എവിടെ? അവരെല്ലാം അന്യനാടുകളിൽ പഠനത്തിലും ജോലിയിലുമാണ്. വിദേശം തന്നെ ആവണമെന്നുമില്ല, ബെംഗളൂരുവോ മംഗളൂരുവോ ഏത് ഊരോ ആവാം. നാട്ടിൽ നിന്ന് പിള്ളാരെല്ലാം ഊരിക്കൊണ്ടു പോയിരിക്കുകയാണ്.
വന്നുവന്ന് നാട്ടിൽ പഠനം നടത്തുന്ന നിർഭാഗ്യവാൻമാർക്കും അതു കഴിഞ്ഞ് 6 മാസത്തിൽ കൂടുതൽ നാട്ടിൽ നിൽക്കാനാവാത്ത സ്ഥിതിയാണ്. കല്യാണം കഴിഞ്ഞില്ലേ, ജോലി കിട്ടിയില്ലേ തുടങ്ങിയ ചൊറിയൻ ചോദ്യങ്ങളുടെ ലിസ്റ്റിൽ പുതിയ ഒന്നുകൂടി വന്നിട്ടുണ്ട്– വെളിയിലൊന്നും പോയില്ലേ?!!! വെളിയിലൊന്നും പോകാതെ നിൽക്കുന്നവൻ നാട്ടുകാരുടെ കണ്ണിൽ ഒന്നിനും കൊള്ളാത്തവനായി!
കുടിയേറാൻ നോക്കിവച്ചിരിക്കുന്ന രാജ്യങ്ങളിലെ ‘ഷോർട്ടേജ് ലിസ്റ്റ്’ അനുസരിച്ചാണു പഠനം തന്നെ. അവിടെ ആളില്ലാത്ത ജോലികൾ പഠിച്ചിട്ട് അങ്ങോട്ട് പോകുന്നു. കെയർ പ്രഫഷനലുകളെ വേണം. പ്രായമായവരെ വരെ പരിചരിക്കാനാണ്. മണിക്കൂറിന് 12–13 പൗണ്ട്. ഒരു പൗണ്ട് 101 രൂപ. മണിക്കൂറിന് 1200–1300 രൂപ. 8 മണിക്കൂർ പണി ചെയ്താൽ...?! ഈ ട്രാക്കിലാണു ചിന്ത. ന്യൂസീലൻഡിൽ ലോറി ഓടിക്കാനും ഫിസിയോതെറപ്പിക്കുമൊക്കെ ആളെ വേണം.
വിദേശത്തു കുറെക്കാലം താമസിച്ച് പെട്ടിമടക്കിയവരും വിദേശപഠനം, കുടിയേറ്റം ബിസിനസിലേക്കു തിരിഞ്ഞിട്ടുണ്ട്. പഠനമോ, വീസയോ എന്താന്നു വച്ചാൽ അവർക്ക് അവിടത്തെ ലൈൻ അറിയാമെന്നതാണു പ്രധാന മുതൽമുടക്ക്. ടോപ് 100 എജ്യുക്കേഷൻ കൺസൽറ്റന്റുമാരുടെ ലിസ്റ്റുണ്ട്. അപ്പോൾ നൂറുകണക്കിനുണ്ടെന്നർഥം.
ഒടുവിലാൻ∙ ഏതെങ്കിലും ഏജൻസിയിൽ കുറച്ചു കാലം ജോലി ചെയ്ത് പരിചയമായാൽ ഉടൻ ചാടി സ്വന്തം ഏജൻസി തുടങ്ങും. പുറത്തു പഠിക്കാൻ പോകുന്നവരും അവിടെ ബന്ധം സ്ഥാപിച്ചിട്ട് തിരികെ വന്ന് ഏജൻസി തുടങ്ങും!