കുറഞ്ഞത് ...ഡി കാർ എങ്കിലും ഉള്ളവരുമായി മാത്രമേ ഞാൻ കമ്പനി കൂടു...ഒരു ന്യൂജെൻ പെണ്ണായിപിറന്നാളുടെ വാക്കുകളാണ്. ആഴ്ച തോറും ഓരോരോ വമ്പൻ കാറുകളിൽ സ്വകാര്യ കമ്പനി ഓഫിസിൽ വരുന്നതു ശ്രദ്ധയിൽപ്പെട്ടു ചോദിച്ചപ്പോഴാണ് എല്ലാം ‘ഫ്രന്റ്സിന്റെ’ കാറുകളാണെന്നു പറഞ്ഞത്. നഗരത്തിലെ വൻ പണച്ചാക്ക് പയ്യൻമാരുമായിട്ടാണു കൂട്ടുകൂടൽ. അങ്ങനെ കറക്കവും വിദേശ യാത്രകളും അതിൽ നിന്നു സമ്മാനങ്ങളും മറ്റുമായി അടിപൊളി ജീവിതം.
വില കൂടിയ ബ്രാൻഡ് വസ്ത്രങ്ങളും ബാഗും ചെരിപ്പും പെർഫ്യൂമും മൊബൈലും ആഷ്പുഷുമായി സെലിബ്രിറ്റി സ്റ്റൈലിലാണ്. ദൂരെയെങ്ങോ ഉള്ള ഡാഡിയേയും മമ്മയിയേയും പറ്റി പൊങ്ങച്ചങ്ങൾ തട്ടിവിടുന്നു. അന്വേഷിച്ചപ്പോഴാണ് പണ്ടേ പൂട്ടിപ്പോയ പൊതുമേഖലാ കമ്പനിയിലെ പണി പോയ പാവം തൊഴിലാളിയുടെ മകളാണിതെന്നു മനസിലായത്.
പോക്കറ്റിൽ 10 രൂപയേ ഉള്ളുവെങ്കിലും പത്ത് ലക്ഷം ഉണ്ടെന്നു ഭാവിക്കൽ പണ്ടേയുള്ളതാണെങ്കിലും അതൊരു കലാരൂപമായി മാറിയത് അടുത്ത കാലത്താണ്. കോൺ ആർട്ടിസ്റ്റ് എന്നാണ് ഇത്തരക്കാരെ വിളിക്കുന്നതു തന്നെ. താഴേക്കിടയിലുള്ള സ്വന്തം കുടുംബ പശ്ചാത്തലം മറച്ചുവച്ച് കോടീശ്വരനോ കോടീശ്വരിയോ ആയിട്ട് അഭിനയിക്കുന്നു. അങ്ങനെയുള്ളവരുമായി മാത്രം കൂട്ടുകൂടുന്നു. ഇരകളെ അടിമുടി ‘സൈസ് അപ്’ ചെയ്യാനറിയാം. ചെരിപ്പ് മുതൽ മുകളിലേക്കു നോക്കി കാറിന്റേയും മൊബൈലിന്റേയും ബ്രാൻഡും കണ്ടിട്ട് എത്ര ‘മുതൽ’ കാണുമെന്ന് ഊഹിക്കും. പിന്നെയാണ് കുപ്പിയിലിറക്കലും കമഴ്ത്തലും.
ജർമ്മൻ കോടീശ്വര കുടുംബത്തിലെ ഏക അവകാശിയായി അഭിനയിച്ച് ന്യൂയോർക്കിലെത്തി ലക്ഷക്കണക്കിനു ഡോളർ പലരിൽ നിന്നു കമഴ്ത്തിയ അന്ന സോറോകിൻ ലോകമാകെ വാർത്തയായിരുന്നു. ഒരു ബാങ്കിനെ ഒരു ലക്ഷം ഡോളർ കമഴ്ത്തി ഒടുവിൽ പിടിക്കപ്പെട്ട് 4 കൊല്ലം ജയിലിൽ കിടന്ന അന്നയെ അടുത്തിടെ ജർമനിയിലേക്കു നാടുകടത്തി. ‘ഇൻവെന്റിങ് അന്ന’ എന്ന പേരിൽ നെറ്റ്ഫ്ളിക്സ് ഇറക്കിയ സീരീസ് ബംപർ ഹിറ്റായി. തന്റെ തട്ടിപ്പ് കഥപറയുന്ന സീരിയലിൽ അഭിനയിച്ച വകയിൽ നാലു കാശുണ്ടാക്കുകയും ചെയ്തു!! മിടുക്കി എന്നല്ലാതെ എന്തു പറയാൻ!
ഓസ്ട്രേലിയയിൽ മറ്റൊരു യുവതി മലീസ കാനിക് ഇതേ ടൈപ്പ് മലീമസ തന്ത്രങ്ങളിറക്കി പണക്കാരെ പറ്റിച്ചു. ആരും നാട്ടിലല്ല ദൂരെ പോയിട്ടാണ് തട്ടിപ്പ്. രാജ്യം വിട്ടാൽ ബെസ്റ്റ്. ഗൾഫിലൊക്കെ എന്തെല്ലാം മാതിരി അഭിനയങ്ങളാണ്! നമ്മുടെ ആദ്യ കഥാപാത്രം വടക്കൻ ജില്ലയിൽ നിന്നു തെക്കോട്ടു വന്നതാണ്. കാശ് കൂടിപ്പോയ മാന്യൻമാരെ പറ്റിച്ചാലൊരു ഗുണമുണ്ട്–മിക്കവരും പോയതു പോയെന്നു കരുതി മുണ്ടാണ്ടിരുന്നോളും.
ഒടുവിലാൻ∙ആണുങ്ങൾ ഏതോ കമ്പനിയുടെ എംഡി എന്നു തട്ടിവിടും. സ്വയം എക്സ്ക്ളൂസീവ് കളിക്കും. തന്നെ പരിചയപ്പെട്ടതു പോലും ഭാഗ്യം എന്നാവും നാട്യം.
English Summary : Business Boom Column about LifeStyle