ബിബിസിക്കും ജന്മശതാബ്ദി വർഷമാണിത്. 1922 നവംബർ 14ന് ലണ്ടനിലെ മാർകോണി ഹൗസിൽ നിന്നു തുടങ്ങിയ പ്രക്ഷേപണമാണ് പിന്നെ സംപ്രേഷണമായി വളർന്നു പന്തലിച്ച് റേഡിയോ,ടിവി മാധ്യമങ്ങളുടെ ലോകഗുരുവായി മാറിയത്. റേഡിയോ വാർത്ത അക്കാലത്ത് 2 തവണ വായിക്കുമായിരുന്നത്രെ. ആദ്യം വേഗത്തിലും രണ്ടാമത് പതുക്കെയും. ആദ്യം ശരിക്കു കേട്ടില്ലെങ്കിൽ രണ്ടാമത് സാവധാനം വായിക്കുമ്പോൾ കേൾക്കാനും കുറിച്ചെടുക്കാനും വേണ്ടി.
അങ്ങനെ തുടങ്ങിയ ബിബിസി ഇന്ന് വർഷം 700 കോടി ഡോളറിന്റെ (52000 കോടി രൂപ) വൻ ഓപ്പറേഷനായി മാറി. 8 ടിവി ചാനലുകൾ, 50ലേറെ റേഡിയോ സ്റ്റേഷനുകൾ, വൻ വെബ്സൈറ്റ്, 43 ഭാഷകളിൽ വേൾഡ് സർവീസ്...പക്ഷേ ശതാബ്ദി വർഷത്തിൽത്തന്നെ സ്വകാര്യവൽക്കരിക്കുമെന്ന വാശിയിലാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
ബിബിസിയെ ബ്രെക്സിറ്റ് ബാഷിങ് കോർപ്പറേഷൻ എന്നും വിളിക്കുന്നുണ്ട്. ബ്രെക്സിറ്റിനെ എതിർക്കുന്നതാണു കാരണം. ബിബിസിക്ക് സർക്കാർ ഫണ്ട് കൊടുക്കുന്നതിന് ഓരോ വീട്ടിൽ നിന്നും ചെറിയൊരു ലെവി ശേഖരിക്കുന്നുണ്ട്. അതു കുറച്ച് ഞെരുക്കാനാണു നോക്കുന്നത്. സോവിയറ്റ് യൂണിയനിലെ പഴയ മാധ്യമങ്ങളെ പോലെ സർക്കാർ ഫണ്ട് ഉപയോഗിച്ചു നടത്തുന്ന ഏർപ്പാട് വേണ്ടെന്നാണ് ബ്രിട്ടിഷ് കൺസർവേറ്റീവ് സർക്കാരിന്റെ നിലപാട്. പാർട്ടിക്കാരനെ ബിബിസി തലപ്പത്ത് കൊണ്ടു വരാനും ശ്രമിക്കുന്നു.
സ്വകാര്യവൽക്കരിച്ചാൽ ലോകമാകെ വിശ്വാസ്യതയുള്ള ബ്രിട്ടന്റെ മറ്റൊരു മഹത്തായ സ്ഥാപനം കൂടി ഇല്ലാതാവുമെന്നു കരുതുന്നവരുണ്ട്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടൻ സാങ്കേതിക മുന്നേറ്റങ്ങൾ ലോകമെങ്ങും വന്നപ്പോൾ പിന്നിലായി. ആയുധങ്ങൾ ഉൾപ്പടെ അവരുടെ ഒന്നിനും വിലയില്ലാതായി. ബ്രെക്സിറ്റും വന്നതോടെ യൂറോപ്പിൽ ബൽജിയം പോലെ മറ്റൊരു രാജ്യം എന്ന സ്ഥിതിയിലേക്കു തരംതാഴ്ത്തപ്പെടുകയാണ് ബ്രിട്ടൻ. ബിബിസിയും കൂടി ഇല്ലാതായാൽ സംഗതി പൂർണമാവും.
എന്നാൽ ജനങ്ങൾക്ക് ഉപകാരമുള്ള പരിപാടികളൊരുക്കി പിടിച്ചുനിൽക്കാൻ ബിബിസി ശ്രമിക്കുന്നുണ്ട്. ലോക്ഡൗൺ കാലത്ത് സ്കൂൾ കുട്ടികൾക്ക് ഓൺലൈൻ ക്ളാസുകൾ നടത്തിയത് ഉദാഹരണം. എന്നും വൻ നഷ്ടത്തിലാണെങ്കിലും ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ (ബിബിസി) ക്ളാസ് വേറേ. ബിബിസി 100 എന്ന പേരിൽ ശതാബ്ദി വർഷത്തിൽ വൻ പരിപാടികൾ ഒരുങ്ങുന്നുണ്ട്.
ഒടുവിലാൻ∙ബിബിസിക്ക് സ്വന്തം വിഡിയോ സ്ട്രീമിങുണ്ട്–ഐപ്ളെയർ. സിനിമകളും സീരീസുകളും കാണിക്കുന്ന ഐപ്ളെയർ നെറ്റ്ഫ്ളിക്സിന്റേയും ആമസോൺ പ്രൈമിന്റേയും പിന്നിലായി. ഐപ്ളെയറിന് 11000 മണിക്കൂർ ഉള്ളടക്കം മാത്രം ഉള്ളപ്പോൾ നെറ്റ്ഫ്ളിക്സിന് 40000 മണിക്കൂർ ഉള്ളടക്കമുണ്ട്. ജനം ഏതിന്റെ പിറകേ പോകുമെന്ന് ഊഹിക്കാവുന്നതേയുള്ളു.
English Summary: 100 Years of BBC