ഓസ്കറുകൾ വാരിക്കൂട്ടുമെന്നു പ്രതീക്ഷിച്ച ‘പവർ ഓഫ് ദ് ഡോഗ്’ നെറ്റ്ഫ്ലിക്സ് നിർമ്മിച്ച പടമാണ്. മനസ്സിലാക്കാൻ തന്നെ പ്രയാസമുള്ള വൈൽഡ് വെസ്റ്റ് പടം വൻ നഷ്ടത്തിലായെങ്കിലും അവാർഡുകൾ നേടി കുറേ ഓളമുണ്ടാക്കി. നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും ഡിസ്നി പ്ലസും അങ്ങനെ കുറേ സ്ട്രീമിങ് കമ്പനികളും ചേർന്ന് സിനിമകളും സീരിയലുകളും മൊത്തമായി കബൂലാക്കിയിരിക്കുന്നു. ജനത്തിന്റെ വിനോദം ലോകമാകെ ഇതിലായതോടെ വമ്പൻ ബിസിനസായി.
നെറ്റ്ഫ്ലിക്സിന് നഷ്ടം സാരമില്ല. കാരണം അവരുടെ ആഗോള ഹിറ്റായിരുന്നു ദക്ഷിണകൊറിയൻ സീരിയലായ സ്ക്വിഡ് ഗെയിം. ടിവി പരിപാടികളുടെ ചരിത്രത്തിലെ വലിയ ഹിറ്റുകളിലൊന്ന്. 90 കോടി ഡോളർ (7000 കോടി രൂപ) നെറ്റ്ഫ്ലിക്സിന്റെ പെട്ടിയിൽ വീണു. ചെലവോ വെറും 2.1 കോടി ഡോളർ–160 കോടി രൂപ. ഇതിലെ കോള് കണ്ടിട്ട് സകല സ്ട്രീമിങ് കമ്പനികളും ലോകമാകെ വ്യാപിപ്പിക്കുകയാണ്. ആപ്പിൾ ടിവി പ്ലസ് 100 രാജ്യങ്ങൾ കവിഞ്ഞു. നെറ്റ്ഫ്ലിക്സും ആമസോണും ലോകമാകെ ഉള്ളതിനാൽ ഇവയുടെ മൽസരം അതിജീവിക്കാൻ പരസ്പരം ലയിക്കാനോ സംയുക്ത സംരംഭം തുടങ്ങാനോ ബാക്കിയുള്ളവർ പദ്ധതിയിടുന്നു.
ഡിസ്കവറിയും വാർണർ മീഡിയയും ലയിക്കുന്നതു പോലെ. നെറ്റ്ഫ്ലിക്സിന് ലോകമാകെ 20 കോടിയിലേറെയും ആമസോണിന് 13 കോടിയിലേറെയും വരിക്കാരുണ്ട്. ബാക്കിയെല്ലാം അതിൽ താഴെ. സകല കമ്പനിക്കാരും യൂറോപ്പിലേക്കും ഏഷ്യയിലേക്കും കയറുമ്പോൾ അവിടങ്ങളിലെ സിനിമ–സീരിയൽ, കേബിൾ ബിസിനസുകൾ ‘ഡിസ്റപ്ഷൻ’ നേരിടും. സ്പോർട്സിലേക്കു കേറിയാലോ എന്നൊരു മോഹം നെറ്റ്ഫ്ലിക്സ് ബോസ് റീഡ് ഹേസ്റ്റിങ്ങിനു വന്നെന്നു കേട്ടപ്പോൾ തന്നെ പലരുടേയും ചങ്കിൽ ഇടിവെട്ടി.
സ്പോർട്സിലെ ഉള്ളടക്കം പല മേഖലകളിലാണല്ലോ ലേലത്തിൽ പോകുന്നത്. ഫോർമുല വൺ റേസ് സ്ട്രീമിങ് ലേലത്തിൽ പിടിച്ച് നെറ്റ്ഫ്ലിക്സ് തുടക്കം കുറിച്ചു. ആമസോൺ വനിതാ ക്രിക്കറ്റ് ലേലത്തിൽ പിടിച്ചു. ഇവരൊക്കെ സ്പോർട്സും കൂടി കാണിക്കാൻ തുടങ്ങിയാൽ കേബിൾ ടിവിക്കാരുടെ അവസാനത്തെ തുറുപ്പ് ചീട്ടും പോയിക്കിട്ടും. ഇന്ത്യയിൽ അടുത്ത സീസണിലെ ഐപിഎൽ ഡിജിറ്റൽ സംപ്രേഷണ ലേലത്തിൽ നെറ്റ്ഫ്ലിക്സും ആമസോണും പങ്കെടുക്കാൻ പോകുന്നു. ടിവി സംപ്രേഷണം പിടിക്കാൻ സ്റ്റാറും സോണിയും വൂട്ടും രംഗത്തുണ്ട്. വമ്പൻമാരൊക്കെ ഉണ്ടായിട്ടും ഇന്ത്യയിൽ വരുമാനവും കാഴ്ചക്കാരും ഏറ്റവുമുള്ളത് ഹോട്ട്സ്റ്റാറിനാണ്– കാരണം ക്രിക്കറ്റ്! ഇനി അതിലും മാറ്റം വരുമോ!
ഒടുവിലാൻ∙ കേബിൾ ടിവിക്ക് അമേരിക്കയിൽ മാസം ശരാശരി 100 ഡോളർ ശരാശരി വരിസംഖ്യയുണ്ട്. 7500 രൂപ. നിരക്ക് കൂടിയതുകൊണ്ടു പലരും കണക്‌ഷൻ ഉപേക്ഷിക്കുകയാണത്രെ. പക്ഷേ സ്ട്രീമിങ് കമ്പനികൾ മിക്കതിനും ഇന്ത്യയിൽ മാസം ഒരു ഡോളർ (75 രൂപ) വരിസംഖ്യ പോലുമില്ല.