ഉരുപ്പടി കൊള്ളാം പക്ഷേ...? എത്ര കാലം ഈടു നിൽക്കും...??? ഇത് വെങ്കലപാത്രക്കടയിലെ സന്ദേഹമല്ല. ഐടിയിൽ മാത്രമല്ല ഏതു രംഗത്തും എക്സിക്യൂട്ടിവുകളെ ഇന്റർവ്യൂ ചെയ്യുമ്പോൾ തോന്നുന്ന സംശയമാണ്. ആളിനു നമുക്കു വേണ്ട സ്കിൽ സെറ്റും തൊഴിൽ പരിചയവുമുണ്ട്. പക്ഷേ 2 കൊല്ലം തികച്ചു നിൽക്കുമോ? 5 വർഷം നിർത്താൻ എന്താണു മാർഗം?
സർവ കമ്പനിക്കാരും നേരിടുന്ന പ്രശ്നമാണിത്. ലോയൽറ്റിയും കമിറ്റ്മെന്റും ആർക്കുമില്ലാതായിരിക്കുന്നു. റിലേഷൻഷിപ്പിനു പ്രാധാന്യം പോയി. രണ്ടോ മൂന്നോ പരമാവധി അഞ്ചോ കൊല്ലം നിൽക്കുക, ചാടുക എന്നതായിരിക്കുന്നു ന്യൂജൻ ചിന്താഗതി. ഐടിയിൽ സ്കിൽ സെറ്റുകൾക്കു ക്ഷാമമാണ്. ഇൻഫർമേഷൻ സെക്യൂരിറ്റി പോലെ പണി അറിയാവുന്നവരെ കിട്ടാൻ പാടുള്ള ജോലികളിൽ ഉദ്യോഗാർഥി തന്റെ സിടിസി ആദ്യമേ പറയുന്നു. കോസ്റ്റ് ടു ദ് കമ്പനി അഥവാ ശമ്പളവും ബോണസും വീട്ടുവാടകയും കാറും എല്ലാം ചേരുന്ന തുകയാണ് സിടിസി.
കൂടുതൽ കിട്ടുമെങ്കിൽ ചാടും. ജോയിനിങ് ബോണസ് വേണം. 3 ലക്ഷം മുതൽ 5 ലക്ഷം വരെ അങ്ങനെയും വാങ്ങും. ആഡംബര കാറും ചോദിച്ചേക്കാം. മിനിമം ഇത്ര വർഷം ജോലി ചെയ്യുമെന്ന് കരാറിൽ ഒപ്പുവയ്പ്പിക്കേണ്ടി വരും. ഉയർന്ന തലങ്ങളിലെ റിക്രൂട്മെന്റിൽ 5 കൊല്ലം കൊണ്ട് എന്താണു സാധിക്കേണ്ടത് എന്നു കൂടി പറയും. അതു സാധിക്കാനുള്ള സ്ട്രാറ്റജി, റോഡ്മാപ് ചോദിക്കും. ഓരോ വർഷവും ഈ ടാർഗറ്റുകൾ നേടുന്നതനുസരിച്ചാണു പ്രതിഫലം. ഇതൊക്കെ സമ്മതമായാലോ? പിന്നെ 5 തരം പരിശോധനകളുണ്ട്. മൂത്രം ലാബിൽ കൊടുക്കണം. എന്തിനാ? മയക്കുമരുന്നടി ഉണ്ടോ എന്നു കണ്ടുപിടിക്കാൻ.
ലാബ് റിസൽറ്റ് നേരിട്ട് കമ്പനിക്ക് അയയ്ക്കുകയാണ്. ദീർഘകാലം ബന്ധം ആഗ്രഹിക്കുന്ന പിള്ളേരില്ല. എല്ലാവരും കോംപും കോംപാറേഷ്യോയും മാത്രമേ നോക്കൂ. കോംപൻസേഷന്റെ ചുരുക്കമാകുന്ന കോംപ്. ഈ രംഗത്തെ ശരാശരി പ്രതിഫലം പരിഗണിക്കുമ്പോൾ തനിക്ക് എത്ര കിട്ടുന്നു എന്നതാണ് കോംപാറേഷ്യോ. പ്രത്യേക ‘സ്കിൽ’ വേണ്ട തരം ‘ക്രിട്ടിക്കാലിറ്റി’ ഉള്ള ‘റോൾ’ ആണെങ്കിൽ ചോദിക്കുന്നതൊക്കെ കൊടുത്ത് എടുത്തേ പറ്റൂ. വില്ലയും കാറുമൊക്കെ കമ്പനി കൊടുക്കണം. ഇതിനൊന്നും മിനക്കെടാൻ ന്യൂജന്നിനു വയ്യ.
ഒടുവിലാൻ∙ ആധാർ കാർഡിലെ വിവരംവച്ച് വിലാസം പരിശോധിക്കും. ക്രിമിനൽ കേസുണ്ടോ? കഴിഞ്ഞ 5 കൊല്ലം താമസിച്ച സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും തിരക്കും. മുൻപു ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ ആളെങ്ങനെയെന്ന് അന്വേഷിക്കും. അത്ര ‘സ്മൂത്ത്’ അല്ല എന്നോ വിട്ടുപോയപ്പോൾ ചില ഫോർമാലിറ്റികൾ പൂർത്തിയാക്കിയില്ല എന്നോ മറുപടി കിട്ടിയാൽ എടുക്കില്ല.
English Summary : Business Boom Column by P Kishore about Jobs