പണിസ്ഥലത്തെ ബംഗാളി വിശേഷം

guest-workers-1248
ഫയൽ ചിത്രം
SHARE

ബംഗാളികൾ എന്നു വിളിക്കുന്ന അതിഥിത്തൊഴിലാളികൾ ജോലി ചെയ്യുന്ന കെട്ടി‍ട നിർമാണ സൈറ്റിലെ കാഴ്ചയാണ്– ലഞ്ച് ബ്രേക്ക്– അതുവരെ സിമന്റ് കുഴയ്ക്കാൻ ഉപയോഗിച്ചിരുന്ന ചട്ടി നന്നായി കഴുകിയെടുത്ത് അതിൽ എണ്ണയൊഴിച്ച് കുറേ മത്തികൾ പൊരിക്കുന്നു. നിരന്നിരിക്കുന്ന തൊഴിലാളികൾക്ക് പാത്രങ്ങളിൽ ചോറും സാമ്പാർ പോലിരിക്കുന്ന കറിയും ഒഴിച്ചിട്ടുണ്ട്. മത്തി പൊരിച്ചതും ചേർന്നപ്പോൾ ബംഗാളികൾക്കു ഖുശിയായി.

കുടിയേറ്റത്തൊഴിലാളികളുടെ പണിയും ലേബർ ക്യാംപിലെ വിശേഷങ്ങളും സർവരും അറിഞ്ഞിരിക്കേണ്ടതാണ്. ബിസിനസ് മുഴുവൻ അവരെക്കൊണ്ടാണല്ലോ. കൂലിയാണെങ്കിൽ കേറിക്കേറി ദിവസം 1000 രൂപയിലെത്തിയിരിക്കുന്നു. 700 രൂപയിൽ നിന്നാണ് ഈ കയറ്റം. കൊടുത്താലെന്താ അവരുടെ പണി ഇരട്ടിയാണത്രെ. അവരുടെ  ‘ലളിതജീവിതം’ ഏതാണ്ടിങ്ങനെയാണ്. കിടക്കാൻ ഷെഡും ശുചിമുറിയും ഭക്ഷണവും മതി. റേഷനരിയും ഉരുളക്കിഴങ്ങും സവാളയും ഗോതമ്പ് പൊടിയും വേണം. പിന്നെ ചിക്കൻ ‘നിർഭന്തം’. 

ജോലി ചെയ്യാൻ ശേഷി കിട്ടണമല്ലോ. ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും കോഴിക്കറിയുമൊക്കെ സാപ്പിടും. പലർക്കും 8 മുതൽ 5 വരെ പണി ചെയ്യുന്നതു പോരാ. ഓവർടൈം വേണം. രാവിലെ ഏഴിനു വന്ന് വൈകിട്ട് 6.30 വരെ 2.5 മണിക്കൂർ ഓവർടൈം. അതിന് ഒന്നര ദിവസത്തെ കൂലി കൊടുക്കുന്ന സ്ഥലങ്ങളുണ്ട്. 1500 രൂപ. ചൂടു കുറഞ്ഞ ഈ നേരങ്ങളിൽ ബംഗാളിയുടെ ‘പ്രൊഡക്ടിവിറ്റി’ കൂടുതലാണത്രെ. അങ്ങനെ 30 ദിവസം. ഞായർ ഓഫ് വേണ്ട. ഓവർടൈമും ചേർത്ത് മാസം 50,000 രൂപയ്ക്കു പണിയെടുക്കുന്നവരുണ്ട്.ശനിയാഴ്ചകളിൽ എടിഎമ്മിൽ പോയി കാശ് നാട്ടിലേക്ക് അയയ്ക്കും. 

അവർക്ക് ഇവിടെ ചെലവോ? മാസം വെറും 5000 രൂപ. ഇമ്മാതിരി ‘ലളിത ജീവിതം’ ഉണ്ടെന്നുവച്ച് ഉയർന്ന ചിന്തയൊന്നുമില്ല. ലേബർ ക്യാംപിൽ മദ്യത്തിനു നിരോധനമാണ്. കുടിച്ചാൽ വയലന്റാകും. വഴക്കുണ്ടായാൽ ചുറ്റികയെടുത്ത് അടിക്കാനും മടിയില്ല. ഒരു കമ്പനിയുടെ ലേബർ ക്യാംപിനു പുറത്ത് പൊലീസിനെ അടിച്ചു പത്തിരിയാക്കിയത് പൂസായപ്പോഴാണ്. അവരോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നതും അപകടം. അവരിൽ ഒരുത്തനെ ക്യാപ്റ്റനാക്കുക. പറയേണ്ടത് ക്യാപ്റ്റനോടു പറയുക. അയാൾ ഡീൽ ചെയ്തോളും. ലേബർ ഉൾപ്പടെ സർവതിനും ചെലവേറിയതോടെ ഒരു വർഷത്തിനിടെ കെട്ടിട നിർമാണച്ചെലവിൽ ചതുരശ്രയടിക്ക് 500 രൂപ കൂടിയിട്ടുണ്ട്. 

ഒടുവിലാൻ∙ കുടിയേറിയവർ നമ്മുടെ ഭാഷ പഠിക്കുന്നില്ല. അവരോട് സംസാരിക്കാൻ നമ്മൾ ഹിന്ദി പഠിക്കുകയാണ്. സേട്ടാ സേച്ചി നിലവാരമേ അവരുടെ മലയാളത്തിനുള്ളു.

English Summary : Business Bhoom Column about Guest Workers in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS