സീനിയർമാർക്ക് ടെക് സേവനം

business-tech-service
SHARE

സിംഗപ്പൂരിൽ മകന്റെ കുടുംബത്തെ സന്ദർശിച്ചു മാതാപിതാക്കൾ തിരിച്ചെത്തിയപ്പോൾ വീട്ടിൽ ജോലിക്കാരി വന്നിട്ടില്ല. ഭക്ഷണം പ്രശ്നമായി. മകൻ സിംഗപ്പൂരിലിരുന്ന് ഓൺലൈനിൽ ഭക്ഷണം ഓരോ നേരവും ഓർഡർ ചെയ്തു കൊടുത്തു. പ്രായമായ അച്ഛനും അമ്മയ്ക്കും ഫോണിൽ കുത്തിക്കുത്തി ഭക്ഷണം വരുത്താനറിയില്ല.

ഇതു നാടാകെയുള്ള പ്രശ്നമാണ്. ‘ടെക് സാവി’ അല്ല എന്നാണു മാന്യമായി പറയുക. ഓൺലൈനിൽ കരം അടയ്ക്കാനോ സർട്ടിഫിക്കറ്റുകൾ ഒപ്പിക്കാനോ ഊബർ ടാക്സി വിളിക്കാനോ കറന്റ് ബില്ലടയ്ക്കാനോ പണം ബാങ്ക് ട്രാൻസ്ഫർ നടത്താനോ അവർക്കറിയില്ല. പഠിക്കാനും താൽപര്യമില്ല. എന്നാൽ പിന്നെ ഇതു നടത്തിക്കൊടുക്കുന്നത് ബിസിനസ് ആക്കിയാലോ?

കുറച്ചു കുട്ടികൾ അവതരിപ്പിച്ച സ്റ്റാർട്ടപ് ഐഡിയ ഇതായിരുന്നു. ഈസി ടെക് കമ്പനി. പ്രായമായവർക്കു വേണ്ട ‍ഡിജിറ്റൽ സേവനങ്ങൾ ചെയ്തു കൊടുക്കുന്നതാണു ബിസിനസ്. ഭക്ഷണം ഓർഡർ ചെയ്യണോ? അമ്മാമ്മ ഫോണിൽ വിളിച്ച് എന്തൊക്ക ഐറ്റംസ് വേണമെന്നു പറയുന്നു. ഇവർ ഓർഡർ ചെയ്ത് വീട്ടിലെത്തിക്കും. സിംഗപ്പൂരിൽ നിന്ന് ഓർഡർ ചെയ്ത പോലെ തന്നെ. ബില്ലുകൾ അടയ്ക്കണോ? അതും ചെയ്യാം. അടച്ച കാശും ചെറിയൊരു ഫീസും കൊടുത്താൽ മതി.

സീനിയർമാർ ഇപ്പോഴും ചെക്ക് യുഗത്തിലാണ്. ചെക്കുമായി ബാങ്കിൽ പോയി ഫോം പൂരിപ്പിച്ചു കൊടുത്ത് കാത്തിരുന്ന് കാശ് വാങ്ങും. ടോക്കൺ കൂടി കിട്ടിയാൽ സന്തോഷം. ടോക്കൺ വാങ്ങി കാത്തിരിക്കുന്ന പഴയ ശീലം മാറില്ല. ചെക്ക് ഇല്ലാതെ വൻ തുകകൾ സ്വന്തം ബാങ്ക് അക്കൗണ്ടിൽനിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കണമെങ്കിലോ? നേരിട്ട് വീട്ടിൽ വന്ന് അപ്പാപ്പന്റെ ഫോൺ തന്നെ വാങ്ങി ചെയ്യേണ്ടി വരും.

ബാങ്കിന്റെ ആപ് ഡൗൺലോഡ് ചെയ്തിട്ടോ വേറേ ആപ്പുകൾ ഉപയോഗിച്ചോ മാത്രമേ കാര്യം നടക്കൂ. ആര് പണം അയച്ചു എന്നതിന് റെക്കോർഡ് വേണ്ടതാണെങ്കിൽ. ബിൽ അടയ്ക്കും പോലല്ല, ആര് അടച്ചു എന്നതിന് അവിടെ പ്രസക്തിയില്ല, കാശ് കിട്ടിയാൽ മതി. നേരിട്ടു ഫോൺ വാങ്ങി പണം അയയ്ക്കുമ്പോൾ ഫ്രോഡ് നടന്നാലോ? കുറച്ചു കാശ് സ്വന്തം അക്കൗണ്ടിലേക്ക് ഏതെങ്കിലും വിരുതൻ മാറ്റിയാലോ? അതിന് പരിഹാരം സ്റ്റാർട്ടപ് കമ്പനി തന്നെ കാണണം. നിരീക്ഷിക്കാൻ ബാക്കപ് ടീം വേണം.

ഒടുവിലാൻ∙ എടിഎം കാർഡ് പോലും എടുക്കാത്ത സീനിയർമാരുണ്ട്. അവർക്ക് ബാങ്ക് ഇടപാട് അര ദിവസത്തെ പണിയാണ്. കാലത്തേ കുളിച്ചു കുട്ടപ്പനായി ബാങ്കിൽ പോയി ചെക്ക് കൊടുത്തു കാത്തിരുന്ന് കാശു വാങ്ങി, രണ്ടു വ‍ർത്തമാനം പറഞ്ഞ് തിരിച്ചു വരണം. അത്രേം നേരം പോയി.

English Summary : Business Boom Column by P Kishore about Tech Service for Seniors

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA