എസ്എസ്എൽസി പരീക്ഷാഫലം വന്നാൽ പണ്ടൊക്കെ നാടാകെ വാച്ച് വിൽപന പൊടിപൊടിക്കുമായിരുന്നു. കോളജിൽ കയറാൻ പോകുന്ന പിള്ളാർക്കെല്ലാം വാച്ച് വാങ്ങിക്കൊടുക്കുകയാണ്. എച്ച്എംടി വാച്ചുകൾക്കായിരുന്നു വൻ വിൽപന. ‘ടൈം കീപ്പേഴ്സ് ടു ദ് നേഷൻ’ എന്ന പരസ്യം അങ്കിൾമാരുടെ നൊസ്റ്റാൾജിയയാണ്. ഇന്നോ?
സാദാ വാച്ചുകൾ വേണ്ടെന്നായിരിക്കുന്നു. ഒരു കൂട്ടം ചെറുപ്പക്കാരെ എവിടെയെങ്കിലും നിരീക്ഷിക്കുക. അവരിൽ വാച്ച് കെട്ടിയവർ അപൂർവം. സമയം നോക്കാൻ മൊബൈലുണ്ടല്ലോ. പോരാത്തതിന് മിക്കവരുടേയും കൈകളിൽ സ്മാർട് വാച്ചുകളുണ്ട്. അതിനെ വാച്ച് എന്നതിനേക്കാൾ വെയറബിൾ ഡിവൈസ് എന്നു വിളിക്കുന്നതാണു ഭേദം. അതു കെട്ടുന്നതൊരു സ്റ്റൈലാണ്. വിക്രം സിനിമ സൂപ്പർ ഹിറ്റായതോടെ തന്റെ കടമെല്ലാം വീട്ടുമെന്നു പ്രഖ്യാപിച്ച കമൽഹാസൻ അവസാന രംഗത്ത് പ്രത്യക്ഷപ്പെട്ട സൂര്യയ്ക്ക് 55 ലക്ഷത്തിന്റെ റോളക്സ് വാച്ചാണ് തന്റെ സ്വകാര്യ ശേഖരത്തിൽ നിന്നു സമ്മാനമായി നൽകിയത്. അത്തരം വാച്ചുകളുടെ ‘ശേഖരം’ ഉണ്ടെന്നു മനസ്സിലായല്ലോ. ഇമ്മാതിരി വിദേശ ആഡംബര ബ്രാൻഡുകളുടെ വിലകളിൽ കുതിച്ചു കയറ്റം ഉണ്ടായിരിക്കുന്നു.
കോടീശ്വരൻമാർ സമ്മാനം കൊടുക്കുന്ന പ്രധാന ഐറ്റമാണ് വാച്ച്. കല്യാണത്തിനു സമ്മാനമായി ഒരു ലക്ഷമെങ്കിലും വിലയുള്ള ക്രോണോ മോഡലുകളാണു കൊടുക്കുക. മലയാളികൾ ഉൾപ്പടെ സ്പോർട്സ് താരങ്ങൾ (ഫുട്ബോളോ, ബാഡ്മിന്റണോ, ക്രിക്കറ്റോ) ഗൾഫിലും മറ്റും പോയാൽ ആരാധകർ വാച്ചുകൾ കൊണ്ടഭിഷേകം ചെയ്യും. അവയുടെ മൂല്യം സമ്മാനം കിട്ടുന്നവർ അറിയുന്നുണ്ടാവില്ല. വേണ്ടാത്ത സാധനത്തെ നാട്ടിലെത്തുമ്പോൾ പെട്ടവിലയ്ക്ക് വിറ്റൊഴിവാക്കുന്നവരുണ്ട്. അതു കുറഞ്ഞ വിലയ്ക്കു വിൽക്കുന്ന കടകളുണ്ട്.ഇനിയുള്ള കാലം ആപ്പിളും ഫിറ്റ്ബിറ്റും പോലെ ധരിക്കാവുന്ന ഉപകരണങ്ങളുടേതായിരിക്കുമെന്നാണു പ്രവചനം. സമയം അറിയുന്നതു ചെറിയ കാര്യം മാത്രം. ഹൃദയമിടിപ്പ്, എത്ര ദൂരം നടന്നു അല്ലെങ്കിൽ ഓടി, എത്ര മിനിട്ട് വ്യായാമം, രക്തത്തിലെ ഓക്സിജന്റെ അളവ്, എത്ര കാലറി കത്തി തുടങ്ങി ഇനി ബിപി അളക്കാനും ഉറക്കം നിരീക്ഷിക്കാനുമൊക്കെ ഇത്തരം ഉപകരണങ്ങൾ വരും. അതു വാച്ച് പോലെ കെട്ടുന്നതാവണമെന്നില്ല, മോതിരം പോലെ വിരലിൽ ഇടാം ചെവിയിൽ വയ്ക്കാം. പക്ഷേ എല്ലാറ്റിലും സമയവും കിട്ടും.
അപ്പോഴാണ് സാദാ വാച്ച് വേണ്ട ആഡംബര വാച്ച് വേണമെന്ന പുതിയ ട്രെൻഡിന്റെ വരവ്. ആഭരണം പോലെ. കല്യാണത്തിനോ പാർട്ടിക്കോ പോകുമ്പോൾ സ്വർണാഭരണം മാറിമാറി അണിയും പോലെ പല വാച്ചുകൾ കെട്ടും. പഴയ പോലെ ഒരു വാച്ച് പോര ശേഖരം വേണം.!
ഒടുവിലാൻ∙ചാടിച്ചാടി വളയമില്ലാതെ ചാടുന്നു. മൊബൈൽ ഫോൺ തന്നെ വേണ്ട. സ്മാർട് വാച്ച്, ഗുഗിൾ ഗ്ലാസ്, സ്മാർട് കണ്ണട....പക്ഷേ ഏതാണ്ട് 30 കോടി ഉപയോഗത്തിലുണ്ട്.