സായിപ്പ് മാറി ഗോസായി വന്നപ്പോൾ

food-1248
SHARE

സായിപ്പും മദാമ്മയും പൂണ്ടു വിളയാടിയിരുന്ന ഫൈവ് സ്റ്റാർ റിസോർട്ടാണ്. നാട്ടുകാരെ അവർക്കു വേണ്ടായിരുന്നു. ഡോളറും പൗണ്ടും മറ്റും വന്നു മറിയുമ്പോൾ രൂപ ആർക്കു വേണം. രാജ്യത്തിനു വിദേശനാണ്യം നേടിത്തരുന്നു എന്ന ഗമയും ഉണ്ടായിരുന്നു.  കോവിഡ് കഴിയുമ്പോൾ ടൂറിസ്റ്റ് റിസോർട്ടുകളിൽ വിദേശികളില്ല, നാടൻ മാത്രം. ഡൽഹി, മുംബൈ, അഹമ്മദാബാദ് ഐറ്റംസാണ്. ഗുജറാത്തികളും മാർവാഡികളും ജൈനൻമാരും മറാഠികളും സിന്ധികളും. അങ്ങനെ പലതരം ഗോസായി പണച്ചാക്കുകൾ.

അവരെങ്കിലും വന്ന് ഞങ്ങളുടെ മുറികൾ നിറയ്ക്കുന്നതു ഭാഗ്യം എന്നേ പറയേണ്ടു, 3 കൊല്ലമായി ലാഭമില്ല, ജീവനക്കാരുടെ എണ്ണം പാതിയാക്കി. എന്നിട്ടും ശമ്പളം കൊടുക്കാനുള്ള കാശ് ഒപ്പിക്കുന്നതുതന്നെ പാട്. അതിനാൽ ഗോസായികളെ എല്ലാവരും സ്വാഗതം ചെയ്യുന്നു. 

റിസപ്ഷനിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്നു– വല്ലതും മിണ്ടാനൊക്കുമോ? അവരിൽ കാശുള്ളവരും കഞ്ചൂസും കാണുമത്രെ. കഞ്ചൂസിന് കൊടുത്ത കാശ് പരമാവധി മുതലാക്കാനാണു താൽപ്പര്യം. ബ്രേക്ഫാസ്റ്റിനു വന്നിട്ട് വേണ്ടതും വേണ്ടാത്തതുമൊക്കെ എടുത്തു പ്ലേറ്റിലിട്ടിട്ട് വേസ്റ്റാക്കും. വെയ്റ്റർമാർ കാൺകെ തന്നെ പഴങ്ങളും ബട്ടറും മറ്റു പല സാധനങ്ങളും ബാഗിലിട്ടു കൊണ്ടുപോകും. സായിപ്പാണെങ്കിൽ ഒരു ടോസ്റ്റും അൽപ്പം സോസേജും ബേക്കണും ഓംലറ്റും കാപ്പിയും കൊണ്ടു മാന്യമായി തീറ്റ മതിയാക്കിയിരുന്നതാണ്. 

ഉത്തരേന്ത്യൻ സകുടുംബ ഭക്ഷണം മൊത്തം വെജ്  ആയിരിക്കണം. ദാൽ, ചാവൽ, റോട്ടി, സബ്ജി, പൊഹ, കമാൻ ദോക്‌ല, സേവ്... കിച്ചൻ ആകെ വേറൊരു തരത്തിൽ പ്ലാൻ ചെയ്യേണ്ട സ്ഥിതിയായി. ഓമപ്പൊടി കൊണ്ടുണ്ടാക്കുന്ന സാധനമാണു സേവ്. ടൊമാറ്റോ കറിയും വേണം. അവിൽ ഉപ്പുമാവ് ആകുന്നു പൊഹ. ഇതിനൊക്കെ പുറമേ രാത്രി ചാട്ട് കൗണ്ടറും ഏർപ്പെടുത്തും. പാനി പുരി, ഭേൽ പുരി...

ഭൂമിക്കടിയിൽ വളരുന്നതൊന്നും കഴിക്കാത്തവരുണ്ട്. ഉരുളക്കിഴങ്ങ്, കാരറ്റ്, സവാള, ബീറ്റ്റൂട്ട്... ഏയ് അതൊന്നും നോം തൊടില്യ. അവർക്ക് മസാല ദോശ കൊടുക്കണമെങ്കിൽ തക്കാളിയിട്ട് മസാല തയ്യാറാക്കണം. ഉരുളക്കിഴങ്ങ് തൊടാത്ത സബ്ജി വേണം. ഉത്തരേന്ത്യൻ പാചകം അറിയാവുന്നവർ വേണം. വലിയ ഗ്രൂപ്പുകൾ സ്വന്തമായി പാചകക്കാരെയും കൊണ്ടു വരും. വിഭവങ്ങൾക്കു വേണ്ട ചേരുവകളും എത്തിക്കും. അവർ റിസോർട്ടിലെ അടുക്കളയിൽ കേറി പെരുമാറുന്നതിന് പ്രത്യേക നിരക്ക് ഈടാക്കും. പതിനായിരം രൂപ വരെ ഈടാക്കുന്നവരുണ്ട്.

ഒടുവിലാൻ∙ വെജ് ഓംലറ്റ് വരെ വേണമെന്നു പറഞ്ഞുകളയും. മുട്ടയില്ലാത്ത ഓംലറ്റ്. അതെങ്ങനെ? കടലമാവും മൈദയും മിക്സ് ചെയ്ത് പാനിൽ ഇട്ട് ഓംലറ്റ് പോലെ ഉണ്ടാക്കും. മസാലയ്ക്ക് തക്കാളിയും ഉള്ളിയും മറ്റും ഇടും. മുട്ട ഇല്ലെങ്കിലും കണ്ടാൽ ഓംലറ്റ് പോലിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA