ബ്രാൻഡ് പേര് വേണോ, നാടനോ വിദേശിയോ

sale-fashion-girl
പ്രതീകാത്മക ചിത്രം
SHARE

ഊടുവഴികളിൽ കൂടി സഞ്ചരിച്ച് കായൽവാരത്തെത്തുമ്പോൾ (വാട്ടർഫ്രണ്ട് വരും മുൻപുള്ള വാക്കാണ്) ചെറിയൊരു കട. പക്ഷേ പാതിരയ്ക്കും അവിടെ പുട്ടും ബീഫും കഴിക്കാൻ ആഡംബര കാറുകളുടെ നിര. വേറൊരിടത്ത് പേരില്ലാക്കടയിൽ നാടൻ കോഴിപ്പിരട്ട് കഴിക്കാൻ വരുന്ന വണ്ടികൾ കാരണം ഇടവഴികളിൽ ട്രാഫിക് ബ്ളോക്ക്... അപ്പോൾ കടയ്ക്ക് അല്ലെങ്കിൽ ഉൽപന്നത്തിന് പേരു വേണ്ടേ? ബ്രാൻഡ് ചെയ്യണ്ടേ?

തിരുനൽവേലിയിൽ ഇരുട്ട് ഹൽവ എന്നു ജനംവിളിക്കുന്ന കടയുണ്ട്. പേരില്ലാത്തതുകൊണ്ടു ജനം കൊടുത്ത പേരാണ്. നേരം ഇരുട്ടിക്കഴിഞ്ഞിട്ടാണ് ചൂട് ഹൽവ കച്ചവടം. പിന്നീട് തിരുനൽവേലി ഹൽവ എന്ന പേരിൽ പ്രസിദ്ധമായി. ഡ്യൂപ്ളിക്കറ്റുകൾ നിരവധി വന്നു. ഇവിടെയും പേരില്ലാ ചായക്കടകളെ ജനം എന്തെങ്കിലും പേരിട്ടു വിളിക്കുന്നു. ഷാജിയുടെ കട, ശശിയുടെ കട എന്നിങ്ങനെ... അതൊരു ബ്രാൻഡായി മാറും. നാടൻ പേരുകളിട്ട് തുടങ്ങി വൻ വിജയമായ ഐസ്ക്രീം ബ്രാൻഡുകളും റസ്റ്ററന്റുകളും ചെരിപ്പ് കടകളും റീട്ടെയിൽ സ്റ്റോറുകളും കേരളത്തിലുണ്ട്. ആ പേരു കണ്ടു ജനം കയറും.

പക്ഷേ നാടൻ പേരിട്ടാൽ സാധനം വൻ വളർച്ച നേടില്ല എന്നു വിശ്വസിക്കുന്നവരേറെ. ഏറ്റവും മികച്ച ഉദാഹരണമാണ് ജെവി ലൂക്കർ യുഎസ്എ എന്ന അമേരിക്കൻ ബ്രാൻഡിൽ വിൽക്കുന്ന ഇലക്ട്രിക്കൽ ഉൽപന്നങ്ങൾ. കേരള, കൈരളി എന്നോ മറ്റോ പേരിട്ടാൽ ആരും വാങ്ങില്ലെന്നു തോന്നിയതിനാൽ അമേരിക്കയിൽ പോയി അവിടെ തകർച്ചയിലാണ്ടിരുന്ന ബ്രാൻഡ് പേര് ഇന്ത്യയിൽ ഉപയോഗിക്കാൻ അവകാശം വാങ്ങുകയായിരുന്നു. ഉൽപന്നങ്ങളുടെ നിർമാണവും വിപണനവും മലയാളി കമ്പനിയുടേതാണെന്നു മാത്രം. സായിപ്പിന്റെ സാധനം എന്നു തോന്നിപ്പിക്കുന്ന തരം പേരുകളിടുന്നതു പതിവാണിപ്പോൾ.

ഒടുവിലാൻ∙വസ്ത്രങ്ങളിലും ഷൂസിലുമെല്ലാം ഇതേ രീതിയുണ്ട്. ഇവിടെ ജനം വാങ്ങുന്ന ഒട്ടേറെ ‘വിദേശ’ ബ്രാൻഡുകളൊക്കെ നാടനാണ്... വാങ്ങി നാട് നന്നാക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS