സീനിയേഴ്സിനെ നമിച്ചുകൊണ്ട്

senior-citizen
SHARE

ആൾത്തിരക്കില്ലാത്ത ബാങ്ക് ബ്രാഞ്ചിലേക്ക് അപ്പാപ്പൻ കാലെടുത്തു വച്ചപ്പോഴേ ബാങ്ക് ജീവനക്കാർ ഇന്നത്തെ ദിവസം പോക്കാണേ...എന്ന അർഥത്തിൽ ചില ദയനീയ ശബ്ദങ്ങൾ പുറപ്പെടുവിച്ചു. ന്യൂജെൻ സ്വകാര്യ ബാങ്കാണ്. അപ്പാപ്പന് വൻ തുകയുടെ എഫ്ഡികളുണ്ട്. പഴയ സർക്കാർ ബാങ്കിലെ പോലെ മൈൻഡ് ചെയ്യാതിരിക്കാനാവില്ല. തട്ടവും താലവും ഇല്ലെങ്കിലും സ്വീകരിച്ച് ആനയിച്ചേ പറ്റൂ. 

നൂറു സംശയങ്ങളുമായിട്ടാണു വരുന്നത്. എടിഎം കാർഡ് എന്നു കേട്ടാൽ അവർ യേയ്...അയ്യേന്നു വയ്ക്കും. ഓൺലൈൻ ബാങ്കിംഗ്, ആപ്, ഫോൺ ബാങ്കിംഗ് എന്നൊക്കെ കേട്ടാൽ ഛർദ്ദിക്കും. വീട്ടിലിരുന്നു ബോറടിക്കുമ്പോൾ ഇടയ്ക്കൊക്കെ ബാങ്കിലേക്ക് യാത്ര പോവുക, ചെക്ക് കൊടുത്തിട്ടോ, ഫോം പൂരിപ്പിച്ചിട്ടോ കാശ് ഇടുക, എടുക്കുക, അയച്ചു കൊടുക്കുക, ചെക്ക് ബുക്ക് വാങ്ങുക...അങ്ങനെയങ്ങനെ സമയംപോക്കാൻ പല പരിപാടികളാണ്. 

ആദ്യ പരിപാടി പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യലാണ്. ഈ മാസത്തെ പെൻഷനും നിക്ഷേപത്തിന്റെ പലിശയും പാസ്ബുക്കിൽ എഴുതി വാങ്ങുന്നു. സാറേ ഇത് സ്വയം പ്രിന്റ് ചെയ്തെടുക്കാമെന്നൊന്നും പറയരുത്. അന്വേഷണങ്ങൾക്ക് കസ്റ്റമർ കെയർ നമ്പറിൽ വിളിക്കണമെന്നു പറഞ്ഞാൽ അപ്പാപ്പൻ പിണങ്ങി അക്കൗണ്ട് വേറെവിടേക്കെങ്കിലും മാറ്റും. സൂക്ഷിക്കേണ്ട കേസാണ്.

അനന്തരം ആ മാസത്തെ ചെലവിനുള്ള തുക പിൻവലിക്കാൻ ഫോം പൂരിപ്പിക്കുന്നു. ടോക്കൺ വാങ്ങി കാത്തിരിക്കണം. പഴയ രീതികളാണേ...മിക്കയിടത്തും ഇപ്പോൾ ടോക്കൺ ഇല്ല. ടെല്ലറുടെ കണ്ണാടി കൂടിനു മുന്നിൽ കാത്തു നിൽക്കാൻ ഓൾഡ് ഗോൾഡ്കളേ കാണൂ. പെൻഷൻ കാശ് 200, 100, 50, 500 എന്നിങ്ങനെ പല തരത്തിൽ വാങ്ങി എണ്ണി തിട്ടപ്പെടുത്തിയേ പോകൂ. തിരക്കുളള സമയമാണെങ്കിൽ പിറകിൽ നിൽക്കുന്നവർക്കു മിനക്കേടാണ്.

ചെക്ക് കലക്‌ഷന് അയയ്ക്കാൻ ഫോം പൂരിപ്പിച്ച് ഡ്രോപ് ബോക്സിലിടാൻ അങ്കിളിനോടു പറയല്ലേ. ഫോം വാങ്ങി നോക്കി സീൽ ചെയ്ത്, രസീത് കീറി കൊടുക്കണേ...ഇല്ലേൽ ചിലപ്പോൾ ചൂടായെന്നിരിക്കും.

ഇതൊക്കെ മിനക്കേടാണെങ്കിൽ തിരിച്ചൊരു ചോദ്യം സീനിയേഴ്സിനുണ്ട്. പിന്നെന്തിനാ ബാങ്ക് ബ്രാഞ്ചും തുറന്നു വച്ചോണ്ടിരിക്കുന്നത്? എല്ലാം ഓൺലൈനാക്കിയാൽ പോരേ? ഇൻഷുറൻസും മ്യൂച്വൽഫണ്ടും വിൽക്കാൻ മാത്രമാണോ ബ്യാങ്ക്?

പയറ്റിത്തെളിഞ്ഞ ബാങ്ക് മാനേജർമാർ പറയും: അയ്യോ ഇതു ഞങ്ങൾക്ക് അലോസരമല്ലേ...സീനിയേഴ്സിന് ഒരു ദിവസത്തെ ഔട്ടിംങ് ആവുന്നു ബാങ്ക് സന്ദർശനം. കാലത്തേ തന്നെ അതിനായി സ്പെഷ്യൽ കുളിയും മറ്റുമുണ്ട്. അവർക്ക് ബഹുമാനം കിട്ടുന്ന സ്ഥലം കൂടിയാണ് ബാങ്ക്. ഞങ്ങൾ ഇത് എൻജോയ് ചെയ്യുകയാണ്. നാട്ട് വിശേഷങ്ങൾ അവർ പറയുമ്പോൾ ഞങ്ങൾക്ക് വേണ്ട ഇൻഫർമേഷനും കിട്ടാറുണ്ട്...

സീനിയേഴ്സിനെ നമിച്ചുകൊണ്ട് പുതുവർഷം തുടങ്ങാം.

ഒടുവിലാൻ∙പഴയ ഫിയറ്റോ അംബാസഡറോ മാത്രം  ഓടിച്ചു വരുന്നവരുണ്ടത്രെ. പുതിയ മോഡൽ കാറുകളെല്ലാം അവർക്ക്– ഛായ് അതൊക്കെയൊരു കാറാണോ...!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS