അതികാലത്ത് എഴുന്നേൽക്കൽ രഹസ്യം

the-secrets-to-waking-up-early
Image Credits: Nutlegal Photographer/istockphoto.com
SHARE

പ്രായം 82 പക്ഷേ ഞാൻ വെളുപ്പിന് നാല് മണിക്ക് എഴുന്നേൽക്കും...പണ്ടേയുള്ള ശീലമാ! പയറ്റി തെളിഞ്ഞ ബിസിനസ് കാർന്നോരുടെ വാചകമാണ്. ‘നാട്ടു നടപ്പാണ്’ ആദ്യം.  നാട്ടിലെ നിത്യ പരിചയക്കാരായ തെരുവ് നായ്ക്കൾ കാർന്നോരെ കണ്ട് ഓച്ഛാനിച്ച് മാറി നിൽക്കും. തിരികെ വന്ന് യോഗാ, പ്രഭാത ഭക്ഷണം...പിന്നെ ഓഫിസിലേക്കൊരു പോക്കാണ്.

ഈ പ്രായത്തിൽ ഇങ്ങനെ ജോലി ചെയ്യേണ്ട യാതൊരു കാര്യവുമില്ല കാർന്നോർക്ക്. പക്ഷേ പെട്രോൾ പമ്പ്, ബാർ ഹോട്ടൽ, വെയ്ബ്രിജ്, ഗ്യാസ് ഏജൻസി, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ നീളുന്ന കാശെറിഞ്ഞു കാശുവാരൽ കല ഇപ്പോഴും മൂപ്പീന്നിനു മടുത്തിട്ടില്ല. ഞാൻ 60 ലക്ഷം രൂപ ഇൻകം ടാക്സ് കൊടുക്കുന്നുണ്ട്–ലേശം ഡംഭിൽ അദ്ദേഹം പറഞ്ഞു. 

അപ്പോൾ വരുമാനം എത്ര? മനക്കണക്ക് കൂട്ടാവുന്നതേയുള്ളു. 33% നിരക്ക് വച്ച് നോക്കിയാൽ ഏതാണ്ട് ഒന്നേമുക്കാൽ കോടി  പെട്ടിയിൽ വീഴുന്നുണ്ട്.  

പഴയ കാലത്ത് നിസാരവിലയ്ക്ക് കൊച്ചിയിൽ സ്ഥലം വാങ്ങി കൂട്ടിയിരുന്നു. ഓൺലൈൻകാർക്ക് ഗോഡൗണായി ഏക്കറുകൾ കൊടുത്തവകയിൽ വാടകയുമുണ്ട്. 2 വെയ്ബ്രി‍ജിൽ നിന്നും മാത്രം  മാസം രണ്ടര ലക്ഷം വീതം വരുന്നുണ്ടത്രെ. 

പഴയ കാലത്ത് അനേകം ബിസിനസുകൾ നഷ്ടത്തിൽ കലാശിച്ച കഥ പറഞ്ഞു. എഴുപതുകളിൽ 8 ലക്ഷം രൂപ കളഞ്ഞു കുളിച്ചു. ബിസിനസിൽ അങ്ങനെയാണേ...അതും ഓർത്തോണ്ടിരുന്നിട്ടു കാര്യമില്ല. ആദായ നികുതിക്കു പുറമേ ഏതൊക്കെ നികുതികൾ എവിടെയൊക്കെ കൊടുക്കുന്നുണ്ടെന്ന് കണക്കു കൂട്ടി വച്ചിരിക്കുകയാണ്. വാഹനനികുതി, കെട്ടിട നികുതി, വസ്തുക്കരം എല്ലാം കൂട്ടിയാൽ 64% നികുതിയുണ്ടെന്ന് അദ്ദേഹം പറയുന്നു. 

ഇതിലെ പോയിന്റ് ആദ്യം പറഞ്ഞതാണ്. പുലർച്ചെ നാല് മണിക്ക് എഴുന്നേക്കൽ. നമ്മൾ മടിയൻമാർ മൂടിപ്പുതച്ചുറങ്ങുന്ന നേരത്ത്. കഠിനാധ്വാനിയുടെ ലക്ഷണം.

പെപ്സികോ മുൻ ചെയർമാൻ ഇന്ദ്രനൂയി വിരമിച്ച ശേഷവും ഉറക്കമെഴുന്നേൽക്കുന്നത് നാല് മണിക്കാണെന്ന് ആത്മകഥയിൽ പറയുന്നുണ്ട്. നാല് മണിക്കെഴുന്നേറ്റ് എന്ത് ചെയ്യാൻ? മദ്രാസ് സ്റ്റൈലിൽ കാപ്പിപ്പൊടി ഫിൽറ്റർ ചെയ്ത് ഡിക്കോക്‌ഷൻ ഉണ്ടാക്കും ആദ്യം. ശേഷം കാപ്പി കപ്പുമായി ലാപ്ടോപ്പിലേക്ക്. അന്നത്തെ ഓൺലൈൻ വാർത്തകൾ വായിക്കുന്നു, മെയിലുകൾക്കു മറുപടി നൽകുന്നു. ഏഴരയോടെ ഓഫിസിലേക്ക് പോകും.

വിരമിച്ചില്ലേ? ഏത് ഓഫിസ്? സ്വന്തമായി ഓഫിസും സ്റ്റാഫും വച്ചിരിക്കുകയാണ്. ആമസോൺ ഉൾപ്പടെ നിരവധി കമ്പനികളുടെ ഡയറക്ടറാണല്ലോ. അതായത് വിരമിച്ചിട്ടും കഠിനാധ്വാനം കുറച്ചിട്ടില്ല.

എനിക്ക് കാശില്ലേ എന്നു വിലപിക്കുന്നവരും കാശുണ്ടാക്കുന്നവരെല്ലാം എന്തോ തട്ടിപ്പുകാരാണെന്നു വിചാരിക്കുന്ന അസൂയക്കാരും ശ്രദ്ധിക്കുക. കഠിനാധ്വാനം ചെയ്താണു കാശുണ്ടാക്കുന്നത്. അധ്വാനിക്കുന്നവനെ ഭാഗ്യവും പിന്തുണയ്ക്കും.

ഒടുവിലാൻ∙ അതികാലത്തെഴുന്നേറ്റ് അമ്പലത്തിലോ പള്ളിയിലോ പോകുന്നവരുണ്ട്. ബിസിനസ് നന്നാവണമെങ്കിൽ ദൈവം കൂടി വിചാരിക്കണമല്ലോ...

Content Summary: Business Boom, The Secrets to Waking Up Early

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS