അക്കൗണ്ടിൽ കാശുണ്ടെങ്കിൽ ഡെബിറ്റ് കാർഡ്, ഇല്ലെങ്കിൽ ക്രെഡിറ്റ്; കളർ കാർഡുകളുടെ ഗുട്ടൻസ്

business-boom-cards
Representative image. Photo Credit: Inside Creative House/istockphoto.com
SHARE

"ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനം വാങ്ങിയാലുടൻ എന്റെ ‘ഫാദർ ഇൻ ലോ’ വാങ്ങിയ തുകയ്ക്ക് ചെക്ക് കൊടുക്കും– എന്താ ചെയ്ക!" 

സ്വകാര്യ ബാങ്കിന്റെ അത്യുന്നതൻ പയ്യാരം പറഞ്ഞതാണ്. പഴയ തലമുറക്കാരനായ അപ്പാപ്പന് കൊടുക്കൽ വാങ്ങലുകൾ കൃത്യമാണ്. അതിലെന്താ കുഴപ്പം? കാശ് എത്രയുംവേഗം കൊടുക്കുകയല്ലേ വേണ്ടത്? അതല്ലേ നേരേ ചൊവ്വേ ബാങ്കിടപാട് നടത്തുന്നവരുടെ ലക്ഷണം?

എല്ലാരും ഇങ്ങനെ തുടങ്ങിയാൽ ബാങ്കിന്റെ ഗതിയെന്താവും? 

പിന്നെ എന്തു ചെയ്യണമെന്നാണ്? കാശ് കൊടുക്കാതിരിക്കണോ? 

അനന്തരം ബാങ്ക് മേധാവി കാർഡിന്റെ ഗുട്ടൻസുകൾ പറയാൻ തുടങ്ങി. സ്വന്തം അക്കൗണ്ടിൽ കാശുണ്ടെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ചു വാങ്ങാം. ഇല്ലാത്ത കാശിന് വാങ്ങുന്നതിനാണ് ക്രെഡിറ്റ് കാർഡ്. (അക്കൗണ്ടിൽ കാശുള്ളവരും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാറുണ്ട്.) അങ്ങനെ വാങ്ങിയവർ 45 ദിവസത്തിനകം കാശ് അടച്ചാൽ ബാങ്കിന് പ്രയോജനമൊന്നുമില്ല. ആ ഇടപാടിൽ വെറും ട്രാൻസാക്‌ഷൻ ഫീ മാത്രം കിട്ടും. വാങ്ങിയ സാധനത്തിന്റെ വിലയുടെ  വെറും 0.02% മുതൽ 0.5% വരെ മാത്രം. നിസാര വരുമാനം.

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരിൽ 25% പേർ നേരത്തേ പറഞ്ഞ അപ്പാപ്പന്റെ സ്വഭാവക്കാരാണത്രെ. കൃത്യമായി കാശ് അടച്ചിരിക്കും. അവരെക്കൊണ്ടു ഗുണമില്ല.

യഥാർഥ ലാഭം 45 ദിവസത്തിനകം കാശ് അടയ്ക്കാത്തവരിൽ നിന്നാണ്. സാധനം വാങ്ങിയ തുക അതോടെ റീട്ടെയിൽ വായ്പയായി മാറ്റപ്പെടുന്നു. പലിശ 26% മുതൽ 40% വരെ. ഈ വായ്പകൾ ലക്ഷ്യമിട്ടാണ് ക്രെഡിറ്റ് കാർഡ് ബിസിനസ്. പക്ഷേ ക്രെഡിറ്റ് കാർഡ് ഉടമകളിൽ 50% പേർ മാത്രമേ അങ്ങനെ വായ്പയാക്കി പണം കൃത്യമായി  അടയ്ക്കാറുള്ളു. 15% പേർ കൃത്യമായി അടയ്ക്കില്ലെങ്കിലും വാങ്ങിച്ചെടുക്കാൻ പറ്റും. ബാക്കി 10% പേർ കാശ് കൊടുക്കില്ല. കിട്ടാക്കടമാകും. എൻപിഎ! 

എന്ത് എൻപിഎ 10 ശതമാനമോ? ബാങ്ക് പൊളിയില്ലേ? 

അതിനല്ലേ കാശ് അടയ്ക്കുന്നവരുടെ പലിശ 40% വരെ കയറ്റി വച്ചിരിക്കുന്നത്. ഇതിലെ നഷ്ടം അതിൽ നികന്നു പോകും.

അപ്പോൾ അതിനാണ് പെട്രോൾ പമ്പിൽ കാത്തു നിന്നു പോലും ക്രെഡിറ്റ് കാർഡുകൾ പ്രചരിപ്പിക്കുന്നത്. ഫോണിൽ ഒന്നു മൂളിയാലുടൻ കാർഡ് കൂറിയറിൽ പറന്നു വരുന്നത്. സാധനങ്ങൾ വാങ്ങിയാൽ പോയിന്റ്സ് കിട്ടും, പല സ്ഥലത്തും ഡിസ്ക്കൗണ്ടുകൾ കിട്ടും, നാട്ടിലും വിദേശത്തും എയർപോർട്ട് ലൗഞ്ചുകളിൽ പ്രീമിയം കാർഡ് കാണിച്ചാൽ പ്രവേശനം കിട്ടും. സൂക്ഷിച്ചാൽ ഉപയോക്താക്കൾക്കും പ്രയോജനമുണ്ട്.

ഒടുവിലാൻ∙കാർഡ് ഉപയോഗിക്കുന്നവരുടെ ഡേറ്റ ബാങ്കിനും കാർഡ് കമ്പനിക്കും കിട്ടുന്നു. എവിടെയൊക്കെ, എത്ര രൂപ ഡിന്നറിനും വസ്ത്രങ്ങൾക്കും മരുന്നിനും മറ്റും ചെലവഴിക്കുന്നു! ഡേറ്റ വേറൊരു ബിസിനസാണേ...

Content Summary: Business Boom Column About Bank Cards

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA