7500 ഏക്കറിൽ ഒരു വ്യവസായ നഗരം, 28 രാജ്യങ്ങളിൽ നിന്ന് 200 കമ്പനികൾ, നിക്ഷേപം 32,000 കോടി; ശ്രീ സിറ്റി!

business-boom-column-about-business-hubs
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

ആ പത്രവാർത്ത വായിച്ച് മിഴിച്ചിരുന്നുപോയ മലയാളികളേറെയുണ്ട്. ചെന്നൈ ശ്രീപെരുംപുത്തൂരിൽ ഫോക്സ്കോൺ ഫാക്ടറിക്കടുത്ത് 20 ഏക്കറിൽ 60,000 പേർക്ക് താമസിക്കാൻ കഴിയുന്ന ഹോസ്റ്റൽ പണിയുന്നു!!! ആദ്യഘട്ടമായി 20,000 പേർക്കുള്ള ഹോസ്റ്റൽ മാസങ്ങൾക്കകം പണി തീരും.

ഐഫോണും ആപ്പിളിന്റെ മറ്റ് ഉൽപന്നങ്ങളും നിർമിക്കുന്ന ഫാക്ടറിയാണ് ഫോക്സ്കോണിന്റേത്. നിലവിൽ 15,000 പേരിലേറെ ജോലി ചെയ്യുന്നു. ഭൂരിപക്ഷവും വനിതകൾ. ജീവനക്കാരുടെ എണ്ണം 2 വർഷത്തിനകം 70,000 ആക്കാൻ പോവുകയാണത്രെ. അതിന്റെ ഭാഗമാണ് ഹോസ്റ്റൽ. ഫോക്സ്കോൺ മുടക്കുന്നത് 50 കോടി ഡോളർ–4000 കോടി രൂപ.

ഐഫോൺ കയറ്റുമതി മാസം 100 കോടി ഡോളർ കവിഞ്ഞു. 8000 കോടി രൂപയുടെ കയറ്റുമതി ഒറ്റ മാസംകൊണ്ട്. നമ്മൾ മലയാളികൾക്ക് ഇതൊക്കെ വായിച്ച് വൈക്ലബ്യത്തിലിരിക്കാനേ പറ്റൂ. തമിഴ്നാട് വളരുന്നത് ഇങ്ങനെയാണ്. അല്ലാതെ നമ്മുടെ മാതിരി 10 മാസംകൊണ്ട് ഒന്നേകാൽ ലക്ഷം വ്യവസായം എന്നൊക്കെയുള്ള ബഡായികളിലൂടെയല്ല.

ആന്ധ്രയിലൊരു പുതിയ വ്യവസായ നഗരം ഉയർന്നു വന്നത് നമ്മളാരും അറിഞ്ഞിട്ടില്ല. ശ്രീ സിറ്റി! തിരുപ്പതി ജില്ലയിൽ 2008ൽ വെറും 7500 ഏക്കറിൽ അന്നത്തെ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡി തുടങ്ങിയതാണ്. ചെന്നൈയിൽ നിന്ന് 55 കി.മി. മാത്രം ദൂരെ. ഇന്ന് അവിടെ ചെന്നു നോക്കിയാൽ മലയാളി അപകർഷതയിൽ ആറാടിപ്പോകും. 28 രാജ്യങ്ങളിൽ നിന്ന് 200 കമ്പനികളുണ്ട്. 42 എണ്ണം വൻകിട ബഹുരാഷ്ട്ര കമ്പനികൾ. പേരുകൾ നോക്കുക–കെല്ലോഗ്സ്, അൽസ്റ്റോം, ഇസുസു, പാനസോണിക്...വലിയൊരു മാനുഫാക്ചറിങ് ക്ളസ്റ്ററാണിവിടം.

ഇതുവരെ വന്ന നിക്ഷേപം 32,000 കോടി. 4,000 കോടിയുടെ കയറ്റുമതി നടത്തിയിട്ടുണ്ട്. ശ്രീസിറ്റി മൾട്ടി പ്രോഡക്റ്റ് പ്രത്യേക സാമ്പത്തിക മേഖലയും ഫ്രീട്രേഡ് ആൻഡ് വെയർഹൗസിങ് മേഖലയുമാണ്. ഇലക്ട്രോണിക്സ് ഉൽപന്ന നിർമാണ ക്ലസ്റ്ററും. ശ്രീ സിറ്റിയുടെ ഭരണം നടത്തുന്നത് ആന്ധ്ര ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപറേഷൻ.

ചെന്നൈയുടെ തുറമുഖവും വിമാനത്താവളവും റെയിൽ–റോഡ് കണക്റ്റിവിറ്റിയുമാണ് ആന്ധ്രയുടെ ലാക്ക്. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിൽ ബെംഗളൂരുവിനടുത്ത് ഹൊസൂർ വളർത്തി വൻ വ്യവസായ നഗരമാക്കി. ബെംഗളൂരുവിന്റെ സാമീപ്യമാണ് ഹൊസൂരിന്റെ ലാക്ക്. നമ്മളും അതു ചെയ്തിട്ടില്ലേ? കോയമ്പത്തൂർ ലാക്കാക്കി കഞ്ചിക്കോട്ട് വ്യവസായമേഖല...?? നാറാണക്കല്ലായെന്നു മാത്രം. നമ്മൾ നികുതിദായകരുടെ എണ്ണം കൂട്ടാൻ നോക്കുന്നില്ല, പകരം നിലവിലുള്ളവരെ കൂടുതൽ പിഴിയുന്നു. അവർ നേരേ മറിച്ചും. അതാണവരുടെ വിജയം.

ഒടുവിലാൻ∙ കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിന്റെ കഥ പഴയതാണെങ്കിലും വെറുതേ പറയാം– 10 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ 12,000 കയറ്റുമതിക്കാർ. വർഷം അരലക്ഷം കോടിയുടെ വസ്ത്ര കയറ്റുമതി. നൂലിൽ നിന്നു തുണിയുണ്ടാക്കൽ, കളർ ഡൈ, കട്ടിങ്, തയ്യൽ, പാക്കിങ്...ലക്ഷങ്ങൾക്കാണു തൊഴിൽ.

Content Summary : Business boom - Column about business hubs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS