ശ്രീമാൻ കാൺകെ സുഖിയൻ മുടിയനാകും

509051302
Representative image. Photo Credit:peshkov/istockphoto.com
SHARE

പണ്ടൊക്കെ ശ്രീമാൻ, സുഖിയൻ, മുടിയൻ, എരപ്പൻ എന്നിങ്ങനെ വിവിധ തരം സംരംഭകരെ പഴമക്കാർ വിശേഷിപ്പിച്ചിരുന്നു. ശ്രീമാൻ സമ്പത്ത് ഉണ്ടാക്കുന്നവനാണ്. വ്യവസായം, വ്യാപാരം, വാണിജ്യം, റിയൽ എസ്റ്റേറ്റ്... എന്തുമാകാം. അതൊക്കെ ഉപയോഗിച്ചു സുഖിക്കുന്നവരാണ് സുഖിയൻമാർ. അടുത്തത് മുടിയൻമാരും ആ സ്റ്റേജും കഴിഞ്ഞ് ഇരക്കുന്നവരുമുണ്ട്. പല തലമുറകളുടെ ഗ്യാപ് ഇതിനിടയിലുണ്ടാവുമായിരുന്നു പണ്ട്. ഇപ്പോൾ സുഖിയൻമാർ തന്നെ മുടിയൻമാരായി മാറുന്ന സീനാണു നാട്ടിലാകെ.

കറിപ്പൊടികളും ദോശമാവും പുട്ടുപൊടിയുമൊക്കെ മലയാളികളുടെ സ്ഥിരം ഐറ്റംസാണല്ലോ. ഫുഡ് പ്രോസസിംഗ് എന്നു വ്യവസായ വകുപ്പ് പറയും. ഈ വകയിൽ കറിപ്പൊടികൾ വിറ്റുണ്ടാക്കിയതെല്ലാം ശ്രീമാൻ നോക്കിയിരിക്കെ തന്നെ സുഖിയൻ മുടിക്കുന്നതു കാണേണ്ടി വന്ന അനേകം കേസുകളുണ്ട്. വയസായി ബിസിനസ് കൈമാറിയ അപ്പന്റെ മുന്നിൽ വച്ചു തന്നെ കളിപ്പാട്ടം കിട്ടിയ പോലെ കമ്പനിയിട്ടു കളിക്കുന്ന മകൻമാരുണ്ട്. 

മുടിയാൻ നേരത്തു വന്നു കൂടുന്ന ഹോബിയാകുന്നു സിനിമാ പിടുത്തമെന്നാണ് പലരുടേയും അനുഭവം. മുടക്കുന്ന 85% പേർക്കും കാശ് സ്വാഹാ! താരങ്ങളെ മോഡലുകളും ബ്രാൻഡ് അംബാസഡർമാരുമാക്കി പ്രചാരണ കോലാഹലം നടത്തുമ്പോൾ കാശ് തിരിച്ചുപിടിക്കാൻ പറ്റുമോ എന്നു നോട്ടമില്ല. 

ബാർ ലൈസൻസ് പുതുക്കുന്ന വാരമാണു കഴിഞ്ഞത്. 30 ലക്ഷത്തിലേറെ മുടക്കാൻ അനേകം യുവ ബാർ മുതലാളിമാരുടെ കയ്യിലില്ല. പലിശയ്ക്കെടുത്താണു കൊടുത്തത്. ചിലർക്കു കടം കോടികൾ. സെയിൽ ടാക്സ് (പഴയ കെജിഎസ്ടി) അടയ്ക്കാതെ കോടികൾ കുടിശികയാക്കിയവരുണ്ട്. ബാറിൽ ഭയങ്കര വരുമാനമാണെന്നാണു പൊതുവേ കരുതപ്പെടുന്നത്. പൊട്ടിപ്പാളീസാകാനും അതുമതി.

ഭൂരിപക്ഷം മുടിയൻമാരുടേയും പ്രശ്നം സാമ്പത്തിക അച്ചടക്കം ഇല്ലാത്തതാണത്രെ. ശരാശരി ബാർ ഹോട്ടലിൽ നെറ്റ് ലാഭം 20% മാത്രം. സർവ ചെലവുകളും അതുകൊണ്ടാണു നടക്കേണ്ടത്. സ്റ്റാഫിന്റെ ശമ്പളവും കറന്റും വെള്ളവും നികുതികളുമെല്ലാം. പക്ഷേ മിക്കവരുടേയും ധാരണ മാസം കിട്ടുന്ന കലക്​ഷൻ തന്നെ വരുമാനം ആണെന്നാണ്. ആ തുക കൊണ്ടാണു സർവ പർച്ചേസുകളും  ചെലവുകളും എന്നതോർക്കുന്നില്ല. ബാർ ഹോട്ടൽ ബ്രേക്ക് ഈവൻ ആവണമെങ്കിൽ ദിവസം ഒന്നേകാൽ ലക്ഷമെങ്കിലും പെട്ടിയിൽ വീഴണമെന്നാണ് മദ്യക്കളരിയിൽ പയറ്റി തെളിഞ്ഞ ആരോമലുണ്ണികൾ പറയുന്നത്. 

പരമ്പരാഗത കർഷകരുടെ മക്കൾ ഇനി കൃഷിയും കൊണ്ടു നടന്നിട്ടു മെച്ചമില്ലെന്നു കണ്ട് ബാർ ഹോട്ടലുകളിലേക്കും റിസോർട്ടുകളിലേക്കും മാറ്റി ചവിട്ടിയിരുന്നു. അവരും ഇപ്പോൾ വേറേ ബിസിനസുകൾ അന്വേഷിക്കുകയാണ്. പരമ്പരാഗത രീതികളൊക്കെ കീഴ്മേൽ മറിയുകയാണെന്നതിന് കൊല്ലത്തെ കാഷ്യു ഉദാഹരണം. 

ഒടുവിലാൻ∙മുമ്പ് സ്പെയർപാർട്ട് കടകൾ നടത്തി പണമുണ്ടാക്കിയവർ വാഹന ഡീലർഷിപ്പുകളിലേക്ക് മാറിയതുകൊണ്ടു രക്ഷയായി! സ്പെയർപാർട്ട് കടകൾ അന്യം നിന്നു.

Content Summary: Business Boom Column by P Kishore about Entrepreneurs and their Fail in Business

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA