എടുപിടീന്ന് വരുമോ ഡീഡോളറൈസേഷൻ

1043657526
Representative image. Photo Credit: MicroStockHub/istockphoto.com
SHARE

ലോക കറൻസിയായ ഡോളർ തകരാൻ പോവുകയാണ്, അമേരിക്കൻ സാമ്രാജ്യത്തം പ്രതിസന്ധിയിലാണ്, ഡോളർ മുക്തലോകം അഥവാ ഡീഡോളറൈസേഷൻ യാഥാർഥ്യമാവുകയാണ്...! ചായക്കടകളിലും സോഷ്യൽ മീഡിയയുടെ ചർച്ചാ ഗ്രൂപ്പുകളിലുമെല്ലാ ഇതൊരു സംസാര വിഷയമാണ്. 

അമേരിക്കൻ തകർച്ച കേൾക്കാൻ തുടങ്ങിയിട്ട് അര നൂറ്റാണ്ടെങ്കിലും ആയെന്നതാണു സത്യം. പുലി വരുന്നേന്ന് ഒരുപാട് കേട്ടതുകൊണ്ടാവാം ആർക്കും ഒരു വികാരവുമില്ല. പക്ഷേ ഇത്തവണ പുലി വന്ന് വാതിൽക്കൽ നിൽക്കുകയാണെന്നു തന്നെ വമ്പൻ ഇക്കോണമിസ്റ്റുകളും അമേരിക്കയിലെ രാഷ്ട്രീയക്കാരും പറയുന്നു. നിർജലീകരണം പോലെ ‘നിർഡോളറീകരണം’ സംഭവിക്കുന്നത് എടുപിടീന്നാണത്രെ.

ജോൺ എഫ്. കെന്നഡിയുടെ അനന്തരവനും അഭിഭാഷകനുമായ റോബർട്ട് എഫ്. കെന്നഡി പറയുന്നതു കേൾക്കുക–അമേരിക്ക പല രാജ്യങ്ങളിലും റോഡും പാലവും തുറമുഖവും എയർപോർട്ടുമെല്ലാം ബോംബിട്ടു നശിപ്പിച്ചു. ചൈനയുടെ മധ്യസ്ഥത്തിൽ സൗദിയും ഇറാനും ഒരുമിച്ചത് അമേരിക്ക അറിഞ്ഞതു പോലുമില്ല. ആഗോള കറൻസി എന്ന ഡോളറിന്റെ സ്ഥാനം തകർത്തു....!!

ഡോളറിന്റെ ലോകാവസാന പ്രവചനക്കാര് വേറേ ഒരുപാടുണ്ട്. അമേരിക്കൻ സാമ്പത്തിക വിശകലനപടുവായ പീറ്റർ സെന്റ് ഓൻഗെ പറയുന്നത് 6 വർഷത്തിനകം ഡോളർ ലോക കറൻസി അല്ലാതാവുമെന്നാണ്. ചില കണക്കുകളുമുണ്ട്– 2001ൽ ലോക വാണിജ്യത്തിന്റെ 73% ഡോളർ ഉപയോഗിച്ചായിരുന്നു. എന്തു വാങ്ങാനും ഡോളർ കൊടുക്കണം. 2021 ആയപ്പോഴേക്കും അത് 55% ആയി കുറഞ്ഞു. പിന്നെ ഒറ്റ വർഷത്തിനുള്ളിൽ 47 ശതമാനത്തിലെത്തി. യുക്രെയ്ൻ യുദ്ധമാണു കാരണം.

നമ്മുടെ റിസർവ് ബാങ്ക് ഉൾപ്പടെ റിസർവിനായി ഡോളർ വാങ്ങിക്കൂട്ടിയിരുന്നു. റഷ്യയും അങ്ങനെ ചെയ്തിരുന്നു. 30000 കോടി ഡോളർ റഷ്യയുടെ കേന്ദ്ര ബാങ്കിലുണ്ടായിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ അമേരിക്ക അതു മരവിപ്പിച്ചു. ആ കാശെടുത്ത് ഒന്നും ചെയ്യാനൊക്കില്ല. ലോകത്തെ സർവ കേന്ദ്ര ബാങ്കുകളും നമുക്കും ഈ ഗതി വരുമോ എന്നു ചിന്തിച്ചു. റിസർവായി ഡോളർ വാങ്ങുന്നതിനു പകരം സ്വർണം വാങ്ങി കൂട്ടാൻ തുടങ്ങി. അങ്ങനെയാണു സ്വർണവില കേറിയത്.

എന്നു വച്ച് ഡോളർ വില താഴ്ന്നോ എന്ന് മറുഭാഗം ചോദിക്കുന്നു. ഡോളറിന് ഇപ്പോഴും വില 82 രൂപയ്ക്കു ചുറ്റുമല്ലേ? 85 വരെ എത്തുമെന്നു പറയുന്നില്ലേ? നേരത്തേ 75 രൂപയിൽ നിന്നല്ലേ 82 വരെ കയറിയത്? കേറിയത് ശകലം ഇറങ്ങിയെന്നേയുള്ളു. അല്ലാതെ അധോഗതിയല്ല. 

ഡോളറിനെ പിന്തുണയ്ക്കാൻ അമേരിക്കൻ പവറുണ്ട് എന്നതു വിസ്മരിക്കരുത്. 24 ലക്ഷം കോടി (ട്രില്യൻ) ഡോളറിന്റെ സമ്പദ് വ്യവസ്ഥയയാണത്. അത്ര പെട്ടെന്നൊന്നും ഇടിഞ്ഞു വീഴില്ല. ആഗ്രഹം കൊള്ളാം പക്ഷേ ഇതല്ല, ഇതിലപ്പുറം ചാടിക്കടന്നവനാ യുഎസ്എ...

ഒടുവിലാൻ∙ ഡോളർ പോയാൽ പകരം ആഗോള കറൻസി ഏത്? യുവാനോ, രൂപയോ? ചിരിപ്പിക്കല്ലേ...

Content Summary: Business Boom column about American Dollar and economy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA