വ്യവസായം വരണമെങ്കിൽ ഒരു നിക്ഷേപ സംഗമം നടത്തിയാൽ പോരേ? ധാരണാപത്രങ്ങൾ ചറപറാ ഒപ്പിടുന്നു. ആയിരക്കണക്കിനല്ല ലക്ഷക്കണക്കിന് കോടികളുടെ വാഗ്ദാനം വന്നു മറിയുന്നു. എന്തെളുപ്പം? പക്ഷേ ഇന്നുവരെ നടത്തിയ സംഗമങ്ങളിൽ നിന്ന് ഈ കോടികളെല്ലാം യാഥാർഥ്യമായ അനുഭവമില്ല, എന്നാൽ പ്രയോജനം തീരെ ഇല്ലാതെയുമില്ല. ചിലതൊക്കെ ഒത്തുവരും.
നിക്ഷേപ സംഗമ മാമാങ്കം പല തവണ നടത്തിയത് മോദിയാണ്. വൈബ്രന്റ് ഗുജറാത്ത്! 2003 മുതൽ 2 കൊല്ലം കൂടുമ്പോൾ അതു നടത്തുന്നുണ്ട്. സംഗമം ആലോചിക്കുന്ന ഓരോ സംസ്ഥാനവും അതിനു പേരിടാൻ ആദ്യം ഒരു ഇംഗ്ളീഷ് വാക്ക് കണ്ടുപിടിക്കും. വൈബ്രന്റിനെ ഗുജറാത്ത് കൊണ്ടു പോയി, പിന്നെയുള്ളത് അഡ്വാന്റേജ്, അസന്റ്, റിസർജന്റ്, എമേർജിങ്, മാഗ്നറ്റിക്... സംസ്ഥാനത്തിന്റെ പേരുമായി പ്രാസം ഒപ്പിച്ചുള്ളു വാക്ക് ആണെങ്കിൽ ബെസ്റ്റ്. ഉദാ–അഡ്വാന്റേജ് ആന്ധ്ര, മാഗ്നറ്റിക് മഹാരാഷ്ട്ര, പ്രൊഗ്രസീവ് പഞ്ചാബ്, റിസർജന്റ് രാജസ്ഥാൻ...!
ഇംഗ്ളീഷ് വാക്കൊന്നും ഒത്തുവരാത്തതുകൊണ്ടാണോ ഛത്തീസ്ഗഢ് പേരിട്ടതിങ്ങനെ – ഇൻവെസ്റ്റ്ഗഢ് ഛത്തീസ്ഗഢ്...!
പേര് കിട്ടിയാൽ പിന്നെ വിദേശ രാജ്യങ്ങളിൽ റോഡ് ഷോകൾ. പക്ഷേ ഷോ റോഡിലല്ല, ഫൈവ് സ്റ്റാർ ഹോട്ടലിലാണ്. വർക്ക്ഷോപ്പിന് ശിൽപ്പശാല എന്നു മലയാളം കണ്ടുപിടിച്ച പോലെ റോഡ് ഷോയ്ക്ക് മലയാളം കണ്ടു പിടിക്കാനുണ്ട്. പുട്ടടി എന്നു പറഞ്ഞാൽ ഏതാണ്ടൊരു അർഥം പിടികിട്ടും.
തെലുങ്കാന വേർപിരിഞ്ഞതോടെ ഹൈദരാബാദ് കൈവിട്ടു പോയ ആന്ധ്ര അടുത്തിടെ ആഗോള നിക്ഷേപ സംഗമം വിശാഖപട്ടണത്ത് നടത്തി. നഗരം മുഴുവൻ മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുടെ കട്ടൗട്ടുകളും ഹോർഡിംഗുകളും. എയർപോർട്ടിൽ വന്നിറങ്ങുന്ന വ്യവസായികളെ സ്വീകരിച്ചാനയിക്കാൻ ചുവന്ന പരവതാനിയും പാട്ടുകാരും ഡാൻസുകാരും... എസി ടെന്റുകളിൽ വച്ചാണ് നിക്ഷേപകരെ മുഖ്യമന്ത്രി കാണുന്നതും ആന്ധ്രയുടെ ഗുണഗണങ്ങൾ വിവരിക്കുന്നതും. 352 ധാരണാപത്രങ്ങൾ ഒപ്പിട്ടു. 13 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം! 6 ലക്ഷം പേർക്ക് തൊഴിലവസരം!!
യുപിയിലെ സംഗമത്തിൽ 32 ലക്ഷം കോടിയുടെ ധാരണ, മധ്യപ്രദേശിൽ 15 ലക്ഷം കോടി! ലക്ഷം കോടി നമ്മളും കേട്ടിട്ടുണ്ട്... ഇവിടെ ജിം, അസന്റ് തുടങ്ങി നിക്ഷേപ പ്രളയമായിരുന്നു. വെള്ളം കേറിയ അമിട്ടു പോലായിപ്പോയെന്നു മാത്രം. ചീറ്റിയതു പോലുമില്ല.
പക്ഷേ ഇതിനു ചില ഗുണങ്ങളുമുണ്ട്. സംസ്ഥാനങ്ങൾ തമ്മിൽ മൂലധനം ആകർഷിക്കാൻ മൽസരിക്കും, സംരംഭകർക്കുള്ള പരിഗണനയും സൗകര്യങ്ങളും വർധിക്കും, മനോഭാവം മാറി ഉദ്യോഗസ്ഥർ സംരംഭകർക്കു മുന്നിൽ വിനീത വിധേയരാവും... ഇതാണത്ര കോംപിറ്റിറ്റീവ് ഫെഡറലിസം!
ഒടുവിലാൻ∙ മാമാങ്കം നടത്തി കോടികളുടെ കണക്കു പറഞ്ഞാൽ ഇലക്‌ഷൻ ജയിക്കില്ല. ഉദാ കർണാടക. കഴിഞ്ഞ നവംബറിലെ സംഗമത്തിൽ 9.8 ലക്ഷം കോടിയുടെ വാഗ്ദാനമായിരുന്നു. ഇലക്‌ഷൻ കഴിഞ്ഞപ്പോൾ ഠിം.
Content Summary: Business Boom Column about Investment Federalism