ആംസ്റ്റർഡാമിലും ഓവറായി ടൂറിസം

HIGHLIGHTS
  • ഓവർ ടൂറിസം എന്നറിയപ്പെടുന്ന ഈ പ്രശ്നം വേറെയും അനേകം സ്ഥലങ്ങളിലുണ്ട്.
business boom amsterdam
Representative image. Photo Credit: Steve Photography/Shutterstock.com
SHARE

ഓവറായാൽ എന്തും ബോറാവും. ആംസ്റ്റർഡാം, വെനിസ് പോലുള്ള നഗരങ്ങൾക്ക് ടൂറിസം ഓവറായി നാട്ടുകാർക്ക് ആകെ ബോറായി. ആംസ്റ്റർഡാമിൽ ഇനി ക്രൂസ് കപ്പലുകൾ അടുപ്പിക്കേണ്ടെന്നാണ് നഗരസഭയുടെ തീരുമാനം. ക്രൂസ് കപ്പൽ ടെർമിനൽ പൂട്ടി.

നമ്മൾ ടൂറിസത്തിൽ തുടങ്ങിയിട്ടേയുള്ള എന്നതിനാൽ ക്രൂസ് ടെർമിനലും കപ്പലുകളുടെ വരവുമെല്ലാം കൊണ്ടാടുന്ന ഘട്ടത്തിലെത്തിയിട്ടേയുള്ളു. സഞ്ചാരികളുടെ എണ്ണം കുറയ്ക്കാൻ എന്തുകൊണ്ട് അവർ ശ്രമിക്കുന്നു എന്നത് ഈ കണക്കുകൾ കാണുമ്പോൾ മനസിലാവും–യൂറോപ്പിലെ വ്യോമയാന ഹബ് കൂടിയാണ് ആംസ്റ്റർഡാം. ട്രാൻസിറ്റ് സ‍ഞ്ചാരികളും നഗരത്തിലിറങ്ങി കാഴ്ചകണ്ടു നടക്കും. അങ്ങനെ പകൽ മാത്രം നഗരം കറങ്ങുന്നവരുടെ എണ്ണം ഒരു വർഷം എത്ര? രണ്ടര കോടി! ഒരു രാത്രിയെങ്കിലും തങ്ങുന്ന സഞ്ചാരികൾ 1.8 കോടി! രണ്ടും ചേരുമ്പോൾ മിനിമം 4.3 കോടി അന്യനാട്ടുകാർ വർഷം നഗരത്തിലെത്തുന്നു. 

നാട്ടുകാർക്ക് സ്വൈരമില്ല. ആംസ്റ്റർഡാമിൽ കോഫി ഷോപ്പുകൾ കണ്ട് കാപ്പി കുടിക്കാമെന്നു കരുതി കേറിയാൽ മെനു വരും– പലതരം ‘മരിഹ്വാന’ ഐറ്റംസിന്റെ  ലിസ്റ്റാണ്. കോഫി ഷോപ്പെന്ന് പേരു മാത്രം. അതു പോരാഞ്ഞ് റോഡിലിറങ്ങി പുകയ്ക്കുന്നവരുമുണ്ട്. റോഡിൽ വച്ച് പുകച്ചാൽ കർശന നടപടിയെടുക്കുമെന്ന് മേയർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മരിഹ്വാനയ്ക്ക് മലയാളമുണ്ടെങ്കിലും ഇതു ‘പൊതി’ഞ്ഞു പറയേണ്ടാണ്.

ആലപ്പുഴയിലെ പോലെ കനാലുകൾ അവിടെയുമുണ്ട്. കനാലുകളുടെ തീരത്താകുന്നു റെഡ്‌ലൈറ്റ് ഏരിയ. അതു വേറൊരു തൊന്തരവ്. ‘കാഴ്ച’ കാണാൻ മാത്രം അതിലേ ലാത്തുന്ന സഞ്ചാരികളുണ്ട്. അത്തരം ‘വായ്നോട്ടം’ കർശനമായി നിയന്ത്രിക്കുകയാണ്. അതിനൊക്കെ വേണ്ടി ‘ആംസ്റ്റർഡാം ടൂറിസം ഇൻ ബാലൻസ്’ എന്ന ഓർഡിനൻസ് ഇറക്കിയിട്ടുണ്ട്.

വെനീസിൽ വേറേ പുകിലുകളാണ്. നഗരം കാണണമെങ്കിൽ സഞ്ചാരികൾ ഡിജിറ്റലായി ബുക്ക് ചെയ്യണം. 10 യൂറോവരെ പ്രവേശന ഫീസുണ്ട്. നിത്യവും സഞ്ചാരികളുടെ പട കാരണം ജീവിതച്ചെലവ് കൂടി, മലിനീകരണമായി. എണ്ണം അമിതമാവുമ്പോൾ നാട്ടുകാർക്കു മാത്രമല്ല സഞ്ചാരികൾക്കു തന്നെ ബോറാണ്. അവിടെയും ക്രൂസ് കപ്പലുകൾ നിരോധിച്ചു.

ഓവർ ടൂറിസം എന്നറിയപ്പെടുന്ന ഈ പ്രശ്നം വേറെയും അനേകം സ്ഥലങ്ങളിലുണ്ട്. കഥ ഗവിയിൽ നടക്കുന്ന സിനിമ ‘ഓർഡിനറി’ എന്ന പേരിൽ  ഇറങ്ങിയതു മുതൽ ഗവിയിലേക്ക് ടെമ്പോയും ബൈക്കും മറ്റുമായി ജനപ്രവാഹമായിരുന്നു. ഒടുവിൽ വനം വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തി. ദിവസം 30 വണ്ടിക്കു മാത്രം ഓൺലൈനായി പെർമിറ്റ്.

അധികമായാൽ അമൃതും ഓക്കാനമാവും.

ഒടുവിലാൻ∙ പുതിയ തൊന്തരവ് പാലക്കാട്ടെ കൊല്ലങ്കോട് എന്ന ഉൾനാടൻ ഗ്രാമത്തിനാണ്. ഇന്ത്യയിലെ ഏറ്റവും മനോഹര ഗ്രാമങ്ങളുടെ ലിസ്റ്റിൽ ആരോ പേര് ഇട്ടതോടെ അങ്ങോട്ടായി പാച്ചിൽ. എന്ത് കാണാനാ? വയലോ? വയലിൽ മദ്യക്കുപ്പികളും തിന്നിട്ട് എറിയുന്ന അലൂമിനിയം ഫോയിൽ പാത്രങ്ങളും...

Content Summary: Business Boom Column by P Kishore 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS