ഒരു തലമുറ മുമ്പ് അച്ഛൻ ഉണ്ടാക്കിയ ആയുർവേദ സോപ്പ് കമ്പനിയാണ്, സോപ്പ് വിറ്റ് കാശ് അക്കാലത്തെ പച്ചനോട്ടുകളായി പെട്ടിയിൽ വീഴുന്നുമുണ്ടായിരുന്നു, എന്നിട്ടും എൻജനീയറായ മകന് ആദ്യം അതു നോക്കി നടത്താൻ താൽപ്പര്യമില്ലായിരുന്നു. പിന്നെ കുറേശെ നടത്തി നോക്കി, വിജയിക്കുന്നെന്നു കണ്ടപ്പോൾ തുടർന്നു. ലോക്കൽ വിപണിയിൽ സോപ്പ് വിൽക്കുന്നില്ല, മുഴുവൻ കയറ്റുമതിയാണ്. ബല്യ വ്യവസായമെന്ന പേര് കേൾപ്പിക്കാതെ പമ്മി ഇരുന്ന് കാര്യം നടത്തുന്നു. അച്ഛനും മകനും 2 തലമുറക്കാലം അതുവച്ച് സുഖമായി കഴിഞ്ഞു...
ഇപ്പോൾ മകന്റെ പ്രായം അറുപതുകളിലെത്തി. വ്യവസായം ഇനി ആരെ ഏൽപ്പിക്കും? ന്യൂജെൻ പയ്യനുള്ളത് വിദേശത്തു പഠിത്തം കഴിഞ്ഞ് അവിടെ കുടിയേറി. ഇനി ഇങ്ങോട്ടില്ല. ചുരുക്കത്തിൽ ആ സോപ്പ് ഫാക്ടറിയുടെ കഥ അവസാനിക്കാൻ പോവുകയാണ്.
ഇത്തരം പ്രശ്നം കേരളത്തിൽ സർവ ബിസിനസുകളിലുമുണ്ട്. ആയിരക്കണക്കിന് കോടി വരുമാനമുള്ള ബിസിനസ് കുടുംബത്തിലെ യുവതലമുറ പോലും കാനഡ, ഓസ്ട്രേലിയ കുടിയേറ്റം നടത്തുന്നു. ഇവിടുത്തെ കാശ് അവിടെ കൊണ്ടു പോയി മില്യണർമാരായി സുഖിക്കാം എന്നാണ് ചിന്ത.
ബിസ്‌ലെരി കുപ്പിവെള്ള ബിസിനസ് നടത്തുന്ന രമേഷ് ചൗഹാനു പോലും ഇതേ പ്രതിസന്ധി വന്നു. വൈസ് ചെയർമാനായ ഏക മകൾ ജയന്തി ബിസിനസ് ഏറ്റെടുക്കുന്നില്ല. ലണ്ടനിൽ താമസവും ഉലകംചുറ്റലും. 7000 കോടിയുടെ ബിസിനസ് സാമ്രാജ്യമാണേ. മകൾക്ക് വേണ്ട പോലും. 82 വയസായി ആരോഗ്യം മോശമായി മനസ് എത്തുന്നിടത്തു ശരീരം എത്തുന്നില്ലെന്നു കണ്ടപ്പോൾ ടാറ്റ ഗ്രൂപ്പിന് ബിസ്‌ലെരി വിൽക്കാൻ ചൗഹാൻ തീരുമാനിച്ചു. മൂപ്പീന്ന് പണ്ട് തംസ് അപ്പും ലിംകയും മറ്റും കോക്കകോള കമ്പനിക്ക് രൊക്കം കാശിനു കൊടുത്തു കൈകഴുകിയ പാരമ്പര്യവുമുണ്ട്.
ചൗഹാൻ 8000 കോടി ചോദിച്ചു, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് 4000 കോടി വില പറഞ്ഞു. ഹിമാലയ ബ്രാൻഡ് കുപ്പിവെള്ളം ടാറ്റ കൺസ്യൂമർ വിൽക്കുന്നതിനാൽ ഇതിന്റെ കച്ചവടം അറിയാം. ഒടുവിൽ 7000 കോടിക്ക് കൈയടിക്കുമെന്ന സ്ഥിതിയിലെത്തിയിട്ട് മൂപ്പീന്ന് വഴുതിക്കളഞ്ഞു. വിലപേശി മടുത്ത ടാറ്റ പിൻമാറി. അതോടെ ജയന്തി പറന്നു വന്ന് ബിസിനസ് ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ചു. ശുഭം...ആകുമോ? കണ്ടറിയണം.
വോൾമാർട്ടിന്റെ വാൾട്ടൻ കുടുംബം ചെയ്യുന്നതാണ് ഇപ്പോ ലോകമാകെ കാണുന്നത്–നേരിട്ട് ഇടപെടലില്ല. സിഇഒ ഉൾപ്പടെ പ്രഫഷനലുകളെ ജോലിക്ക് വച്ച് ടാർഗറ്റ് നിശ്ചയിച്ചു കൊടുക്കും. ബോർഡ് യോഗത്തിനു മാത്രം എത്തും. ബാക്കി സമയം ഉലകം ചുറ്റി കാശ് പൊട്ടിക്കും.
ഒടുവിലാൻ ∙ ലോകത്തിലെ 90% ബിസിനസും ഫാമിലിയാണ്. ഡ്രാമയുണ്ട്. എച്ച്ബിഒയിലെ ‘സക്സഷൻ’ സീരീസ് സൂപ്പർ ഹിറ്റായത് വെറുതെയല്ല.