പുതിയൊരു വട്ടപ്പേര് ഇറങ്ങിയിട്ടുണ്ട്– ഫുട്ബോളോ, ടെന്നിസോ, ബാഡ്മിന്റണോ എന്തോ ആയിക്കോട്ടെ, കണ്ണുതള്ളിക്കുന്ന തകർപ്പനടി അടിച്ചാൽ പേര് വീണു– എഐ. ഇവൻ എഐ തന്നെ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. സ്വന്തം കഴിവിൽ നടക്കുന്നതൊന്നുമല്ല കാണിച്ചു കൂട്ടുന്നത്. വാതോരാതെ സംസാരിക്കുന്ന കത്തികളെ ചാറ്റ് ജിപിടി എന്നും വിളിക്കുന്നുണ്ട്.
നെറ്റിലുള്ള ചില ഫ്ളിക്സുകളിൽ ഏതെങ്കിലും സിനിമ കണ്ടാലുടൻ അത്തരം കുറേ പടങ്ങളുടെ ലിസ്റ്റ് വരും. നിങ്ങളുടെ ടേസ്റ്റ് എന്താണെന്ന് എഐ നിയന്ത്രിക്കുന്ന അൽഗോരിതത്തിനു പിടികിട്ടി. ത്രില്ലർ കണ്ടിട്ട് പിന്നെ വെറും ഫാമിലി പടമോ കോമഡിയോ കണ്ടാലോ, ഹോളിവുഡ് കണ്ടിട്ട് മലയാളമോ, തമിഴോ കണ്ടാലോ എഐക്ക് നമ്മളെ അങ്ങോട്ട് പിടികിട്ടുന്നില്ല. സ്ഥിരതയില്ലാത്ത പിത്തലാട്ടക്കാരൻ എന്ന് എഐ വിചാരിക്കുന്നുണ്ടാവണം.
സകല രാജ്യങ്ങൾക്കും എഐ വികസിപ്പിക്കണമെന്നാണ് ആഗ്രഹം. ഇതൊരു പുതിയ ബസ് ആണെന്നും ഈ ബസ് ‘മിസ്’ ചെയ്യരുതെന്നുമാണ് എല്ലാവരും പറയുന്നത്. കോളനി വാഴ്ച തകർന്ന് സാമ്രാജ്യം പൂജ്യമായ ബ്രിട്ടന്റെ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക് പറയുന്നതും എഐയിൽ നമുക്കൊരു കളി കളിക്കണം ലോകം വെല്ലണം എന്നാണ്. ഇതിൽ ബ്രിട്ടിഷ് ജനജീവിതം മെച്ചപ്പെടുത്താനുള്ള ഭയങ്കര പൊട്ടൻഷ്യൽ ഉണ്ടെന്നാണു പറയുന്നത്. പൊട്ടൻ കളിയാണോ എന്നറിയില്ല.
ബ്രിട്ടനിൽ ‘ഓക്സ്ബ്രിജ്’ പോലുള്ള സർവകലാശാലകളുമുണ്ട്. പക്ഷേ ഇതൊരു ചെറിയ ദ്വീപ് രാജ്യം മാത്രം. അറ്റ്ലാന്റിക് എന്ന വട്ടക്കായലിനപ്പുറം വല്യേട്ടന്റെ വല്യ രാജ്യമുണ്ട്. അവിടെയാണ് ലോകൈക എഐ കമ്പനികളെല്ലാം. ഐബിഎം, മൈക്രോസോഫ്റ്റ്, ഓപ്പൺഎഐ, ഗൂഗിൾ,ആമസോൺ... ഐബിഎമ്മിന്റെ വാട്സൺ എഐയാണ് ഈ വിഷയത്തിൽ ഏറ്റവും മുന്തിയത്.
ഇലോൺ മസ്ക്ക് പോലും സ്വന്തം എഐ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പേര് ഊഹിക്കാമല്ലോ. എന്തും ആശാൻ എക്സ് വച്ചു തുടങ്ങുന്നതാണു ശീലം. എക്സ്എഐ എന്നു തന്നെ പേരിട്ടു. പ്രപഞ്ചത്തിന്റെ യഥാർഥ രൂപം മനസിലാക്കുകയാണ് ഉദ്ദേശ്യമെന്ന് വെബ്സൈറ്റ് പറയുന്നു.
ചാറ്റ്ജിപിടി പോലുള്ള സാങ്കേതിക വിദ്യകൾ കണ്ട് ബാക്കി രാജ്യങ്ങൾ വെള്ളമിറക്കുന്നതേയുള്ളെങ്കിലും എല്ലാവരും ഓട്ടപ്പാച്ചിലിലിലാണ്. മറ്റാരെങ്കിലും മുന്നിൽ കയറി നമ്മുടെ മേൽ ആധിപത്യം സ്ഥാപിച്ചുകളയുമോ എന്നാണു പേടി.
ഇന്ത്യയും മോശല്യ. നമ്മൾ വിട്ട പേടകം ചന്ദ്രനിൽ എവിടെ ഇറങ്ങണമെന്ന് തീരുമാനിക്കുന്നത് അതിലെ എഐ ക്യാമറയാണത്രെ. അധികം കുണ്ടുംകുഴിയും ഇല്ലാത്തിടം നോക്കിയാണ് ഇറങ്ങുക.
ഒടുവിലാൻ∙ എഐ വരുന്നതിനും മുമ്പേ എഞ്ചുവടി എന്ന മൾട്ടിപ്ളിക്കേഷൻ ടേബിൾ ചരമം പ്രാപിച്ചു. പതിനഞ്ചെട്ട് നൂറ്റിഇരുപത് എന്ന് എത്ര പേർക്ക് പറയാനറിയാം? കടകളിൽ ന്യൂജെൻ കാഷ്യർമാർക്ക് 2 ഐറ്റംസിന്റെ വില പോലും മനക്കണക്ക് കൂട്ടാനറിയില്ല.
Content Highlights: Business Boom | Business Boom Column | P Kishore Column